ജിദ്ദ: പ്രവാസികൾ കൂടുതലായി ജോലി ചെയ്യുന്ന കച്ചവട സ്ഥാപനങ്ങളെ കാര്യമായി ബാധിക്കുന്ന നിയമം ഉടൻ പ്രാബല്യത്തിൽ വന്നേക്കുമെന്ന് സൂചന. രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങളുടെ പ്രവൃത്തിസമയം രാത്രി ഒമ്പതു വരെയാക്കി ചുരുക്കുന്നതിനുള്ള തീരുമാനം ഉടൻ പ്രാബല്യത്തിലാകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സൗദി മന്ത്രിസഭക്കു കീഴിലുള്ള ഉന്നത അഥോറിറ്റിയുടെ അവസാന ഘട്ട പരിഗണനയിലാണ് വിഷയമെന്ന് സൗദി തൊഴിൽ മന്ത്രി എൻജിനീയർ ആദിൽ ഫഖീഹ് വ്യക്തമാക്കി.

രാജ്യത്തെ ജനങ്ങളുടെ ജീവിതരീതിയിൽ വലിയ മാറ്റങ്ങളുണ്ടാക്കുന്ന ഈ പരിഷ്‌കരണത്തെ കുറിച്ച് 13 മാസങ്ങൾക്കു മുമ്പാണ് നിർദേശമുയർന്നത്. വാണിജ്യ മന്ത്രാലയം, തൊഴിൽ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, മുനിസിപ്പൽ- ഗ്രാമ മന്ത്രാലയം, മതകാര്യ വകുപ്പ് തുടങ്ങിയ വകുപ്പുകളിൽ നിന്നുള്ള പ്രതിനിധികളടങ്ങളുന്ന സമിതിയുടെ റിപോർട്ടിന്റെ അടിസ്ഥാനത്തിൽ തൊഴിൽ മന്ത്രാലയം ഈ ആവശ്യം മന്ത്രിസഭയ്ക്ക് മുമ്പാകെ ഉന്നയിച്ചിരുന്നു. സൗദി ശൂറ കൗൺസിലും അനുകൂല നിലപാടാണ് സ്വീകരിച്ചത്.

നിയമമനുസരിച്ച് രാവിലെ ആറുമുതൽ രാത്രി ഒൻപതുവരെയാണ് കച്ചവട സ്ഥാപനങ്ങൾ തുറക്കാൻ അനുമതിയുണ്ടാകുക. നിയമം ഔദ്യോഗികമായി പ്രഖ്യാപിച്ചാൽ നടപ്പിൽ വരുത്തുന്നതിനായി ആറുമാസം സമയം അനുവദിക്കും. തീർത്ഥാടന പ്രാധാന്യം കണക്കിലെടുത്തു മക്ക, മദീന എന്നിവിടങ്ങളിൽ നിയമത്തിന് ഇളവുണ്ടാകും. വ്രതമാസമായ റമസാനിലും കച്ചവട സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കുന്ന സമയത്തിൽ മാറ്റമുണ്ടാകും.

സ്വദേശി യുവാക്കളെ സ്വകാര്യ തൊഴിൽ മേഖലയിലേക്കും ചെറുകിട വ്യാപാരരംഗത്തേ ക്കും ആകർഷിക്കുകയാണ് അങ്ങാടി സമയം രാത്രി ഒമ്പതു മണിവരെയാക്കി ചുരുക്കുന്നതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. രാത്രി വൈകിയും ജോലിചെയ്യേണ്ടതിനാൽ സ്വദേശി യുവാക്കളിൽ വലിയൊരു ശതമാനവും വാണിജ്യ സ്ഥാപനങ്ങളിൽ തൊഴിലെടുക്കാൻ വിമുഖത കാണിക്കുന്നു.