റിയാദ്: മുസ്ലിം യാഥാസ്തിക സമൂഹത്തിൽ മുമ്പന്മാരായ സൗദി അറേബ്യ മോഡേണാകുമോ? അങ്ങനെ ഒരു കാലം ചിലപ്പോൾ സൗദിയിലും സംജാതമായേക്കാം, കാരണം സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന്റെ കടിഞ്ഞാണിൽ അയവു വരുത്തുന്ന പുതിയ നിയമ പരിഷ്‌കരണത്തിനൊരുങ്ങുകയാണ് രാജ്യം. പുരുഷന്മാരുടെ പ്രത്യേകിച്ച് ഭർത്താക്കന്മാരുടെയോ വീട്ടിലെ പ്രധാനപ്പെട്ടവരുടെയോ അനുവാദമില്ലാതെ പുറത്തേക്കുള്ള വിദേശ സഞ്ചാരം പാടില്ലെന്ന നിയമം സൗദി എടുത്തു കളയാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്.

45 വയസിൽ താഴെയുള്ള സൗദിയിലെ സ്ത്രീകൾക്ക് തനിയെ സഞ്ചരിക്കുവാൻ പുരുഷന്മാരുടെ അനുവാദമുണ്ടെന്ന തെളിവു കൈയിലുണ്ടാകണമെന്നാണ് നിലവിലുള്ള നിയമം. ഇനിമുതൽ പാസ്‌പോർട്ട് കൈയിലുണ്ടെങ്കിൽ വിദേശസഞ്ചാരത്തിന് മറ്റു തെളിവുകൾ വേണ്ടെന്ന പുതിയ നിയമം കൊണ്ടുവരാനാണ് സൗദി ശ്രമിക്കുന്നതെന്ന് പോസ്‌പോർട്ട് ഓഫീസ് ഡയറക്ടർ ജനറൽ അറിയിച്ചു. സ്ത്രീകൾക്കുവേണ്ടി പ്രത്യേക ഐഡി കാർഡ് പുറത്തിറക്കാനും സൗദി ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

സൗദിയിലെ സ്ത്രീ സഞ്ചാര സ്വാതന്ത്രത്തിനുവേണ്ടി നേരത്തെ തന്നെ ആവശ്യം ഉയർന്നിരുന്നു. പുരുഷാധിപത്യം നിലനിൽക്കുന്ന സൗദി നിയമത്തിൻ കീഴിൽ സ്ത്രീകൾക്ക് സ്വാതന്ത്ര്യം നേടിയെടുക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. സ്ത്രീകൾക്ക് വാഹനം ഓടിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി സൗദിയിൽ നടന്ന സമരം ആഗോള ശ്രദ്ധ നേടിയെടുത്തിരുന്നു. അന്യ
രാജ്യങ്ങളിൽ നിന്നും ഇന്റർ നാഷണൽ ലൈസൻസ് നേടിയെടുത്ത സ്ത്രീകൾ സൗദിയിലെ നഗരങ്ങളിലൂടെ വാഹനം ഓടിച്ചായിരുന്നു പ്രതിഷേധം. ഇത്തരം പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് സഞ്ചാര സ്വാതന്ത്ര്യത്തിനായുള്ള പുതിയ നിയമം സൗദിയിൽ വരുന്നതെന്നത് ശ്രദ്ധേയമാണ്.