റിയാദ്: സൗദി അറേബ്യയിൽ മറ്റു രാജ്യക്കാർക്കു സ്ഥിരതാമസാനുമതി നൽകുന്നതു സജീവ പരിഗണനയിലെന്ന് സൗദി ഉപകിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. അമേരിക്കൻ ആസ്ഥാനമായ ബ്ലൂംബെർഗ് ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇക്കാര്യം പരാമർശിച്ചത്. വിശദാംശങ്ങൾ വ്യക്തമാക്കിയിട്ടില്ലെങ്കിലും യുഎസിലെ ഗ്രീൻകാർഡ് മാതൃകയിലുള്ള സംവിധാനമാണു പരിഗണിക്കുന്നതെന്നാണു സൂചന. വിദ്യാസമ്പന്നരായ പ്രഫഷനലുകളെ സ്ഥിരതാമസാനുമതി വഴി ആകർഷിക്കാനും അതിലൂടെ സൗദിയുടെ സാമ്പത്തിക സ്ഥിതിയിൽ മെച്ചമുണ്ടാക്കാനുമാണ് ശ്രമം.

എണ്ണ വരുമാനം കുറയുന്നതിനാൽ എണ്ണയിതര മേഖലയിൽനിന്നു വരുമാനം കണ്ടെത്താനായി സാമ്പത്തിക വൈവിധ്യവൽക്കരണം സൗദി നടപ്പാക്കും. ഇതിനാടി വിദേശികളുടെ വൈദഗ്ധ്യം ഉപയോഗപ്പെടുത്താനാണ് തീരുമാനം. നിലവിൽ സൗദി അറേബ്യയിൽ ഒരുകോടിയിലേറെ വിദേശികളുണ്ട്. കെട്ടിടനിമാണം ഉൾപ്പെടെയുള്ള മേഖലകളിലായി അവിദഗ്ധ തൊഴിലാളികളാണു വൻതോതിലുള്ളത്. ഇവരിലേറെയും ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവരാണ്. എണ്ണയ്ക്കുള്ള സാധ്യത കുറയുമ്പോൾ പുതിയ വഴികൾ തേടുകയാണ് സൗദി. ഇതിനായാണ് പുതിയ തീരുമാനങ്ങൾ.

സ്വദേശികൾക്കു മതിയായ തൊഴിലവസരങ്ങൾ ഉറപ്പു വരുത്തിക്കൊണ്ടുതന്നെ, നിലവിലെ രീതിയിൽ കൂടുതൽ വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനും അനുവദിച്ചേക്കും. ഓരോ തൊഴിൽദാതാവും നിർദിഷ്ട ക്വോട്ടയിലധികം വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുമ്പോൾ പ്രത്യേക ഫീസ് നൽകണം. സ്ഥിരതാമസാനുമതി, കൂടുതൽ റിക്രൂട്‌മെന്റിന് അനുമതി എന്നിവ വഴി പ്രതിവർഷം 1000 കോടി ഡോളർ വരുമാനം നേടാനാകുമെന്നാണു കണക്കുകൂട്ടൽ. 2020 ആകുന്നതോടെ എണ്ണയിതര വരുമാനം മൂന്നിരട്ടിയാക്കാനാണു സൗദി ലക്ഷ്യമിടുന്നത്.

നിലവിലുള്ള സബ്‌സിഡി സംവിധാനം പുനഃസംഘടിപ്പിക്കും. മൂല്യവർധിത നികുതി, ആഡംബര നികുതി എന്നിവയിലൂടെയും കൂടുതൽ വരുമാനം ലക്ഷ്യമിടുന്നു. മൂല്യവർധിത നികുതി വഴി ആയിരം കോടി ഡോളറും സബ്‌സിഡി പുനഃസംഘടിപ്പിക്കുന്നതിലൂടെ 3000 കോടി ഡോളറും മറ്റു സാമ്പത്തിക പരിഷ്‌കാരങ്ങളിലൂടെ 4000 കോടി ഡോളറും കണ്ടെത്താനാകുമെന്നാണു പ്രതീക്ഷ. ഇത്തരം നടപടികളിലൂടെ 2020 ആകുന്നതോടെ എണ്ണയിതര വരുമാനം പ്രതിവർഷം 10,000 കോടി ഡോളർ ആക്കാനാണ് ലക്ഷ്യമിടുന്നത്. ഈ വർഷം 2500 കോടി ഡോളർ വരുമാനമാണു ലക്ഷ്യമിടുന്നതെന്നു രാജകുമാരൻ അഭിമുഖത്തിൽ വ്യക്തമാക്കി. എണ്ണയിതര വരുമാനത്തിൽ കഴിഞ്ഞ വർഷം 35 % വർധനയുണ്ടായി.

ഇതുയർത്താൻ വിദേശ തൊഴിൽ വൈദഗ്ധ്യം അനിവാര്യമാണ്. ഇതിനായാണ് സൗദി അറേബ്യയിൽ മറ്റു രാജ്യക്കാർക്കു സ്ഥിരതാമസാനുമതി നൽകുന്നത്.