റിയാദ്: സിറിയയും ഇറാനും പിടിക്കുക. അതിന് ശേഷം ഐസിസിന്റെ ലക്ഷ്യം ഗൾഫിലെ മറ്റ് രാജ്യങ്ങളാണ്. തീർച്ചയായും ഭീഷണി സൗദിയും തിരിച്ചറിയുന്നു. യമനിലും മറ്റും നടക്കുന്ന ഭീകരതയുടെ ഇരയാണ് സൗദി. യമനിൽ ശക്തമായ ഇടപെടലുകൾ സൗദി നടത്തുന്നുമുണ്ട്. ഈ സാഹചര്യത്തിൽ കൂടുതൽ കരുതൽ വേണമെന്ന് സൗദി തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ അമേരിക്കൻ പക്ഷത്ത് നിന്ന് ചെറുതായൊന്നു മാറുകയാണ് സൗദി. അമേരിക്കയുടെ തീവ്രവാദ വിരുദ്ധ പോരാട്ടത്തിൽ കള്ളത്തരമുണ്ടെന്ന് സൗദിയും തിരിച്ചറിഞ്ഞെന്നാണ് വിലയിരുത്തൽ. ഗൾഫിലെ എണ്ണപ്പാടങ്ങളിൽ കണ്ണ് വച്ച് അമേരിക്ക നടത്തുന്ന കള്ളക്കളികൾക്ക് ഇനി സൗദിയെ കിട്ടില്ലെന്നാണ് സൂചന. ചൈനയും ഐസിസിനെതിരായ പോരാട്ടത്തിൽ റഷ്യയെ പിന്തുണയ്ക്കാൻ ഒരുങ്ങുകയാണ്.

സിറിയൻ പ്രതിസന്ധി പരിഹരിക്കുന്നതിന് ഒന്നിച്ചു നീങ്ങാനാണ് സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൾ അസീസിന്റേയും റഷ്യൻ പ്രസിഡന്റെ് വ്‌ളാഡിമർ പുടിന്റേയും ആഹ്വാനം. പ്രതിസന്ധി പരിഹരിക്കുന്നതു സംബന്ധിച്ച് ഇരു നേതാക്കളും ഫോണിലൂടെ ചർച്ചനടത്തി. യു.എസ് സ്റ്റേററ് സെക്രട്ടറി ജോൺ കെറിയുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് സൽമാൻ രാജാവ് പുടിനെ ഫോണിൽ ബന്ധപ്പെട്ടത്. സിറിയയിലെ പ്രതിസന്ധി പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഇരു നേതാക്കളും ചർച്ച ചെയ്തതായി റഷ്യൻ പ്രസിഡന്രഷ്യൽ വക്താവ് ദിമിത്രി പെസ്‌കോവ് സൂചിപ്പിച്ചു. സിറിയൻ പ്രശ്‌നപരിഹാരം സംബന്ധിച്ച് വെള്ളിയാഴ്ച ജോൺ കെറിയും റഷ്യ, സൗദി, തുർക്കി വിദേശകാര്യ മന്ത്രിമാരും വിയന്നയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.

കൂടിക്കാഴ്ചയിൽ ഉയർന്ന ആശയങ്ങളെ സംബന്ധിച്ചും പുടിനും സൽമാൻ രാജാവും ചർച്ച നടത്തി. ഫലസ്തീനിലെ സംഭവവികാസങ്ങളും ചർച്ചയിൽ പ്രതിപാദിച്ചു. ഫലസ്തീനിലെ സ്ഥിതിഗതികൾ വഷളാകുന്നതിൽ ഇരു നേതാക്കളും ആശങ്ക പ്രകടിപ്പിച്ചു. ഈ വർഷം അവസാനത്തോടെ സൽമാൻ രാജാവ് റഷ്യ സന്ദർശിച്ചേക്കുമെന്ന സൂചനയും പെസ്‌കോവ് നൽകി. ഇതെല്ലാം അമേരിക്കയുടെ പക്ഷത്ത് നിന്ന് സൗദി പിന്മാറുന്നതിന്റെ സൂചനയാണ്. ഇറാഖ് യുദ്ധത്തിലും മറ്റും അമേരിക്കയ്ക്കും സഖ്യ സേനയ്ക്കും നിർലോഭ പിന്തുണ നൽകിയത് സൗദി അറേബ്യയാണ്. സാമ്പത്തികമായ നല്ല നിലയിലുള്ള ഈ ഗൾഫ രാജ്യത്തിന്റെ പിന്തുണ സിറിയയിലെ ഇടപെടലിന് അനിവാര്യമാണെന്ന് റഷ്യയും തിരിച്ചറിയുന്നു. ഈ സാഹചര്യത്തിലാണ് റഷ്യയുമായുള്ള സഹകരണം.

സിറിയയിൽ ഐസിസിനെ തകർത്ത് റഷ്യൻ സേന മുന്നേറുകയാണ്. സിറയയിൽ അൽ അസദ് ഭരണത്തെ സഹായിക്കാനാണ് ഇത്. അസദിനെതിരെ അമേരിക്ക പിന്തുണയ്ക്കുന്ന വിമതരും പ്രതിഷേധത്തിലാണ്. വിമതരും ഐസിസും ഒരുമിച്ചാണ് നീങ്ങുന്നതും. ഇതാണ് പ്രശ്‌നങ്ങൾക്ക് കാരണം. വിമതരെന്ന വ്യാജേന അമേരിക്ക ഐസിസിനെയാണ് സഹായിക്കുന്നതെന്നാണ് വിലയിരുത്തൽ. ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതിനായി വിമതസൈന്യവുമായി ചർച്ചക്ക് തയാറാണെന്ന് അസദ് അറിയിച്ചതായും റഷ്യ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം സംബന്ധിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറിയുമായി ലാവ്‌റോവ് സംഭാഷണം നടത്തിയിരുന്നു. എന്നാൽ ഇതൊന്നും ഗുണകരമായില്ല. ഈ സാഹചര്യത്തിലാണ് ഐസിസിനെതിരായ പോരാട്ടം രൂക്ഷമാക്കിയത്.

ഐസിസിനെതിരെ സിറിയയിൽ വിമതസൈന്യവുമായും യു.എസുമായും സഹകരിക്കാൻ തയാറാണെന്ന് റഷ്യൻ ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. എന്നാൽ, പ്രസിഡന്റ് അൽ അസദിനെ പിന്തുണക്കുന്ന റഷ്യയുമായി സഹകരിക്കാൻ തയാറല്ലെന്ന് വിമതസൈന്യം വ്യക്തമാക്കി. ഐസിസിനെതിരെ എന്ന വ്യാജേന റഷ്യ കൂടുതലായും ഉന്നംവെക്കുന്നത് വിമതസൈന്യത്തിന്റെ കേന്ദ്രങ്ങളാണെന്നും അവർ ആരോപിച്ചു. ഈ സാഹചര്യത്തിൽ സൗദിയുടെ പിന്തുണ കിട്ടുന്നത് റഷ്യയ്ക്ക് ഏറെ നേട്ടമാണ്.