റിയാദ്: പുണ്യകേന്ദ്രമായ മക്ക ലക്ഷ്യമിട്ടു ഹൂതി വിമതർ തൊടുത്ത മിസൈൽ തകർത്തെന്ന് സൗദി അറേബ്യ അവകാശപ്പെട്ടു. അതേസമയം, മിസൈൽ പ്രയോഗിച്ചെന്നു സ്ഥിരീകരിച്ച വിമതർ ലക്ഷ്യമിട്ടതു ജിദ്ദ വിമാനത്താവളത്തെയാണെന്നും അറിയിച്ചു.

വ്യാഴാഴ്ച പ്രാദേശിക സമയം രാത്രി ഒമ്പതോടെ സാദ പ്രവിശ്യയിൽ നിന്നാണ് മിസൈൽ പ്രയോഗിച്ചതെന്നാണ് സൗദി നേതൃത്വത്തിലുള്ള സഖ്യം പറയുന്നത്. എന്നാൽ സൗദിയുടെ എയർ ഡിഫൻസ് സിസ്റ്റത്തിന് ലക്ഷ്യസ്ഥാനത്തിന് 65കിലോമീറ്റർ അകലെവച്ച് മിസൈലിനെ തകർക്കാൻ കഴിഞ്ഞെന്നും സൗദി അവകാശപ്പെട്ടു.

കേടുപാടുകളുണ്ടാക്കാൻ മിസൈലിനു കഴിഞ്ഞിട്ടില്ലെന്നും സൗദി അധികൃതർ അറിയിച്ചു. ഇറാന്റെ സഹായത്തോടെയാണ് വിമതർ സൗദിക്കെതിരെ നൂതന സാങ്കേതിക വിദ്യകൾ പ്രയോഗിക്കുന്നതെന്നാണ് സൗദി പ്രതിരോധ വക്താവ് മേജർ ജനറൽ അഹമ്മദ് അസീരി ആരോപിച്ചത്. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആണു മക്കയ്ക്കു നേരെ പ്രയോഗിച്ചത്. ഹൂതികൾക്കെതിരെ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും അസീരി പറഞ്ഞു.

ഇതിനിടെയാണ് മിസൈൽ പ്രയോഗിച്ചതായി ഹൂതി വിമതരും സ്ഥിരീകരിച്ചത്. എന്നാൽ മിസൈൽ ലക്ഷ്യമിട്ടത് മക്കയെ അല്ലെന്നും ജിദ്ദയിലെ വിമാനത്താവളത്തെയായിരുന്നെന്നും വിമതർ പറഞ്ഞു. ബാലിസ്റ്റിക് മിസൈലായ ബുർകാൻ 1 ആണ് സൗദി അറേബ്യയിലേക്കു വിട്ടതെന്ന് ഹൂതി വിമതർ സ്ഥിരീകരിച്ചു. തിരക്കേറിയ വിമാനത്താവളമാണു ജിദ്ദ. ശ്രമം പരാജയപ്പെടുത്തിയിരുന്നെങ്കിൽ വൻദുരന്തം ഉണ്ടാകുമായിരുന്നു. അറബ് സഖ്യസേനയുടെ ജാഗ്രതയാണു വൻദുരന്തം ഒഴിവാക്കിയത്.

യമനിലെ ഹൂതികൾക്കെതിരെ സൗദിയുടെ നേതൃത്വത്തിൽ അറബ് സഖ്യ സേന ആക്രമണം നടത്തുന്നുണ്ട്. ഇതിന്റെ പ്രതികാരമെന്ന നിലയിലായിരുന്നു മിസൈൽ ആക്രമണം.