ജിദ്ദ: സന്ദർശക വിസയിൽ സൗദിയിലെത്തുന്ന ഒരാൾക്ക് 16 ലക്ഷം റിയാൽ (ഏതാണ്ട് 2.7 കോടി രൂപ) വരെയുള്ള ചികിത്സാ സൗജന്യം അനുവദിക്കുന്ന സമ്പൂർണ്ണ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി സൗദി അറേബ്യയിൽ ഉടൻ തുടങ്ങും.

വിസിറ്റ് വിസക്കാർക്ക് ആരോഗ്യ ഇൻഷ്വറൻസ് ഏർപ്പെടുത്തുന്നതിനുള്ള നടപടി അന്തിമഘട്ടത്തിലാണെന്ന് സൗദി ആരോഗ്യ ഇൻഷ്വറൻസ് കൗൺസിൽ സെക്രട്ടറി ജനറൽ മുഹമ്മദ് ബിൻ സുലൈമാൻ അൽ ഹുസയ്ൻ അറിയിച്ചു. അപകടങ്ങളിൽപ്പെടുന്നവരെയും മറ്റു രോഗികളെയും ആവശ്യമെങ്കിൽ വിമാനത്തിൽ മാതൃരാജ്യത്ത് എത്തിക്കും. മരണമടയുന്നവരുടെ മൃതദേഹങ്ങൾ മാതൃരാജ്യത്ത് എത്തിക്കൽ എന്നിവയ്ക്കുള്ള ചെലവും ഇൻഷ്വറൻസ് കമ്പനികൾ വഹിക്കും.

ചികിത്സ ആവശ്യത്തിനു വേണ്ടിയല്ല സൗദിയിലേക്ക് സന്ദർശനത്തിനു പുറപ്പെടുന്നതെന്ന് വിസ അപേക്ഷയോടൊപ്പം സത്യവാങ്മൂലം നൽകണം. സന്ദർശന വിസയ്ക്ക് അപേക്ഷിക്കുമ്പോൾ തന്നെ രോഗവിവരങ്ങൾ കൂടി വ്യക്തമാക്കിയിരിക്കണമെന്ന് നിയമത്തിൽ സൂചിപ്പിക്കുന്നു. വിദേശങ്ങളിൽ വിസ സ്റ്റാമ്പ് ചെയ്യുമ്പോൾ 100 റിയാൽ മുതൽ 150 റിയാൽ വരെ തുക നൽകി ഇൻഷ്വറൻസ് പോളിസിയെടുക്കണം. സൗദിയിലെ അംഗീകൃത ഇൻഷ്വറൻസ് കമ്പനികളിൽ നിന്ന് ഓൺലൈൻ മുഖേനയാണ് സന്ദർശന വിസയിൽ എത്തുന്നവർ ആരോഗ്യ ഇൻഷ്വറൻസ് എടുക്കേണ്ടത്.

ട്രാവൽ ഏജൻസികൾ വഴി വിസ സ്റ്റാമ്പിങ്ങിന് അയയ്ക്കുമ്പോൾ ഇനി മുതൽ ഇൻഷ്വറൻസ് തുക കൂടി നൽകേണ്ടി വരും. സൗദിയിലേക്ക് സന്ദർശന വിസ ലഭിച്ചതിനുശേഷം യാത്ര റദ്ദാക്കേണ്ടി വരുന്നവർക്ക് ആരോഗ്യ ഇൻഷ്വറൻസ് റദ്ദാക്കി പ്രീമിയം തുക മടക്കി നൽകും. സൗദിയിലെത്തിയ ശേഷം ഇൻഷ്വറൻസ് പോളിസി റദ്ദാക്കാൻ കഴിയില്ല.