സൗദി അറേബ്യയിൽ സർക്കാർ നൽകി വരുന്ന നിരവധി സബ്‌സിഡികൾ അടുത്ത ആഴ്ച നടക്കുന്ന പുതിയ പ്രഖ്യാപനത്തോടെ ഇല്ലാതാകുമെന്ന് റിപ്പോർട്ട്. പകരം അർഹരായവർക്ക് സബ്‌സിഡി തുക പണമായി നല്കാനും അധികൃതർ പദ്ധതിയിടുന്നുണ്ട്. ജനുവരിൽ വർധിപ്പിച്ച വെള്ളത്തിന്റെ പുതിയ താരിഫ് പുനപരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എണ്ണ ഇതര മേഖലയിൽ നിന്ന് വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിവിധ മേഖലകളിലെ സബ്‌സിഡികൾ ഒഴിവാക്കാൻ സൗദി ഭരണകൂടം തീരുമാനിച്ചത്. ജീവിത ചെലവിലുണ്ടാകുന്ന വർധനവ് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് അർഹരായവർക്ക് സബ്‌സഡി പണമായി നൽകാൻ ആലോചിക്കുന്നത്. ഇത് സംബന്ധിച്ച തീരുമാനങ്ങൾ ഉടൻ ഉണ്ടാകും.

സേവനങ്ങൾക്കും ഉത്പന്നങ്ങൾക്കുമുള്ള സബ്‌സിഡി കുറക്കുന്നത് പൗരന്മാരെ ഗുരുതരമായി ബാധിക്കാതെ സർക്കാർ ഇടപെടൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കറഞ്ഞ വരുമാനക്കാരെയും ഇടത്തരം വരുമാനക്കാരെയും സർക്കാർ പരിഗണിക്കും. ഇവരുടെ ജീവതത്തിൽ പ്രയാസമുണ്ടാകുന്ന ഒരു നടപടിയും കൈക്കൊള്ളില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ ഇത്തരം ആനുകൂല്യങ്ങളുടെ നല്ലൊരു ശതമാനവും പ്രയോജനപ്പെടുത്തുന്നത് ഉയർന്ന വരുമാനക്കാരാണ്. നിയന്ത്രത്തിലൂടെ ചെലവ് കുറച്ചും ധൂർത്ത് ഒഴിവാക്കിയും വരുമാനം വർധിപ്പിക്കാനാണ് തീരുമാനം. രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ലക്ഷ്യ വച്ച് ബഹുമുഖ പദ്ധതികളാണ് സർക്കാർ ആവിഷ്‌കരിക്കുന്നത്.

തിങ്കളാഴ്ചത്തെ അടുത്ത മന്ത്രിസഭാ യോഗത്തിൽ ഇതു സംബന്ധിച്ച പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് അമീർ മുഹമ്മദ് ബിൻ സൽമാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഊർജ്ജ രംഗം ഉൽപ്പെടെ എല്ലാ മേഖലകളെയും സമഗ്രമായി ഉൾപ്പെടുത്തിയുള്ള പ്രഖ്യാപനമാണ് ഉണ്ടാവുകയെന്ന് അറിയുന്നു. അതേ സമയം ജനുവരി ആദ്യം പരിഷ്‌കരിച്ച ജല നിരക്ക് പുനപരിശോധിക്കുമെന്നും മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു.