ദുബായ്: ഭീകരർക്ക് സഹായം നൽകുന്നുവെന്ന് ആരോപിച്ച് ഖത്തറുമായുള്ള നയതന്ത്രബന്ധം സൗദി അറേബ്യയടക്കമുള്ള നാലു രാജ്യങ്ങൾ അവസാനിപ്പിച്ചു. സൗദിക്കുപുറമെ യുഎഇ, ബഹ്റൈൻ, ഈജിപ്ത് എന്നിവരാണ് ബന്ധം ഉപേക്ഷിച്ചത്. ഖത്തറിലെ എംബസികളടച്ച രാജ്യങ്ങൾ, തങ്ങളുടെ ജീവനക്കാരെ ഇവിടെനിന്നു പിൻവലിക്കുമെന്നും വ്യക്തമാക്കി. ഗൾഫ് മേഖലയിലെ സുരക്ഷ ഖത്തർ അസ്ഥിരമാക്കിയെന്ന് യുഎഇ പറഞ്ഞു. യെമനിൽ പോരാട്ടം നടത്തുന്ന സഖ്യസേനയിൽനിന്ന് ഖത്തറിനെ ഒഴിവാക്കിയതായി സൗദിയും വ്യക്തമാക്കി.

ഖത്തറിലേക്കുള്ള വ്യോമ നാവിക ഗതാഗതസംവിധാനങ്ങൾ അവസാനിപ്പിക്കുകയാണെന്നും നാലു രാജ്യങ്ങളും പറഞ്ഞു. ഗതാഗതം അവസാനിപ്പിക്കുന്നത് ഖത്തർ എയർവെയ്സ് സർവീസിനെയും ഗുരുതരമായി ബാധിക്കും. അതേസമയം, ഇക്കാര്യത്തിൽ ഖത്തറിന്റെ പ്രതികരണം ഇതുവരെയും എത്തിയിട്ടില്ല. ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചെന്നും അവരുമായുള്ള വ്യോമ, നാവിക ബന്ധങ്ങൾ റദ്ദാക്കിയെന്നും ബഹ്റൈൻ ഇന്ന് രാവിലെ പ്രഖ്യാപിച്ചു. ഖത്തർ പൗരന്മാർക്ക് രാജ്യം വിട്ട് പോകാൻ 14 ദിവസം നൽകിയതായും ബഹ്റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

ഖത്തർ ഭീകരവാദത്തെ സഹായിക്കുന്നുവെന്നും ബഹ്റൈനിൽ ആഭ്യന്തര ഇടപെടൽ നടത്തിയെന്നും ആരോപിച്ചാണ് നടപടി. ബഹ്റൈന് പിന്നാലെ സൗദി അറേബ്യയും ഖത്തറുമായുള്ള എല്ലാ ബന്ധവും വിച്ഛേദിച്ചെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. യെമനിൽ ഹൂദി വിമതർക്കെതിരെ സൗദിയുടെ നേതൃത്വത്തിൽ നടത്തുന്ന സൈനിക നടപടികളിൽ നിന്ന് ഖത്തറിനെ ഒഴിവാക്കി. അൽ-ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് എന്നിയടക്കമുള്ള തീവ്രവാദ ഗ്രൂപ്പുകളെ ഖത്തർ പിന്തുണക്കുന്നുവെന്നാണ് ഗൾഫ് രാജ്യങ്ങൾ ആരോപിക്കുന്നത്.

കൂടാതെ ഈജിപ്തും യുഎഇയും ഖത്തറുമായുള്ള നയതന്ത്ര ബന്ധം ഉപേക്ഷിക്കുന്നതായി പ്രസ്താവനകളിറക്കിയിട്ടുണ്ട്. എമിറേറ്റ്‌സിലുള്ള ഖത്തർ പൗരന്മാർക്ക് രാജ്യം വിട്ട് പോകാൻ 48 മണിക്കൂർ സമയം അനുവദിച്ചു. കൂടാതെ ഈജിപ്തും യുഎഇയും ഖത്തറുമായുള്ള നയതന്ത്ര ബന്ധം ഉപേക്ഷിക്കുന്നതായി പ്രസ്താവനകളിറക്കിയിട്ടുണ്ട്. എമിറേറ്റ്സിലുള്ള ഖത്തർ പൗരന്മാർക്ക് രാജ്യം വിട്ട് പോകാൻ 48 മണിക്കൂർ സമയം അനുവദിച്ചു. അതേ സമയം മറ്റു ജിസിസി രാജ്യങ്ങളായ ഒമാൻ, കുവൈത്ത് എന്നിവർ നിലപാട് വ്യക്തമാക്കിയിട്ടില്ല.

2022ലെ ലോകകപ്പിന് വേദിയായി തിരഞ്ഞെടുത്തിരിക്കുന്നത് ഖത്തറിനെയാണ്. അതുകൊണ്ട് തന്നെ ലോകകപ്പിനായി മുന്നൊരുക്കങ്ങളെയും ബാധിക്കും. അതേസമയം നയതന്ത്രബന്ധങ്ങളെ വിച്ഛേദിച്ചത് മലയാളികളെ ബാധിക്കുമോ എന്ന ആശങ്കയും ശക്തമാണ്. പ്രത്യക്ഷത്തിൽ ബാധിക്കില്ലെന്നാണ് വിലയിരുത്തലെങ്കിലും തൊഴിലവസരങ്ങളെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ഖത്തറിൽ ജോലി ചെയ്യുന്നത്.