ജിദ്ദ: ഹ്രസ്വ സന്ദര്‍ശനാര്‍ഥം ജിദ്ദയിലെത്തിയ പണ്ഡിതനും എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനും 'ആടുജീവിതം' സിനിമയുടെ ലാംഗ്വേഒ് കണ്‍സല്‍ട്ടന്റും 'ഗള്‍ഫ് മാധ്യമം, മീഡിയവണ്‍' മുന്‍ ജിദ്ദ ബ്യൂറോ ഹെഡുമായിരുന്ന മൂസക്കുട്ടി വെട്ടിക്കാട്ടിരിക്ക് ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം സ്വീകരണം നല്‍കി. ജീവിതത്തിലെ അപൂര്‍വമായ, അത്യന്തം ആഹ്‌ളാദഭരിതവും ആകാംക്ഷ നിറഞ്ഞതുമായിരുന്നു 'ആടുജീവിതം' സിനിമയുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ജനങ്ങളെ ആഴത്തില്‍ വൈകാരികമായി സ്വാധീനിക്കാന്‍ കഴിയുന്ന ഒരു മാധ്യമമെന്ന നിലയില്‍, സിനിമയെ ഉപയോഗപ്പെടുത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.ആടുജീവിതം' സിനിമയുടെ പ്രവര്‍ത്തനവുമായി ബ്‌ളെസി, പൃഥിരാജ് തുടങ്ങിയ പ്രമുഖരുമായി ബന്ധപ്പെടാന്‍ സാധിച്ചതും ജോര്‍ദാന്‍, അള്‍ജീരിയ ഉള്‍പ്പടെയുള്ള രാജ്യങ്ങളും സിനിമ സൈറ്റുകളും സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചതും അവിസ്മരണീയമായ ഓര്‍മ്മകളാണെന്ന് മൂസക്കുട്ടി പറഞ്ഞു. സിനിമയുടെ ഷൂട്ടിങ്ങ് വിശേഷങ്ങള്‍ അദ്ദേഹം സദസ്സുമായി പങ്കുവെച്ചു. ചടങ്ങില്‍ ഇബ്രാഹീം ശംനാട് അധ്യക്ഷത വഹിച്ചു. ജലീല്‍ കണ്ണമംഗലം, ജാഫറലി പാലക്കോട്, ഗഫൂര്‍ കൊണ്ടോട്ടി തുടങ്ങിയവര്‍ സംസാരിച്ചു. പി.കെ സിറാജ് സ്വാഗതവും സാദിഖലി തുവ്വൂര്‍ നന്ദിയും പറഞ്ഞു.