ദമ്മാം: സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നാല് പ്രമുഖ വ്യക്തിത്വങ്ങളെയും ഒരു കൂട്ടായ്മയെയും, ഡിസംബര്‍ 6 ന് നടക്കുന്ന 'നവയുഗസന്ധ്യ-2024' ന്റെ വേദിയില്‍ വെച്ച് ആദരിയ്ക്കുമെന്ന് , നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി അറിയിച്ചു.

സൗമ്യ വിനോദ് (കലാരംഗം), ബോബന്‍ തോമസ് (വ്യവസായം), ജലീല്‍ കല്ലമ്പലം (സാമൂഹ്യസേവനം), കെ വെങ്കിടേശന്‍ (ജീവകാരുണ്യം), കേരള ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്‌ളബ്ബ് (കായികം) എന്നിവരെയാണ് നവയുഗം ആദരിയ്ക്കുന്നത്.

കഴിഞ്ഞ 17 വര്‍ഷമായി ദമ്മാമില്‍ ദേവിക കലാക്ഷേത്ര എന്ന നൃത്തവിദ്യാലയം നടത്തുന്ന പ്രശസ്ത നര്‍ത്തകിയായ ശ്രീമതി സൗമ്യ വിനോദ്, പ്രവാസലോകത്തെ ആയിരത്തിലധികം വിദ്യാര്‍ത്ഥികളെ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, കേരളനടനം എന്നീ കലാരൂപങ്ങള്‍ പഠിപ്പിച്ച അധ്യാപികയുമാണ്. സൗദി അറേബ്യയില്‍ അങ്ങോളമിങ്ങോളം അഞ്ഞൂറിലധികം വേദികളില്‍ ടീച്ചറുടെ കുട്ടികള്‍ നൃത്തപ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്.

സൗദി അറേബ്യയിലും, ഇന്ത്യയിലും, അമേരിക്കയിലും, ബഹ്‌റൈനിലുമായി ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖലയില്‍ പ്രവര്‍ത്തിയ്ക്കുന്ന പ്രമുഖ കമ്പനിയായ ബോബ്‌സ്‌കോ കമ്പനിയുടെ ചെയര്‍മാനും മാനേജിങ് ഡറക്ടറുമായ ബോബന്‍ തോമസ്, സാമൂഹ്യപ്രതിബന്ധതയുള്ള വ്യവസായി എന്ന നിലയില്‍ പ്രവാസലോകത്തു വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ 2017ലെ സ്വച്ഛ്ഭാരത് പരിസ്ഥിതി പുരസ്‌ക്കാരം, ജോബ് ഫെയര്‍ എംപ്ലോയര്‍സ് അവാര്‍ഡ് എന്നിവ അടക്കം ഒട്ടേറെ അവാര്‍ഡുകള്‍ നേടിയിട്ടുള്ള അദ്ദേഹം, വ്യവസായത്തോടൊപ്പം സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളെയും മുന്നോട്ടു കൊണ്ട് പോകുന്ന മാതൃക വ്യക്തിത്വമാണ്.

കഴിഞ്ഞ 30 വര്‍ഷമായി കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഹസ്സ കേന്ദ്രീകരിച്ച് പ്രവാസി ക്ഷേമത്തിനായി പ്രവര്‍ത്തിയ്ക്കുന്ന ജീവകാരുണ്യപ്രവര്‍ത്തകനാണ് ജലീല്‍ കല്ലമ്പലം. പലപ്പോഴും അല്‍ ഹസ്സ കേന്ദ്രീകരിച്ച് നവയുഗം നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിട്ടുള്ള ജലീല്‍ കല്ലമ്പലത്തെ, മാനുഷിക മൂല്യങ്ങളില്‍ അധിഷ്ഠിതമായ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് നവയുഗം ആദരിക്കുന്നു.

സൗദിയുടെ കിഴക്കന്‍ പ്രവിശ്യയുടെ കായിക മേഖലയില്‍ സൂര്യശോഭയോടെ ഉയര്‍ന്നു നില്‍ക്കുന്ന പേരാണ് കേരള ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് (KASC). പ്രവാസലോകത്തെ കായികപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിയ്ക്കുന്ന KASC, ഇപ്പോള്‍ സില്‍വര്‍ ജൂബിലിയുടെ നിറവിലാണ്. പ്രവാസികളുടെ കായികപ്രവര്‍ത്തനങ്ങള്‍ക്ക് തണലൊരുക്കി, കായിക മേഖലക്ക് നല്‍കിയ സമഗ്ര സംഭാവന മുന്‍നിര്‍ത്തി നവയുഗം KASC നെ ആദരിക്കുന്നു

തമിഴ്നാട് നാഗപട്ടണം സ്വദേശിയായ കലിയപെരുമാള്‍ വെങ്കിടേശന്‍ എന്ന കെ.വെങ്കിടേശന്‍ സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ പ്രശസ്തനായ ജീവകാരുണ്യപ്രവര്‍ത്തകനാണ്. സൗദി അധികാരികളുമായും, പ്രവാസി സംഘടനകളുമായുള്ള ബന്ധം ഉപയോഗപ്പെടുത്തി, വിസ, തൊഴില്‍, നിയമ കുരുക്കുകളില്‍പ്പെട്ട നൂറുകണക്കിന് ഇന്ത്യക്കാരെ നിയമപോരാട്ടത്തിലൂടെ രക്ഷപ്പെടുത്തി നാട്ടിലയയ്ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും പിന്തുണ നല്‍കിയ മനുഷ്യസ്‌നേഹിയാണ് അദ്ദേഹം. കഴിഞ്ഞ 32 വര്‍ഷത്തിലധികമായി സൗദി പ്രവാസിയായ അദ്ദേഹം ജീവകാരുണ്യമേഖലയില്‍ നടത്തിയ നിസ്വാര്‍ത്ഥ സേവനങ്ങള്‍ പ്രത്യേകം അഭിനന്ദനങ്ങള്‍ അര്‍ഹിയ്ക്കുന്നു.

ഡിസംബര്‍ ആറിന് ദമ്മാമില്‍ നടക്കുന്ന നവയുഗസന്ധ്യ-2024 ന്റെ വേദിയില്‍ വെച്ച്, സി.പി.ഐ സംസ്ഥാന സെക്രട്ടറിയും, മുന്‍മന്ത്രിയുമായ ബിനോയ് വിശ്വവും, സിപിഐ ദേശീയ കൗണ്‍സില്‍ അംഗവും, മുന്‍ എം.എല്‍.എ യുമായ സത്യന്‍ മൊകേരിയും ചേര്‍ന്ന്, നവയുഗത്തിന്റെ ആദരവ് സമ്മാനിയ്ക്കുമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പത്രക്കുറിപ്പിലൂടെ അറിയിച്ചു.