- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നന്മ ഹ്യൂമാനിറ്റി ഐക്കണ്‍ പുരസ്‌കാരം റഹ്മത്ത് അഷ്റഫിന്

റിയാദ്: നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മയുടെ ഈ വര്‍ഷത്തെ ഹ്യൂമാനിറ്റി ഐക്കണ്‍ പുരസ്‌കാരത്തിന് പ്രവാസി സംരഭകയും ജീവകാരുണ്യ പ്രവര്‍ത്തകയുമായ ശ്രീമതി റഹ്മത്ത് അഷ്റഫ് വെള്ളപ്പാടത്തിനെ തെരഞ്ഞെടുത്തു. പ്രവാസ ലോകത്തെ മികച്ച ജീവകാരുണ്യ സാമൂഹിക സേവനങ്ങള്‍ക്ക് നന്മ നല്‍കി വരുന്നതാണ് ഈ ആദരവ്.
കോവിഡ് കാലത്തും തുടര്‍ന്നും നടത്തി വരുന്ന വിവിധ സേവന പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തതെന്ന് നന്മ ഭാരവാഹികള്‍ അറിയിച്ചു.
ഇപ്പോള്‍ റിയാദ് കെ.എം.സി.സി വനിതാ വിംഗ് പ്രസിഡന്റായി പ്രവര്‍ത്തിച്ച് വരികയാണ് റഹ്മത്ത് അഷ്‌റഫ്. പ്രമുഖ സാമൂഹിക പ്രവര്‍ത്തകരായ അഷ്റഫ് താമരശ്ശേരിയും സിദ്ധീഖ് തുവ്വൂരും മുന്‍ വര്‍ഷങ്ങളില്‍ പുരസ്‌കാരത്തിന് അര്‍ഹരായിട്ടുണ്ട്.
സാമൂഹ്യ പ്രതിബദ്ധതയുള്ള സംരഭകര്‍ക്കായി പുതിയതായി ഏര്‍പ്പെടുത്തിയ നന്മ ബിസിനസ്സ് ഐക്കണ്‍ പുരസ്‌കാരം മുനീര്‍ കണ്ണങ്കരയ്ക്ക് നല്‍കുന്നതാണ്. കൂട്ടായ്മയുടെ ഭാഗമായി വിവിധ പ്രവര്‍ത്തനങ്ങളില്‍ നല്‍കുന്ന പിന്തുണയോടൊപ്പം ബിസിനസ്സ് രംഗത്ത് പുലര്‍ത്തുന്ന മികവ് കണക്കിലെടുത്താണ് മുനീറിനെ അവാര്‍ഡിനായി പരിഗണിച്ചത്.
നന്മോത്സവം 2026 എന്ന പേരില്‍ ഫെബ്രുവരി ആറിന് നടക്കുന്ന നന്മയുടെ ആറാം വാര്‍ഷികാഘോഷ ചടങ്ങില്‍ വെച്ച് പുരസ്‌കാരം കൈമാറും. റിയാദ് ഷോല മാള്‍ അല്‍വഫ അട്രിയത്തില്‍ നടക്കുന്ന ആഘോഷപരിപാടികളില്‍ സോഷ്യല്‍ മീഡിയ അനലിസ്റ്റും പ്രഭാഷകനുമായ ഡോ. അനില്‍ മുഹമ്മദ് മുഖ്യാതിഥിയായിരിക്കും.
കൂടാതെ, കലോത്സവ പ്രതിഭയായ അസിന്‍ വെള്ളില, പട്ടുറുമാല്‍ സീസണ്‍ 12 ടൈറ്റില്‍ വിന്നറും ഫ്‌ലവര്‍സ് ടോപ്പ് സിംഗര്‍ ഫൈനലിസ്റ്റുമായ അസ്‌ന നിസ്സാം, ശിവഗിരി മഹാസമ്മേളനത്തില്‍ ദൈവദശകം ആലപിച്ച് പ്രശസ്തയായ അഷ്ഫിയ അന്‍വര്‍ തുടങ്ങിയവര്‍ ആഘോഷരാവിനെ ധന്യമാക്കും.
വാര്‍ഷിക ആഘോഷങ്ങള്‍ക്ക് സുലൈമാനിയ പ്രിന്‍സ് സുല്‍ത്താന്‍ കാര്‍ഡിയാക്ക് സെന്ററില്‍ ജനുവരി 30 വെള്ളിയാഴ്ച രാവിലെ 7 മണി മുതല്‍ സംഘടിപ്പിച്ചിട്ടുള്ള രക്തദാന ക്യാമ്പോടെ തുടക്കമാകും.


