അല്‍ഹസ്സ /കൊല്ലം: പക്ഷാഘാതബാധിതനായി ആശുപത്രിയിലായ പ്രവാസി നവയുഗം സാംസ്‌ക്കാരികവേദിയുടെ സഹായത്തോടെ ചികിത്സ നടത്തുകയും തുടര്‍ചികിത്സയ്ക്കായി നാട്ടിലേയ്ക്ക് മടങ്ങുകയും ചെയ്തു.

കൊല്ലം കിളികൊല്ലൂര്‍ സ്വദേശിയായ മനോജ് ആണ് നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങിയത്. നവയുഗത്തിന്റെ ചികിത്സ സഹായഫണ്ടും മനോജിന് നാട്ടില്‍ ലഭിച്ചു.

നവയുഗം അല്‍ഹസ ഷുഖൈഖ് യൂണിറ്റ് മെമ്പറായ മനോജ് കുമാര്‍, കഴിഞ്ഞ 18 വര്‍ഷമായി വെള്ളം കൊണ്ടുപോകുന്ന ടാങ്കര്‍ ലോറി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ജോലിക്കിടെ സ്‌ട്രോക്ക് വന്നതിനെ തുടര്‍ന്ന് 23 ദിവസം അല്‍ഹസ്സ ബെഞ്ചലവി ഹോസ്പിറ്റലില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

വളരെ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന മനോജിനെ നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകരായ ജലീല്‍ കല്ലമ്പലവും, സിയാദ് പള്ളിമുക്കും ദിവസവും ആശുപത്രിയില്‍ പോയി പരിചരിക്കുകയും, വേണ്ട മനോധൈര്യം നല്‍കി, തിരിച്ച് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തു. കുറച്ച് ദിവസത്തെ ആശുപത്രി ചികിത്സയെ തുടര്‍ന്ന് കുറച്ച് അസുഖം ഭേദപ്പെട്ടെങ്കിലും, ദീര്‍ഘമായ ഒരു തുടര്‍ ചികിത്സ മനോജിന് ആവശ്യമാണ് എന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത് .

അതിനെ തുടര്‍ന്ന് നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകര്‍ മനോജ് ജോലി ചെയ്തിരുന്ന കമ്പനിയുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചകള്‍ നടത്തി. മനോജിനെ ചികിത്സിക്കുന്ന ഡോക്ടറുമായി സംസാരിച്ച് ചികിത്സയുടെ റിപ്പോര്‍ട്ട് നാട്ടില്‍ തുടര്‍ചികിത്സിക്കുന്ന ആശുപത്രിയിലെ ഡോക്ടറുമായി ബന്ധപ്പെട്ട് ചികിത്സ ഉറപ്പുവരുത്തിയാണ് മനോജിനെ നാട്ടില്‍ അയക്കാനുള്ള ജീവകാരുണ്യ പ്രവര്‍ത്തകരുടെ ശ്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. നവയുഗം കേന്ദ്ര കമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം, ജീവകാരുണ്യ പ്രവര്‍ത്തകരായ ഷിബു കുമാര്‍, മണിക്കുട്ടന്‍ എന്നിവരുടെ സഹായത്തോടെ, കമ്പനിയുടെ എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റി, മനോജിനെ നാട്ടില്‍ അയക്കുന്നതിന് ക്രമീകരണങ്ങള്‍ ജലീലും, സിയാദും, ജീവകാരുണ്യ പ്രവര്‍ത്തകനായ വിക്രമന്‍ തിരുവനന്തപുരവും ചേര്‍ന്ന് പൂര്‍ത്തിയാക്കി.

നവയുഗം നോര്‍ക്ക ഹെല്‍പ്പ്‌ഡെസ്‌ക് കണ്‍വീനര്‍ ദാസന്‍ രാഘവന്‍ നോര്‍ക്കയുമായി ബന്ധപ്പെട്ട് എയര്‍പോര്‍ട്ടില്‍ നിന്ന് ആശുപത്രിയിലേക്കുള്ള ആംബുലന്‍സ് സൗകര്യം ഉറപ്പുവരുത്തി. അങ്ങനെ നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരുടെ സാന്നിദ്ധ്യത്തില്‍ ദമ്മാമില്‍ നിന്നും എയര്‍ഇന്ത്യ എക്‌സ്പ്രസില്‍ മനോജ് നാട്ടിലേക്ക് യാത്രയായി. എയര്‍പോര്‍ട്ടില്‍ ഉണ്ടായ സാങ്കേതിക പ്രശ്‌നങ്ങളെല്ലാം ഷാജി മതിലകം ഇടപെട്ട് പൂര്‍ത്തിയാക്കിയാണ് മനോജ് യാത്രയായത്.

നാട്ടിലെത്തി ചികിത്സ തുടങ്ങിയ മനോജിന്റെ തുടര്‍ചികില്‍സക്കായി നവയുഗം അല്‍ഹസ്സ ശുഖൈഖ് യൂണീറ്റ് സ്വരൂപിച്ച ചികിത്സാ സഹായം നവയുഗം അല്‍ഹസ മേഖലാ കമ്മറ്റി സെക്രട്ടറി ഉണ്ണി മാധവവും, കേന്ദ്ര കമ്മറ്റി വൈസ് പ്രസിഡന്റ് ലത്തീഫ് മൈനാഗപ്പള്ളിയും ചേര്‍ന്ന് നാട്ടിലെത്തിച്ച് മനോജിന് കൈമാറി.