- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവയുഗം കാനം രാജേന്ദ്രന്‍ പുരസ്‌ക്കാരം ബിനോയ് വിശ്വത്തിന്
ദമ്മാം: നവയുഗം സാംസ്‌ക്കാരികവേദിയുടെ സാമൂഹ്യപ്രതിബദ്ധതയ്ക്കുള്ള 2024 ലെ 'കാനം രാജേന്ദ്രന്‍ സ്മാരക പുരസ്‌ക്കാര'ത്തിന് കേരളരാഷ്ട്രീയത്തിലെ മാതൃകവ്യക്തിത്വവും, സിപിഐ സംസ്ഥാന സെക്രട്ടറിയും, മുന്‍ മന്ത്രിയുമായ ശ്രീ ബിനോയ് വിശ്വത്തിനെ തെരഞ്ഞെടുത്തു.
നവയുഗം സാംസ്‌കാരികവേദി എല്ലാവര്‍ഷവും നല്‍കി വരുന്ന അവാര്‍ഡിന്, ഇത്തവണ പരേതനായ ശ്രീ കാനം രാജേന്ദ്രന്റെ പേര് നല്‍കാന്‍ നവയുഗം കേന്ദ്രകമ്മിറ്റി തീരുമാനിയ്ക്കുകയായിരുന്നു.
കഴിഞ്ഞ നാലര പതിറ്റാണ്ടിലധികമായി പൊതുപ്രവര്‍ത്തനരംഗത്തും, കേരളരാഷ്ട്രീയത്തിലും, സാമൂഹ്യ, സാംസ്‌ക്കാരിക, പരിസ്ഥിതി രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ബിനോയ് വിശ്വത്തെ ഈ അവാര്‍ഡിന് നവയുഗം കേന്ദ്രകമ്മിറ്റി തെരഞ്ഞെടുക്കുകയായിരുന്നു.
മുന്‍ വൈക്കം എം.എല്‍.എയും കമ്മ്യൂണിസ്റ്റ് നേതാവുമായ സി.കെ. വിശ്വനാഥന്‍, സി.കെ ഓമന എന്നിവരുടെ മകനായി 1955 നവംബര്‍ 25-ന് കോട്ടയം ജില്ലയിലെ വൈക്കത്ത് ജനിച്ച ശ്രീ ബിനോയ് വിശ്വം, വൈക്കം ഗവ. ബോയ്‌സ് ഹൈസ്‌കൂളിലെ എ.ഐ.എസ്.എഫ് സെക്രട്ടറിയായി രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി. എ.ഐ.എസ്.എഫ് സംസ്ഥാനപ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ്, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി, വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ഡെമോക്രാറ്റിക് യൂത്തിന്റെ (WFDY) വൈസ് പ്രസിഡന്റ് തുടങ്ങി ഒട്ടേറെ പദവികളില്‍ പ്രവര്‍ത്തിച്ചു. എം.എ, എല്‍.എല്‍.ബി പരീക്ഷകളില്‍ മികച്ച വിജയം നേടിയ അദ്ദേഹം, 2001, 2006 നിയമസഭാതെരഞ്ഞെടുപ്പുകളില്‍ കോഴിക്കോട് ജില്ലയിലെ നാദാപുരത്തുനിന്നും നിന്നും രണ്ടുതവണ തുടര്‍ച്ചയായി മത്സരിച്ചു വിജയിക്കുകയും, 2006-2011 കാലയളവിലെ വി.എസ്. അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ വനം വകുപ്പ് മന്ത്രിയായി മികച്ച പ്രവര്‍ത്തനം നടത്തുകയും ചെയ്തു. 2018 മുതല്‍ 2024 വരെ കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പരിസ്ഥിതി പ്രവര്‍ത്തകനും, ഗ്രന്ഥകാരനും, പത്രപ്രവര്‍ത്തകനുമായ അദ്ദേഹം ആനുകാലികങ്ങളിലൂടെ നിരവധി ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ശക്തമായ ഇടതുപക്ഷബോധം ഉയര്‍ത്തിപ്പിടിച്ചു, സാമൂഹ്യ,സാംസ്‌ക്കാരിക, രാഷ്ട്രീയ മണ്ഡലങ്ങളില്‍ അദ്ദേഹം പുലര്‍ത്തിയ നിസ്വാര്‍ത്ഥതയും, കളങ്കമില്ലാത്ത പൊതുജീവിതവും, സത്യസന്ധതയും, ജനപക്ഷ ആദര്‍ശങ്ങളും ഓരോ പൊതുപ്രവര്‍ത്തകനും മാതൃകയാണ് എന്ന് നവയുഗം കേന്ദ്രകമ്മിറ്റി നിരീക്ഷിച്ചു.
ഡിസംബര്‍ 6 വെള്ളിയാഴ്ച ദമ്മാമില്‍ നടക്കുന്ന 'നവയുഗസന്ധ്യ-2024' എന്ന മെഗാപരിപാടിയുടെ സാംസ്‌ക്കാരിക സമ്മേളനത്തില്‍ വെച്ച്, സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രെട്ടറിയും, മുന്‍ എം.എല്‍ എ യുമായ സത്യന്‍ മൊകേരി അദ്ദേഹത്തിന് അവാര്‍ഡ് സമ്മാനിക്കുമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാല്‍ വില്യാപ്പള്ളിയും, ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറയും അറിയിച്ചു.
സര്‍വ്വശ്രീ വെളിയം ഭാര്ഗ്ഗവന്‍, ഷാജി മതിലകം, സാജിദ് ആറാട്ടുപുഴ, ശ്രീദേവി ടീച്ചര്‍, മുഹമ്മദ് നജാത്തി, പി.ഏ.എം.ഹാരിസ്, ഡോ. സിദ്ദിഖ് അഹമ്മദ്, ഇ.എം.കബീര്‍, ടി സി ഷാജി, കെ.രാജന്‍ എന്നിവരായിരുന്നു മുന്‍വര്‍ഷങ്ങളില്‍ നവയുഗം പുരസ്‌ക്കാരം നേടിയ വ്യക്തിത്വങ്ങള്‍.