ദമ്മാം: സൗദി അറേബ്യയില്‍ ഹ്രസ്വസന്ദര്‍ശനത്തിനെത്തിയ സിപിഐ സംസ്ഥാന സെക്രെട്ടറിയും മുന്‍മന്ത്രിയുമായ ബിനോയ് വിശ്വത്തിനും, സിപിഐ ദേശീയ കൗണ്‍സില്‍ അംഗവും മുന്‍ എം.എല്‍.എയുമായ സത്യന്‍ മൊകേരിയ്ക്കും നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റിയുടെ നേതൃത്വത്തില്‍ ദമ്മാം എയര്‍പോര്‍ട്ടില്‍ വെച്ച് ഊഷ്മളമായ സ്വീകരണം നല്‍കി.

നവയുഗം കേന്ദ്രനേതാക്കളായ എം എ വാഹിദ് കാര്യറ, ജമാല്‍ വില്യാപ്പള്ളി, ഷാജി മതിലകം, സാജന്‍ കണിയാപുരം, മഞ്ജു മണിക്കുട്ടന്‍, അരുണ്‍ ചാത്തന്നൂര്‍, ഷിബുകുമാര്‍, ഗോപകുമാര്‍, പദ്മനാഭന്‍ മണിക്കുട്ടന്‍, തമ്പാന്‍ നടരാജന്‍, ശരണ്യ ഷിബു, ഷീബ സാജന്‍, ജാബിര്‍, സാബു എന്നിവരും നവയുഗം പ്രവര്‍ത്തകരും സ്വീകരണത്തില്‍ പങ്കെടുത്തു.

നവയുഗം സാംസ്‌ക്കാരികവേദിയുടെ കാനം രാജേന്ദ്രന്‍ സ്മാരകപുരസ്‌ക്കാരം ഏറ്റുവാങ്ങാനും, 'നവയുഗസന്ധ്യ-2024' ല്‍ പങ്കെടുക്കാനുമായിട്ടാണ് ബിനോയ് വിശ്വം ദമ്മാമില്‍ എത്തിച്ചേര്‍ന്നത്.

നവയുഗസന്ധ്യ-2024 ലെ മുഖ്യാതിഥിയാണ് സത്യന്‍ മൊകേരി.ദമ്മാമിലെ നവയുഗത്തിന്റെ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനോടൊപ്പം, റിയാദില്‍ ന്യൂഏജ് സാംസ്‌ക്കാരികവേദി വ്യാഴാഴ്ച വൈകുന്നേരം സംഘടിപ്പിയ്ക്കുന്ന 'സര്‍ഗ്ഗസന്ധ്യ-2024' എന്ന പരിപാടിയിലും രണ്ടുപേരും പങ്കെടുക്കും.

വിവിധ സംഘടന പ്രതിനിധികളുമായും, സാമൂഹ്യപ്രവര്‍ത്തകരുമായും, മാധ്യമപ്രവര്‍ത്തകരുമായും, പ്രവാസി തൊഴിലാളികളുമായും കൂടിക്കാഴ്ച നടത്തുകയും, ദമ്മാമിലെ ഇന്ത്യന്‍ സ്‌കൂളുകളും, തൊഴിലാളി ക്യാമ്പുകളും സന്ദര്‍ശിയ്ക്കാനും അവര്‍ സമയം കണ്ടെത്തും. ഞായറാഴ്ച രാവിലെ കേരളത്തിലേയ്ക്ക് മടങ്ങി പോകും