ദമ്മാം: സൗദി അറേബ്യയുടെ പ്രവാസലോകത്ത് മലയാളനാട് പറിച്ചു നട്ടത് പോലെ വര്‍ണ്ണവിസ്മയങ്ങളുടെ ഉത്സവം തീര്‍ത്ത 'നവയുഗസന്ധ്യ 2024' പ്രവാസികള്‍ക്ക് ആവേശമായി, ദമ്മാം സിഹാത്തില്‍ അരങ്ങേറി.

നൂറുകണക്കിന് സ്‌ക്കൂള്‍ കുട്ടികള്‍ പങ്കെടുത്ത കളറിംഗ്, ചിത്രരചന മത്സരങ്ങളോടെയാണ് ഉച്ചയ്ക്ക് നവയുഗസന്ധ്യ ആരംഭിച്ചത്. വനിതകള്‍ക്കായി മൈലാഞ്ചി മത്സരങ്ങളും അരങ്ങേറി. ഫുഡ് ഫെസ്റ്റിവല്‍, നവയുഗം വായനവേദിയുടെ പുസ്തകപ്രദര്‍ശനം, മെഡിക്കല്‍ ക്യാമ്പ്,എന്നിവയും സജ്ജീകരിച്ചിരുന്നു. പ്രവാസലോകത്തെ ചിത്രകാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച ചിത്രപ്രദര്‍ശനവും ഒരുക്കിയിരുന്നു.

തുടര്‍ന്ന് അരങ്ങേറിയ, നാടന്‍ ശേലുള്ള നൃത്തകലാരൂപങ്ങള്‍ മുതല്‍ കാവുകള്‍ തീണ്ടുന്ന തെയ്യം വരെ അണിനിരന്ന സാംസ്‌ക്കാരിക ഘോഷയാത്ര സൗദിയിലെ പ്രവാസലോകത്തിനു വേറൊട്ടൊരു അനുഭവമായി.

തിരുവാതിരയും, മാര്‍ഗ്ഗംകളിയും, ക്രിസ്തുമസ്സ് കരോള്‍ സംഘവും, ഒപ്പനയും, ഗസലും, ശാസ്ത്രീയ, നാടന്‍ നൃത്തങ്ങളും, മനോഹരഗാനങ്ങളും, സിനിമാറ്റിക്ക് നൃത്താവിഷ്‌കാരങ്ങളും ഒക്കെ നിറഞ്ഞ കലാസന്ധ്യ കാഴ്ചക്കാരുടെ മനം നിറച്ചു. കിഴക്കന്‍ പ്രവിശ്യയിലെ നൂറോളം കലാകാരന്മാര്‍ നവയുഗസന്ധ്യ വേദിയില്‍ അണി നിരന്നിരുന്നു. സുറുമി നസീം, നീതു ശ്രീവത്സന്‍ എന്നിവര്‍ കലാപരിപാടികള്‍ക്ക് അവതാരകരായി.

നവയുഗസന്ധ്യയോടനുബന്ധിച്ചു നടന്ന സാംസ്‌ക്കാരികസദസ്സില്‍ നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാല്‍ വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു.

മുന്‍മന്ത്രിയും സിപിഐ സംസ്ഥാന സെക്രെട്ടറിയുമായ ബിനോയ് വിശ്വം സമ്മേളനം ഉത്ഘാടനം ചെയ്തു മുഖ്യപ്രഭാഷണം നടത്തി.

ഭാരതത്തിന്റെ ആത്മാവ് അതിന്റെ നാനാത്വമാണെന്നും, അത് മനസ്സിലാക്കിയാണ് സമൂഹത്തിന്റെ ആ ബഹുസ്വരതയെ ഇല്ലാതാക്കി, ഭൂരിപക്ഷമതത്തിന്റെ ഏകത്വത്തിലേയ്ക്ക് കൊണ്ട് വരാന്‍ ജനാധിപത്യവിരുദ്ധ ശക്തികള്‍ ശ്രമിയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ മരിയ്ക്കാതെയിരിയ്ക്കണമെങ്കില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ നാനാത്വം മരിയ്ക്കാതെയിരിയ്ക്കണം. അതിനായി പോരാടാന്‍ പ്രവാസലോകത്തെ ഇന്ത്യക്കാരും അണിചേരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

സിപിഐ ദേശീയ കൗണ്‍സില്‍ അംഗവും മുന്‍ എം.എല്‍.എ യുമായ സത്യന്‍ മൊകേരി, കാനം രാജേന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തി. കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ വെള്ളം ചേര്‍ക്കാതെ നിലപാടുകളെടുക്കുകയും, എടുക്കുന്ന നിലപാടുകളില്‍ യാതൊരു പ്രലോഭനങ്ങള്‍ക്കും വഴിപ്പെടാതെ ഉറച്ചു നില്ക്കുകയും, ഇഛാശക്തിയോടെ അവ നടപ്പിലാക്കുകയും ചെയ്തിരുന്ന ഇടതുപക്ഷ ജനകീയ നേതാവായിരുന്നു കാനം രാജേന്ദ്രന്‍ എന്ന് അദ്ദേഹം അനുസ്മരിച്ചു.

സാംസ്‌ക്കാരിക സദസ്സില്‍ വെച്ച് ശ്രീ: ബിനോയ് വിശ്വത്തിന് നവയുഗം കാനം രാജേന്ദ്രന്‍ മെമ്മോറിയല്‍ അവാര്‍ഡ് ശ്രീ: സത്യന്‍ മൊകേരി സമ്മാനിച്ചു.

നവയുഗം ജനറല്‍ സെക്രട്ടറി എം എ വാഹിദ് കാര്യറ പൊന്നാട അണിയിച്ചു. കേന്ദ്രകമ്മിറ്റി അംഗം ശ്രീകുമാര്‍ കായംകുളം ക്യാഷ് അവാര്‍ഡ് സമ്മാനിച്ചു.

അവാര്‍ഡിനൊപ്പം ലഭിച്ച ക്യാഷ് പ്രൈസ് ആയ അന്‍പതിനായിരം രൂപ ശ്രീ ബിനോയ് വിശ്വം, വയനാട് ദുരിതതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതായി പ്രഖ്യാപിച്ചു.

തങ്ങള്‍ പ്രവര്‍ത്തിയ്ക്കുന്ന മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങളെ ചടങ്ങില്‍ വെച്ച് ആദരിച്ചു. സൗമ്യ വിനോദ് (കലാരംഗം), ബോബന്‍ തോമസ് (വ്യവസായം), ഇല്യാസ് (യുവ ബിസിനെസ് സംരംഭകന്‍ )ജലീല്‍ കല്ലമ്പലം (സാമൂഹ്യസേവനം), കെ വെങ്കിടേശന്‍ (ജീവകാരുണ്യം), കേരള ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്‌ളബ്ബ് (കായികം), ആതുരമേഖലയില്‍ സുത്യര്‍ത്ഥ സേവനം ചെയ്യുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ലാബ് ടെക്നീഷ്യന്മാര്‍, വിവിധ ഇന്ത്യന്‍ സ്‌കൂളുകളിലെ അധ്യാപകര്‍ എന്നിവരെയാണ് ആദരിച്ചത്.

ബഷീര്‍ വാരോട് (നവോദയ), അലികുട്ടി ഒളവട്ടൂര്‍ (കെ എം സി സി), ബിജു കല്ലുമ്മല (ഒ.ഐ.സി.സി), ഹനീഫ അറബി (ഐ.എം.സി.സി) എന്നിവര്‍ ചടങ്ങില്‍ ആശംസപ്രസംഗം നടത്തി.

നവയുഗം രക്ഷധികാരി ഷാജി മതിലകം, പ്രമുഖ ജ്വവകാരുണ്യ പ്രവര്‍ത്തകയും നവയുഗം വൈസ് പ്രസിഡന്റുമായ മഞ്ചു മണിക്കുട്ടന്‍, നവയുഗം ട്രഷര്‍ സാജന്‍ കണിയാപുരം, സംഘാടക സമിതി രക്ഷധികാരി ഉണ്ണി മാധവം തുടങ്ങിയവര്‍ സംബന്ധിച്ചു

തുടര്‍ന്ന് ഉച്ചയ്ക്ക് നടന്ന ചിത്രരചന, കളറിംഗ്, കേക്ക് മേക്കിങ്, മെഹന്തി എന്നീ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കും, കലാപരിപാടികളില്‍ പങ്കെടുത്തവര്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ചടങ്ങിന് നവയുഗം ജനറല്‍ സെക്രെട്ടറി എം എ വാഹിദ് കാര്യറ സ്വാഗതവും, സംഘാടകസമിതി ചെയര്‍മാന്‍ ഗോപകുമാര്‍ അമ്പലപ്പുഴ നന്ദിയും പറഞ്ഞു.

നവയുഗസന്ധ്യയ്ക്ക് നവയുഗം നേതാക്കളായ ബിജു വര്‍ക്കി, നിസ്സാം കൊല്ലം, ലത്തീഫ് മൈനാഗപ്പള്ളി, അരുണ്‍ ചാത്തന്നൂര്‍, പ്രിജി കൊല്ലം, ഷിബുകുമാര്‍, ദാസന്‍ രാഘവന്‍, ശരണ്യ ഷിബു, പദ്മനാഭന്‍ മണിക്കുട്ടന്‍, ബിനുകുഞ്ഞു, ജാബിര്‍, സംഗീത ടീച്ചര്‍, ഷീബ സാജന്‍, റിയാസ് മുഹമ്മദ്,സുശീല്‍ കുമാര്‍, സിയാദ് പള്ളിമുക്ക്, വേലുരാജന്‍, സാബു, സുരേന്ദ്രന്‍, ജിതേഷ്,മഞ്ചു അശോക്, അമീന റിയാസ്, മീനു അരുണ്‍,വിനീഷ് , വര്‍ഗ്ഗീസ്, നന്ദകുമാര്‍, രാജന്‍ കായംകുളം, ജോസ് കടമ്പനാട്,രവി ആന്ത്രോട്, നാസര്‍ കടവില്‍, ഹുസൈന് നിലമേല്‍, തമ്പാന്‍ നടരാജന്‍ , വിനോദ് കുഞ്ഞു അനസ്, ആദര്‍ശ്, ഷെന്നി, ലാലു ദിവാകരന്‍ ജയേഷ് എന്നിവര്‍ നേതൃത്വം നല്‍കി.