റിയാദ്: സൗദി അറേബ്യയിലേക്ക് കടത്താൻ ശ്രമിച്ച മൂന്നര ലക്ഷത്തോളം ലഹരി ഗുളികകൾ കസ്റ്റംസ് വിഭാഗം പിടികൂടി. ജോർദാനിൽ നിന്നും ബഹ്‌റൈനിൽ നിന്നും രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ച രണ്ട് വാഹനങ്ങളിലായാണ് ഇവ കണ്ടെത്തിയത്. ആകെ 3,01,325 കാപ്റ്റഗൺ ഗുളികകളാണ് പിടികൂടിയതെന്ന് സൗദി സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി (സാറ്റ്ക) അറിയിച്ചു.

ബഹ്‌റൈനിൽ നിന്ന് ദമ്മാം കിങ് ഫഹദ് കോസ്‌വേ വഴി എത്തിയ വാഹനത്തിന്റെ സ്പെയർ ടയർ കമ്പാർട്ട്മെന്റിൽ ഒളിപ്പിച്ച നിലയിൽ 2,09,759 ഗുളികകൾ കണ്ടെടുത്തു. രണ്ടാമത്തെ സംഭവം ജോർദാനിൽ നിന്നുള്ള യാത്രക്കാരെ കൊണ്ടുവന്ന ബസ്സിലാണ്.

അൽഹദീത അതിർത്തി ചെക്ക് പോസ്റ്റ് വഴി പ്രവേശിക്കാൻ ശ്രമിച്ച ബസ്സിന്റെ ചില ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിൽ 91,566 ഗുളികകളാണ് പിടികൂടിയത്. സംഭവത്തിൽ ഉൾപ്പെട്ടവരെ നാർക്കോട്ടിക് കൺട്രോളുമായി സഹകരിച്ച് കസ്റ്റംസ് വിഭാഗം അറസ്റ്റ് ചെയ്തു.