ദമ്മാം: പുതുവര്‍ഷത്തെ വരവേല്‍ക്കുന്ന ഡിസംബറിന്റെ ശൈത്യകാലത്ത് പ്രവാസലോകത്തു ഉത്സവച്ഛായ തീര്‍ക്കാനായി, നവയുഗം സാംസ്‌കാരികവേദി സംഘടിപ്പിക്കുന്ന 'നവയുഗസന്ധ്യ-2024 ' എന്ന കലാസാംസ്‌കാരിക മെഗാപ്രോഗ്രാം, ഡിസംബര്‍ 6 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ ദമ്മാമില്‍ വെച്ച് അരങ്ങേറുമെന്ന് നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി അറിയിച്ചു.

പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കുമായി വൈവിധ്യങ്ങളായ ഒട്ടേറെ ആഘോഷപരിപാടികള്‍ നവയുഗസന്ധ്യയില്‍ ഒരുക്കിയിട്ടുണ്ട്. പ്രവാസികള്‍ക്കുള്ള വേണ്ടിയുള്ള വിവിധ മത്സരങ്ങള്‍, പുസ്തകമേള, ചിത്രപ്രദര്‍ശനം, കുടുംബസംഗമം, ഭക്ഷ്യമേള, മെഡിക്കല്‍ ക്യാമ്പ്, സാംസ്‌ക്കാരിക സദസ്സ്, 'നവയുഗം കാനം രാജേന്ദ്രന്‍ സ്മാരക പുരസ്‌കാരം' വിതരണം, പ്രവാസലോകത്തു വിവിധ മേഖലകളില്‍ സ്തുത്യര്‍ഹസേവനം ചെയ്യുന്ന സമൂഹം ആദരിയ്ക്കുന്ന പ്രമുഖവ്യക്തിത്വങ്ങളെ ആദരിക്കല്‍, നൂറിലധികം കലാകാരന്‍മാര്‍ അണിനിരക്കുന്ന വിവിധ സംഗീത, നൃത്ത, അഭിനയ, ഹാസ്യ, കലാപ്രകടനങ്ങള്‍, മത്സരവിജയികള്‍ക്കുള്ള സമ്മാനദാനം എന്നീ പരിപാടികളാണ് നവയുഗസന്ധ്യയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പരിപാടിയുടെ വിജയത്തിനായി, ഉണ്ണി മാധവം (രക്ഷാധികാരി), ഗോപകുമാര്‍ അമ്പലപ്പുഴ (ചെയര്‍മാന്‍), ബിജു വര്‍ക്കി (ജനറല്‍ കണ്‍വീനര്‍), സാജന്‍ കണിയാപുരം, അരുണ്‍ ചാത്തന്നൂര്‍, നിസ്സാം കൊല്ലം, ജാബിര്‍ മുഹമ്മദ്, ബിനു കുഞ്ഞു, മുഹമ്മദ് റിയാസ് (സബ്ബ് കമ്മിറ്റി കണ്‍വീനര്‍മാര്‍) എന്നിവര്‍ നേതൃത്വം നല്‍കുന്ന നൂറ്റിഇരുപതംഗ സ്വാഗതസംഘം നവയുഗം രൂപീകരിച്ചിട്ടുണ്ട്.

നവയുഗസന്ധ്യ-2024 ന്റെ ഭാഗമായി സ്‌ക്കൂള്‍ കുട്ടികള്‍ക്കായി ചിത്രരചന, കളറിംഗ് എന്നീ മത്സരങ്ങളും, സ്ത്രീകള്‍ക്കായി മെഹന്ദി, കേക്ക് മേക്കിങ് എന്നീ മത്സരങ്ങളും സംഘടിപ്പിയ്ക്കുന്നുണ്ട്. ഇതില്‍ പങ്കെടുക്കാന്‍ ആഗ്രഹിയ്ക്കുന്നവര്‍ 0572287065, 0596567811, 0503383091 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ട് പേര് രെജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

മത്സരവിജയികള്‍ക്ക് ആകര്‍ഷകങ്ങളായ സമ്മാനങ്ങള്‍ ഉണ്ടായിരിയ്ക്കും. നവയുഗസന്ധ്യ-2024 ലേക്കുള്ള പ്രവേശനം സൗജന്യമായിരിയ്ക്കും. നാട്ടില്‍ നിന്നുള്ള വിശിഷ്ടാതിഥികള്‍ക്കൊപ്പം സൗദി അറേബ്യയിലെ സാമൂഹിക, സാംസ്‌ക്കാരിക, ജീവകാരുണ്യ, സാഹിത്യ, കല, മാധ്യമ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കുന്ന ഈ പരിപാടിയിലേയ്ക്ക് എല്ലാ പ്രവാസികളെയും കുടുംബങ്ങളെയും സ്വാഗതം ചെയ്യുന്നതായി നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം, പ്രസിഡന്റ് ജമാല്‍ വില്യാപ്പള്ളി, ജനറല്‍ സെക്രെട്ടറി വാഹിദ് കാര്യറ എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.