റിയാദ്: പുതിയ അധ്യയന വർഷം ആരംഭിക്കുന്ന സാഹചര്യത്തിൽ സൗദി അറേബ്യയിലെ സ്കൂൾ ബസുകളിൽ സുരക്ഷാ നിബന്ധനകൾ കർശനമായി പാലിക്കണമെന്ന് സൗദി ഗതാഗത അതോറിറ്റി നിർദ്ദേശം നൽകി. വിദ്യാർത്ഥികളുടെ യാത്രാ സുരക്ഷ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി.

ലൈസൻസുള്ള ബസുകളിൽ ട്രാക്കിംഗ് സംവിധാനങ്ങൾ, മറ്റ് സുരക്ഷാ ഉപകരണങ്ങൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണം. അഗ്നിശമന ഉപകരണങ്ങൾ, പ്രഥമശുശ്രൂഷ കിറ്റുകൾ തുടങ്ങിയ അവശ്യ സുരക്ഷാ ഉപകരണങ്ങൾ വാഹനങ്ങളിൽ സജ്ജീകരിക്കണം.

കൂടാതെ, പതിവായ അറ്റകുറ്റപ്പണികളും പരിശോധനകളും നടത്തേണ്ടതും, ഡ്രൈവർമാർക്ക് നിശ്ചിത റൂട്ടുകൾ മാത്രമേ ഉപയോഗിക്കാൻ അനുവാദമുള്ളൂ എന്നും അതോറിറ്റി വ്യക്തമാക്കി. വിദ്യാർത്ഥികൾ ബസുകളിൽ സുരക്ഷിതമായി കയറുകയും ഇറങ്ങുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതും പ്രധാനമാണ്.

ബസുകളിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും പാലിക്കേണ്ട സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളെക്കുറിച്ചും യാത്രയിലുടനീളം സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിർദ്ദേശങ്ങളെക്കുറിച്ചും മാതാപിതാക്കൾ കുട്ടികൾക്ക് ബോധവൽക്കരണം നൽകണമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.