റിയാദ്: സൗദി അറേബ്യയിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ജീവൻ നഷ്ടപ്പെടുന്ന അവസ്ഥയിലായ 50-കാരനെ സമയോചിതമായി ഇടപെട്ട് രക്ഷിച്ച സൗദി യുവതി നഴ്‌സ് തഹാനി അൽഅൻസിക്ക് വ്യാപക പ്രശംസ. റിയാദ് നാഷണൽ ഗാർഡ് ആശുപത്രിക്ക് സമീപം ഒരു കഫേയിലേക്ക് കുടുംബത്തോടൊപ്പം പോവുകയായിരുന്നപ്പോഴാണ് സംഭവം.

റോഡിന് മധ്യത്തിലായി അപകടത്തിൽപ്പെട്ടയാളെ കണ്ടതിനെത്തുടർന്ന് തഹാനി അൽഅൻസി തന്റെ വാഹനം നിർത്തി സഹോദരനോടൊപ്പം പരിക്കേറ്റയാളുടെ അടുത്തേക്ക് ഓടിയെത്തുകയായിരുന്നു. ഇയാൾക്ക് ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് കണ്ടതോടെ, ചുറ്റുമുള്ളവരുടെ സഹായത്തോടെ റോഡിന്റെ ഓരത്തേക്ക് മാറ്റി സി.പി.ആർ നൽകി.

കുറച്ച് നിമിഷങ്ങൾക്ക് ശേഷം നാഡിമിടിപ്പ് വീണ്ടും നിലച്ചപ്പോൾ, സൗദി റെഡ് ക്രസന്റ് സംഘമെത്തുന്നതുവരെ സി.പി.ആർ തുടർന്നു. തുടർന്ന് പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി. ഇത്തരം സാഹചര്യങ്ങളിൽ ഇടപെട്ട് ജീവൻ രക്ഷിക്കുന്നത് തൻ്റെ മാനുഷിക കടമയായി കാണുന്നുവെന്ന് തഹാനി അൽഅൻസി പറഞ്ഞു.