റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ സൂര്യാസ്തമയ ശേഷം ആകാശത്ത് പ്രത്യക്ഷപ്പെട്ട വിചിത്ര വസ്തു പൊട്ടിത്തെറിക്കുന്നതായി കാണിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. ഹായിൽ പ്രവിശ്യയിൽ നിന്നുള്ള ഒരു സൗദി പൗരനാണ് എക്സ് പ്ലാറ്റ്‌ഫോമിൽ ആദ്യമായി ഈ ദൃശ്യങ്ങൾ പങ്കുവെച്ചത്. മദീന, ഹായിൽ, ഹഫർ അൽബാത്തിൻ തുടങ്ങിയ സ്ഥലങ്ങളിലും സമാനമായ വസ്തുക്കൾ ആകാശത്ത് കണ്ടതായും അവ പൊട്ടിത്തെറിച്ചതായും മറ്റ് വീഡിയോകളിലും അവകാശപ്പെടുന്നുണ്ട്.

ബുധനാഴ്ച സൂര്യാസ്തമയത്തിന് ശേഷമാണ് ഈ പ്രതിഭാസം കണ്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വീഡിയോകളിൽ, തിളക്കമാർന്ന ഒരു വസ്തു ആകാശത്ത് പ്രത്യക്ഷപ്പെടുകയും പിന്നീട് പൊട്ടിത്തെറിക്കുകയും ചെയ്യുന്നതായി കാണാം. എന്നാൽ ഈ വീഡിയോകളുടെ ആധികാരികതയെക്കുറിച്ചോ പ്രത്യക്ഷപ്പെട്ട വസ്തുവിനെക്കുറിച്ചോ ഔദ്യോഗിക സ്ഥിരീകരണങ്ങളോ വിശദീകരണങ്ങളോ ഇതുവരെ പുറത്തുവന്നിട്ടില്ല. സംഭവത്തിന്റെ യഥാർത്ഥ കാരണം എന്താണെന്ന് വ്യക്തമാക്കാൻ ഔദ്യോഗിക പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ജനം.