റിയാദ്: ഗാസയിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് സഹായഹസ്തവുമായി സൗദി അറേബ്യയുടെ 65-ാമത് ദുരിതാശ്വാസ വിമാനം ഈജിപ്തിലെത്തി. കിങ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ (കെ.എസ് റിലീഫ്) ആണ് സഹായം എത്തിച്ചത്. ബുധനാഴ്ച ഈജിപ്തിലെ അൽ അരീഷ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വിമാനം ഇറങ്ങിയത്.

സൗദി എംബസിയുമായി സഹകരിച്ചാണ് കെ.എസ് റിലീഫ് ഈ സഹായ ദൗത്യം നടത്തിയത്. വിമാനത്തിൽ ഭക്ഷ്യവസ്തുക്കളാണ് പ്രധാനമായും ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ ഭക്ഷ്യവസ്തുക്കൾ ഗാസയിലേക്ക് റോഡ് മാർഗം എത്തിക്കും. കടുത്ത ക്ഷാമവും ദുരിതവും നിലനിൽക്കുന്ന ഗാസയിലെ ജനങ്ങൾക്ക് ആശ്വാസം പകരുന്നതിൻ്റെ ഭാഗമായാണ് സൗദി അറേബ്യയുടെ ഈ നീക്കം. ഫലസ്തീൻ ജനതയോടുള്ള സൗഹൃദത്തിൻ്റെയും സഹാനുഭൂതിയുടെയും പ്രതീകമായാണ് ഈ സഹായത്തെ വിലയിരുത്തുന്നത്.