- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ തടഞ്ഞത് 1,534 കള്ളക്കടത്ത് ശ്രമങ്ങൾ; പിടിച്ചെടുത്തത് ഹാഷിഷും കൊക്കെയ്നും ഹെറോയിനുമടക്കം മാരക മയക്കുമരുന്നുകൾ; പരിശോധന ശക്തമാക്കുമെന്ന് അധികൃതർ
റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ 1534 മയക്കുമരുന്ന്, നിരോധിത വസ്തുക്കൾ എന്നിവയുടെ കള്ളക്കടത്ത് ശ്രമങ്ങൾ അധികൃതർ തടഞ്ഞു. കര, കടൽ, വ്യോമ മാർഗ്ഗങ്ങളിലൂടെ രാജ്യത്തേക്ക് കൊണ്ടുവരാൻ ശ്രമിച്ചവയാണ് പിടികൂടിയത്. സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി (സാറ്റ്ക) ആണ് ഇക്കാര്യം അറിയിച്ചത്.
പിടികൂടിയവയിൽ ഹാഷിഷ്, കൊക്കെയ്ൻ, ഹെറോയിൻ, ഷാബു, കാപ്റ്റഗൺ ഗുളികകൾ ഉൾപ്പെടെ 101 ഇനം മയക്കുമരുന്നുകളും 709 നിരോധിത വസ്തുക്കളും ഉൾപ്പെടുന്നു. കൂടാതെ, 2,761 പാക്കറ്റ് പുകയിലയും അതിന്റെ ഉത്പന്നങ്ങളും, 62 തരം വിദേശ കറൻസികളും, ഒൻപത് തരം ആയുധങ്ങളും അവയുടെ അനുബന്ധ സാമഗ്രികളും കസ്റ്റംസ് വിഭാഗം കണ്ടെടുത്തു.
രാജ്യത്തെ ജനങ്ങളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ വിവിധ തുറമുഖങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ദോഷകരമായ വസ്തുക്കളിൽ നിന്നും നിയമവിരുദ്ധമായ വ്യാപാരത്തിൽ നിന്നും സമൂഹത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ സ്വീകരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.
മയക്കുമരുന്നിനെതിരെ കർശന നടപടികളാണ് സൗദി സ്വീകരിക്കുന്നത്. പിടിയിലാകുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംശയാസ്പദമായ കള്ളക്കടത്ത് പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 1910 എന്ന രഹസ്യ ഹെൽപ്പ് ലൈൻ നമ്പറിലോ, നൽകിയിട്ടുള്ള ഇമെയിൽ വിലാസത്തിലോ, അന്താരാഷ്ട്ര നമ്പറിലോ ബന്ധപ്പെടാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.