റിയാദ്: മക്കയിലെ ഒരു മസാജ് പാർലർ കേന്ദ്രീകരിച്ച് അനാശാസ്യം നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ അഞ്ച് പ്രവാസികൾ അറസ്റ്റിൽ. പുണ്യനഗരത്തിൽ നടന്ന ഈ സംഭവത്തിൽ, മസാജ് സെൻ്ററിനെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള മറയായി ഉപയോഗിക്കുകയായിരുന്നുവെന്ന് മക്ക പോലീസ് സ്ഥിരീകരിച്ചു.

സദാചാര വിരുദ്ധമായ പ്രവർത്തനങ്ങളാണ് പാർലറിൽ നടക്കുന്നതെന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. അറസ്റ്റിലായവർക്കെതിരെ ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം, ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

കമ്യൂണിറ്റി സെക്യൂരിറ്റി ആൻഡ് കോംബാറ്റിങ് ഹ്യൂമൻ ട്രാഫിക്കിങ് വിഭാഗവുമായി സഹകരിച്ചാണ് മക്ക പോലീസ് ഈ നടപടികൾ സ്വീകരിച്ചത്. കൂടാതെ, ഈ സ്ഥാപനം മുൻസിപ്പൽ ചട്ടങ്ങൾ ലംഘിച്ചാണ് പ്രവർത്തിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ നിയമലംഘനങ്ങൾക്കെതിരെയും കർശനമായ ശിക്ഷാനടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.