ഷാർജ: മദ്യലഹരിയിൽ യുവതിയെ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്ത കേസിൽ അറബ് വംശജനായ യുവാവിനെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. ഈ കേസിലെ വിചാരണ ഷാർജ മിസ്‌ഡെമനർ കോടതിയിൽ പുരോഗമിക്കുകയാണ്. കേസിൽ വിധി മാർച്ച് ഒൻപതിനായിരിക്കും.

പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച്, യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. പ്രതി മദ്യപിച്ച് അക്രമാസക്തനാവുകയും തങ്ങൾക്കിടയിലുണ്ടായ തർക്കത്തെത്തുടർന്ന് അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയുമായിരുന്നു. തന്റെ ജീവന് അപകടമുണ്ടെന്ന് ഭയന്ന യുവതി ഉടൻതന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

കോടതിയിൽ ചോദ്യം ചെയ്തപ്പോൾ താൻ മദ്യപിച്ചിരുന്നതായി പ്രതി സമ്മതിച്ചു. യുവതിയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം ഇയാൾ നിഷേധിച്ചില്ലെങ്കിലും, മദ്യലഹരിയിലായിരുന്നതിനാൽ തന്റെ പെരുമാറ്റത്തെക്കുറിച്ച് പൂർണ്ണമായ ബോധമുണ്ടായിരുന്നില്ലെന്നാണ് പ്രതിയുടെ വാദം. ദീർഘകാലമായി മദ്യപാനം ശീലമാക്കിയ വ്യക്തിയാണ് പ്രതിയെന്നും കോടതിയിൽ വ്യക്തമായി.

മദ്യപാനം, അസഭ്യം പറയൽ, ക്രിമിനൽ ഭീഷണി മുഴക്കൽ എന്നീ കുറ്റങ്ങളാണ് പ്രോസിക്യൂഷൻ ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. എല്ലാ വാദങ്ങളും കേട്ട കോടതി വിധി പറയാനായി മാർച്ച് ഒൻപതിലേക്ക് കേസ് മാറ്റിവെച്ചിരിക്കുകയാണ്.