- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഴിമതി കേസുകളിൽ അടക്കം കുടുങ്ങിയവർ; കഴിഞ്ഞ ഒരു മാസത്തിനിടെ പിടിയിലായത് 78 പേർ; നിർണായക വിവരങ്ങൾ പുറത്തുവിട്ട് സൗദി

റിയാദ്: സൗദി അറേബ്യയിൽ അഴിമതി, കൈക്കൂലി, അധികാര ദുർവിനിയോഗം എന്നീ ഗുരുതര കുറ്റങ്ങളിൽ കഴിഞ്ഞ ഒരു മാസത്തിനിടെ 78 സർക്കാർ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തതായി രാജ്യത്തെ കൺട്രോൾ ആൻഡ് ആൻറി കറപ്‌ഷൻ കമീഷൻ (നസഹ) അറിയിച്ചു. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലും സർക്കാർ സംവിധാനങ്ങളിലും പൂർണ്ണ സുതാര്യതയും കാര്യക്ഷമതയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി നടന്ന വ്യാപകമായ പരിശോധനകൾക്കൊടുവിലാണ് ഈ സുപ്രധാന നടപടി.
അഴിമതി തടയുന്നതിനും കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനുമായി പ്രത്യേകം രൂപീകരിച്ച സ്ക്വാഡുകൾ കഴിഞ്ഞ ഒരു മാസത്തിനിടെ രാജ്യത്തുടനീളം 3,164 പരിശോധനകളാണ് നടത്തിയത്. ഈ അന്വേഷണങ്ങളുടെ ഭാഗമായി വിവിധ സർക്കാർ വകുപ്പുകളിലായി പ്രവർത്തിക്കുന്ന 349 ജീവനക്കാരെ ചോദ്യം ചെയ്യുകയും ചെയ്തു. ഇവരിൽ നിന്ന് ശേഖരിച്ച കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ 78 പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അറസ്റ്റിലായവരിൽ ചിലരെ നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ജാമ്യത്തിൽ വിട്ടയച്ചതായും നസഹ വ്യക്തമാക്കി.
ആഭ്യന്തരം, പ്രതിരോധം, മുനിസിപ്പാലിറ്റി, ഗ്രാമ, ഭവനകാര്യം, ആരോഗ്യം, മാനവ വിഭവശേഷി, സാമൂഹിക വികസനം എന്നീ ഏഴ് സുപ്രധാന മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരാണ് പിടിയിലായവരിൽ പ്രധാനമായും ഉൾപ്പെടുന്നത്. സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് അഴിമതി സമഗ്രമായി നിർമാർജനം ചെയ്യുക എന്ന ദീർഘകാല ലക്ഷ്യത്തോടെ നസഹ നിരവധി ക്രിമിനൽ, ഭരണപരമായ കേസുകൾ ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുണ്ട്.


