യാത്രക്കാർ ഇഷ്ടമുള്ള സീറ്റ് തെരഞ്ഞെടുക്കുന്നതിന് അധിക ഫീസ് ചുമത്താൻ ഒരുങ്ങി സൗദി അറേബ്യൻ എയർലൈൻസ്. വരുമാന വർധനവ് ലക്ഷ്യമിട്ടാണ് അധിക തുക ഈടാക്കാനുള്ള ആലോചന നടക്കുന്നത്. ആഭ്യന്തര സർവ്വീസുകളിൽ നിന്നും അധിക നിരക്ക് ഈടാക്കാനാണ് ആലോചന.

വിമാനത്തിലെ മുൻനിര സീറ്റുകളും എമർജൻസി കവാടങ്ങൾക്കു സമീപത്തെ സീറ്റുകളും തെരഞ്ഞെടുക്കുമ്പോൾ 50 റിയാൽ അധികം ഈടാക്കാനാണ് എയർലൈൻസിന്റെ തീരുമാനം. വശങ്ങളിലെ വിൻഡോ സീറ്റുകൾക്കു 20 റിയാലും ഈടാക്കും. അന്താരാഷ്ട്ര സർവ്വീസുകളിലെ യാത്രക്കാർ സീറ്റു തെരഞ്ഞെടുക്കുന്നതിനു അധിക നിരക്ക് നൽകേണ്ടതില്ല.

അധിക നിരക്ക് ഈടാക്കുന്നതിന് സൗദി എയർലൈൻസ് ചെയർമാനായ സുലൈമാൻ അൽഹം ദാൻ അനുമതി നൽകിയിട്ടുണ്ട്. പുതിയ നിരക്ക് എന്നുമുതലാണ് പ്രാബല്യത്തിൽ വരിക എന്നതു വ്യക്തമായിട്ടില്ല. എന്നാൽ പുതിയ നിരക്ക് വർധനയോട് പ്രതിഷേധാർഹമായാണ് യാത്രക്കാർ പ്രതികരിക്കുന്നത്. ചില സാഹചര്യങ്ങളിൽ യാത്രക്കാർ സീറ്റുകൾ മാറിയിരിക്കുന്നതു പതിവാണ്. പ്രത്യേകിച്ചും കുടുംബ സമേതം യാത്ര ചെയ്യുന്ന ഘട്ടങ്ങളിൽ. എന്നാൽ പുതിയ നിരക്ക് പ്രാബല്യത്തിലാവുന്നതോടെ ഈ സൗകര്യം ലഭിക്കില്ലെന്നാണ് യാത്രക്കാർ വ്യക്തമാക്കുന്നത്. അധിക തുക നൽകി സീറ്റ് ബുക്ക് ചെയ്യുന്നവർ മാറിയിരിക്കാൻ തയ്യാറാകിലല്. ഇതു ചിലപ്പോൾ വാഗ്വാദങ്ങൾക്കു കാരണമാവുമെന്നാണ് യാത്രക്കാരുടെ പക്ഷം.

ആഭ്യന്തര ടിക്കറ്റിന്റെ വില 30 റിയാൽ വർധിപ്പിച്ചത് ജനുവരി ഒന്നു മുതൽ ആയിരുന്നു. വിദ്യാർത്ഥികൾക്കുള്ള പ്രത്യേക ഇളവും എയർലൈൻസ് നിർത്തലാക്കിയതിനു പിന്നാലെയാണ് തെരഞ്ഞെടുക്കുന്ന സീറ്റുകൾക്കു അധിക നിരക്ക് ഈടാക്കാനുള്ള പുതിയ തീരുമാനം പുറത്തുവന്നിരിക്കുന്നത്.