റിയാദ്: വിപണി മൂല്യത്തിൽ ലോകത്തെ ഏറ്റവും വലിയ കമ്പനിയായി ഉയർന്ന് സൗദി അറേബ്യയിലെ പ്രമുഖ എണ്ണ കമ്പനിയായ സൗദി അരാംകോ. ഐഫോൺ നിർമ്മാതാക്കളായ ആപ്പിളിനെയാണ് ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി കമ്പനി കൂടിയായ സൗദി അരാംകോ മറികടന്നത്. ചൊവ്വാഴ്ച അരാംകോ കമ്പനിയുടെ ഓഹരി വില 46.10 സൗദി റിയാലായി ഉയർന്നതോടെയാണ് ഈ നേട്ടം.

ഓഹരിയുടെ വില വർധിച്ചതോടെ അരാംകോയുടെ വിപണി മൂല്യം 2.464 ട്രില്യൺ അമേരിക്കൻ ഡോളറായി ഉയർന്നു. ആപ്പിളിന്റെ വിപണി മൂല്യം ഇതേ സമയം 2.461 ട്രില്യൺ ഡോളറാണ്.

1.979 ട്രില്യൺ ഡോളർ വിപണി മൂല്യമുള്ള മൈക്രോസോഫ്റ്റാണ് ഈ പട്ടികയിൽ തൊട്ടുപിന്നിലുള്ളത്. വിപണി മൂല്യത്തിൽ ആദ്യ പത്തിൽ ഇടം നേടുന്ന ഒരേയൊരു അമേരിക്കൻ ഇതര കമ്പനി കൂടിയാണ് സൗദി അരാംകോ. ആൽഫബറ്റ്, ആമസോൺ, ടെസ്ല, ബെർക്ഷെയർ ഹതാവേ, മെറ്റാ, ജോൺസൺ ആൻഡ് ജോൺസൺ, യുണൈറ്റഡ് ഹെൽത്ത് എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.

ഈ വർഷം ജനുവരി രണ്ട് മുതലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ 30 ശതമാനത്തോളം വർധനയാണ് അരാംകോ ഓഹരികൾക്കുണ്ടായത്. യുക്രൈനിലെ റഷ്യൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില വർധിച്ചത് അരാംകോയുടെ മൂല്യമുയരുന്നതിൽ പ്രധാന പങ്കുവഹിച്ചു.