റിയാദ്: അഴിമതി ആരോപണങ്ങളെ തുടർന്ന് അറസ്റ്റിലായ സൗദി രാജകുമാരന്മാരിൽ ഒരാളായ അൽവാലീദ് ബിൻ തലാൽ മോചിതനായതായി റിപ്പോർട്ട്. രണ്ടുമാസത്തെ ജയിൽശിക്ഷയ്ക്കുശേഷം അൽവലീദ് രാജകുമാരൻ ഇപ്പോൾ മോചിതനായിരിക്കുന്നുവെന്ന് കുടുംബാംഗങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്തു.

സൗദി രാജകുടുംബാംഗമായ അൽവലീദിനെ തടങ്കലിൽ പാർപ്പിച്ചിരിക്കുന്നത് റിയാദിലെ ഒപുലന്റ് റിറ്റ്സ് കാൾട്ടൻ ഹോട്ടലിലായിരുന്നു. ഇവിടെ നിന്ന് റോയിറ്റേഴ്സിന് നൽകിയ അഭിമുഖത്തിൽ താൻ ദിവസങ്ങൾക്കുള്ളിൽ ജയിൽ മോചിതനാകുമെന്ന് അൽവലീദ് പറഞ്ഞിരുന്നു. അഭിമുഖം പ്രസിദ്ധീകരിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ഇപ്പോൾ സൗദി കോടീശ്വരന്റെ മോചിപ്പിച്ചതായി വാർത്ത പുറത്തുവന്നത്. മോചനത്തിന് പിന്നിൽ വൻ പിഴ നൽകിയോ എന്ന കാര്യത്തിൽ വ്യക്തതകൾ കൈവന്നിട്ടില്ല.

തനിക്കെതിരെ ആരോപിക്കപ്പെട്ട അഴിമതിക്കുറ്റങ്ങളിൽ ഒരു പങ്കുമില്ലെന്നാണ് രാജകുമാരൻ പറുന്നത്. സൗദിയിലെയും വിദേശത്തെയും തന്റെ സ്ഥാപനങ്ങളുടെ പൂർണമായ നിയന്ത്രണം തനിക്കു തന്നെ ലഭിക്കുമെന്നും സ്വത്തുവകകൾ സർക്കാറിനു നൽകേണ്ടിവരില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. കസ്റ്റഡിയിൽ വളരെ നന്നായാണ് തന്നെ കൈകാര്യം ചെയ്തതെന്നും മറിച്ചുള്ള പ്രചരണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും രാജകുമാരൻ വ്യക്തമാക്കി. മറിച്ചുള്ള പ്രചരണങ്ങൽ അസംബന്ധമാണെന്നും ബിൻ തലാൽ പറഞ്ഞു.

അതിനിടെ, അഴിമതിക്കേസ് ചുമത്തിയ പല ബിസിനസുകാരും സൗദി അധികൃതരുമായി ഒത്തുതീർപ്പു ചർച്ചയിൽ എത്തിയതായി ഔദ്യോഗിക ഉറവിടങ്ങളെ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് റിപ്പോർട്ടു ചെയ്യുന്നു. സൗദിയിലെ പ്രാദേശിക ടെലിവിഷൻ നെറ്റുവർക്കായ എം.ബി.സിയുടെ ഉടമസ്ഥൻ വലീദ് അൽ ഇബ്രാഹിം, ഫാഷൻ റീട്ടെയ്‌ലറായ ഫവാസ് അബ്ദുലസീസ്അൽഹോകൈറിലെ പ്രധാന ഷെയർഹോൾഡർ ആയ ഫവാസ് അൽഹോകൈർ, സൗദിയിലെ പരിസ്ഥിതി സംരക്ഷണ ഏജൻസിയുടെമുൻ തലവനായതുർകി ബിൻ നാസർ എന്നിവർ ഇക്കൂട്ടത്തിൽപ്പെടുന്നു.

ഒത്തുതീർപ്പുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നിർദ്ദേശ പ്രകാരം കഴിഞ്ഞ നവംബറിലാണ് ബിസിനസുകാരും, ഉദ്യോഗസ്ഥരുമുൾപ്പെടെ നിരവധി പേരെ അഴിമതി ആരോപിച്ച് അറസ്റ്റു ചെയ്തത്. ലോകത്തിലെ 57 ാമത്തെ സമ്പന്നനായ അൽവലീദ് ബിൻ തലാൽ രാജകുമാരനെ മോചിപ്പിക്കാൻ തന്റെ സ്വത്തിൽ നിന്ന് 600 കോടി ഡോളർ പിഴ അടച്ചാൽ മതിയെന്ന വിധത്തിൽ വാർത്തകൾ വന്നിരുന്നു. അൽവഹീദ് ബിൻ തലാലിന്റെ കിങ്ഡം ഹോൾഡിങ് കമ്പനിയുടെ വിപണി മൂല്യമായ 9 ബില്യന്റെ ഗണ്യമായ ഒരുഭാഗമാകും ഇതുവഴി കൈമാറേണ്ടി വരിക.ഗൾഫ് രാജ്യത്ത് അധികൃതർ പിഴയായി ഈടാക്കുന്ന ഏറ്റവും വലിയ തുകയാകും ഇതെന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ, ഇത്രയും തുക അദ്ദേഹം പിഴ നൽകിയോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

അഴിമതി ആരോപണത്തിൽ അറസ്റ്റിലായവിൽ നിന്നും മൊത്തം 10000 കോടി ഡോളർ കൈവശപ്പെടുത്താനാണ് ഭരണകൂടത്തിന്റെ നീക്കം. ഓരോരുത്തർക്കും കെട്ടിവയ്‌ക്കേണ്ട തുക സംബന്ധിച്ച് അറിയിപ്പ് നൽകിയിട്ടുണ്ട്. നിരവധി പ്രമുഖർ തുക കെട്ടിവച്ച് മോചിതരാകുകയും ചെയ്തു. അറസ്റ്റിലായ വ്യവസായികളിൽ 95 പേർ ഇപ്പോഴും റിയാദിലെ റിറ്റ്‌സ് കാൾട്ടൺ ഹോട്ടലിൽ തന്നെയാണുള്ളത്. ഇവരുടെ മോചനവുമായി ബന്ധപ്പെട്ട ചർച്ച നടന്നുവരികയാണ്. ഈ മാസം 31ഓടെ അന്തിമ തീരുമാനമെടുക്കണമെന്നാണ് സർക്കാരിന്റെ മുന്നറിയിപ്പ്. ഹോട്ടൽ അടുത്ത മാസം പൊതുജനങ്ങൾക്കായി തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതിന് മുമ്പ് ഇടപാടുകൾ തീർക്കാനാണ് ഉദ്ദേശിക്കുന്നത്.

ഈ മാസം കഴിഞ്ഞാൽ സർക്കാരുമായി മോചന കരാറിലെത്താത്തവരെ കോടതിക്ക് കൈമാറും. പിന്നീട് കേസിന്റെ വിചാരണ നടക്കും. ആറ് മാസത്തിനകം വിധി വരുമെന്നാണ് കരുതുന്നത്. ശിക്ഷിക്കപ്പെട്ടാൽ വീണ്ടും ജയിലിൽ കഴിയേണ്ടിവരും. ഇനിയും കരാറിലെത്തിയിട്ടില്ലാത്ത 95 പേരിൽ അഞ്ചു പേർ പണമടയ്ക്കാമെന്ന് ഏകദേശ ധാരണയിലെത്തിയിട്ടുണ്ട്. ബാക്കിയുള്ളവർ തങ്ങൾക്കെതിരായ കേസ് പഠിച്ച ശേഷം തീരുമാനിക്കാമെന്നാണ് പറഞ്ഞിട്ടുള്ളതെന്ന് സൗദി അറ്റോർണി ജനറൽ ശൈഖ് സൗദ് അൽ മുജീബിനെ ഉദ്ധരിച്ച് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു.

സൗദിയിലെ പ്രമുഖ നിർമ്മാണ കമ്പനിയാണ് ബിൻ ലാദിൻ ഗ്രൂപ്പ്. ഈ കമ്പനി ഭരണകൂടത്തിന് കൈമാറാൻ ഉടമസ്ഥരായ കുടുംബത്തിൽ കടുത്ത സമ്മർദ്ദമുണ്ടായിരുന്നു. ബിൻലാദിൻ ഗ്രൂപ്പ് ആണ് സൗദി അറേബ്യയിലെ മിക്ക നിർമ്മാണ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്നത്. സിറ്റി ഗ്രൂപ്പ്, ആപ്പിൾ, ട്വിറ്റർ തുടങ്ങി ലോകത്തെ വൻകിട കമ്പനികളിൽ കോടികൾ നിക്ഷേപമുള്ള വ്യക്തിയാണ് ബിൻ തലാൽ. ലോക സമ്പന്നരിൽ മുമ്പനാണ് അദ്ദേഹം. 1800 കോടി ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

ആഗോളതലത്തിൽ ബിൻ തലാൽ നിക്ഷേപം നടത്തിയത് അദ്ദേഹത്തിന്റെ കിങ്ഡം ഹോൾഡിങ്‌സ് കമ്പനി മുഖേനയാണ്. ബിൻലാദിൻ ഗ്രൂപ്പിന്റെ ഓഹരി കൈമാറിയ പോലെ കിങ്ഡം ഹോൾഡിങ്‌സും കൈമാറുമോ എന്നാണ് വ്യാവസായ ലോകത്തിന്റെ ആശങ്ക. കള്ളപ്പണം വെളുപ്പിച്ചു, കൈക്കൂലി നൽകി കരാറുകൾ സ്വന്തമാക്കി തുടങ്ങിയ ആരോപണങ്ങളാണ് ബിൻ തലാലിനെതിരേയുള്ളത്.

അഴിമതിയുടെ പേരിൽ 320 പേരെയാണ് ചോദ്യം ചെയ്തതെന്ന് സൗദി അറേബ്യൻ പബ്ലിക് പ്രോസിക്യൂട്ടർ നേര്തതെ അറിയിച്ചിരുന്നു. ഇതിൽ 159 പേരെ അറസ്റ്റ് ചെയ്തു വിവിധ സ്ഥലങ്ങളിൽ ജയിലിൽ അടച്ചു. പ്രമുഖർ റിയാദിലെ റിറ്റ്‌സ് കാൾട്ടൺ ആഡംബര ഹോട്ടലിലാണ്. അഴിമതി നടത്തിയ ശേഷം വിദേശത്ത് കഴിയുന്നവരെ തിരിച്ച് സൗദിയിലെത്തിക്കാൻ ആ രാജ്യങ്ങളുമായി ബന്ധപ്പെട്ട് നടപടി തുടങ്ങിയതായും പ്രോസിക്യൂട്ടർ അറിയിച്ചു.

പൊതുസ്വത്ത് വ്യക്തിതാൽപ്പര്യങ്ങൾക്ക് ഉപയോഗിക്കുന്നതും അധികാര ദുർവിനിയോഗം നടത്തുന്നതും കർശനമായി തടയുമെന്നും ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് എത്ര പ്രമുഖരായാലും ശിക്ഷിക്കപ്പെടുമെന്നും സൽമാൻ രാജാവ് പ്രഖ്യാപിച്ചിരുന്നു. നിലവിൽ സൗദിയുടെ ഭരണം കൈയാളുന്ന കരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നിർദ്ദേശ പ്രകാരം കഴിഞ്ഞ നവംബറിലാണ് അൽവലീദ് രാജാവ് ഉൾപ്പടെയുള്ള ബിസിനസുകാരെയും , ഉദ്യോഗസ്ഥരെയും അഴിമതികേസിൽ അറസ്റ്റിലായത്.