- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദി മതപൊലീസിനെ ബ്ലോഗിൽ വിമർശിച്ചത് 'ഇസ്ലാമിനെ അപമാനിക്കലായി'; ശിക്ഷിച്ചത് 10 വർഷം തടവും 1000 ചാട്ടവാറടിക്കും; അന്താരാഷ്ട്ര തലത്തിൽ എം.ബി.എസിനെ പ്രതിരോധത്തിലാക്കിയ തടവ്; റൈഫ് ബദാവി ജയിൽ മോചിതൻ
റിയാദ്: പത്ത് വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട സൗദി ബ്ലോഗർ റൈഫ് ബദാവി ജയിൽമോചിതായി. ഇസ്ലാമിനെ അപമാനിച്ച കുറ്റത്തിന് ജയിലിലായ ബദാവി ജയിലിൽ നിന്നു പുറത്തിറങ്ങിയതായി കാനഡയിൽ താമസിക്കുന്ന ഭാര്യ എൻസാഫ് ഹൈദർ ട്വീറ്റ് ചെയ്തു. ജയിൽമോചിതനായതിനു പിന്നാലെ, ബദാവിയുമായി ഫോണിൽ സംസാരിച്ചെന്നും അവർ ട്വീറ്റിലൂടെ അറിയിച്ചു. ബാദവിയെ റിലീസ് ചെയ്യുമെന്ന കാര്യം സൗദി അറേബ്യൻ സെക്യൂരിറ്റി ഉദ്യോഗസ്ഥനും സ്ഥിരീകരിച്ചിട്ടുണ്ട്.
'ഇസ്ലാമിനെ അപമാനിച്ചതിന്റെ' പേരിലാണ് സൗദിയിലെ സൈബർ ക്രൈം നിയമപ്രകാരം ബദാവിക്ക് 10 വർഷം തടവ് വിധിച്ചത്. സൗദി മത പൊലീസിനെ ബ്ലോഗിലൂടെ വിമർശിച്ചതാണ് ബദാവിയുടെ ജീവിതം മാറ്റിമറിച്ചത്. 2012ലാണ് ബദാവി അറസ്റ്റിലാകുന്നത്. ലിബറൽ ഓൺലൈൻ ഫോറം രൂപീകരിച്ചതിനു പിന്നാലെയാണ് 'ഇസ്ലാമിനെ അപമാനിച്ചു' എന്ന കുറ്റം ചുമത്തി സൈബർ നിയമപ്രകാരം ബദാവിയെ അറസ്റ്റ് ചെയ്തത്. തന്റെ ബ്ലോഗിൽ രാജ്യത്തെ മത പൊലീസിനെ ബദാവി വിമർശിച്ചിരുന്നു. കിരീടാവകാശിയായി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അധികാരമേറ്റതിനുശേഷം സൗദി അറേബ്യൻ പൊലീസിന്റെ അടിച്ചമർത്തൽ സ്വഭാവം കൂടിയതായും അദ്ദേഹം ബ്ലോഗിൽ ആരോപിച്ചിരുന്നു. രാഷ്ട്രീയത്തിൽ മതത്തിന്റെ പങ്ക് അവസാനിപ്പിക്കണമെന്നും ബദാവി ആഹ്വാനം ചെയ്തിരുന്നു.
കേസിൽ, 2014ൽ ബദാവിക്ക് കോടതി ശിക്ഷ വിധിച്ചു. 10 വർഷം തടവും 1000 ചാട്ടവാറടിയുമായിരുന്നു ശിക്ഷ. അന്താരാഷ്ട്ര തലത്തിൽ എതിർപ്പുകൾ ഉണ്ടായതിനാൽ ശിക്ഷാ നടപടികൾ നിർത്തിവച്ചിരുന്നു. ശിക്ഷ ക്രൂരവും മനുഷ്യത്വരഹിതവുമാണെന്ന് ഐക്യരാഷ്ട്രസഭ അപലപിച്ചിരുന്നു. ഒടുവിൽ 2020 ഏപ്രിലിൽ സൗദി അറേബ്യ ചാട്ടവാറടി നിർത്തലാക്കി. 38 കാരനായ ബദാവി ജയിലിൽ കഴിയുമ്പോഴാണ് സൗദി അറേബ്യയിലെ മനുഷ്യാവകാശ പരിഷ്‌കാരങ്ങൾക്കായി ആഹ്വാനം ചെയ്തത്. പത്രസ്വാതന്ത്ര്യത്തിനുള്ള റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സിന്റെ പ്രസ് ഫ്രീഡം പുരസ്‌കാരവും ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കേ നേടി.
അതേസമയം, ബദാവിയുടെ മോചനത്തിന്റെ വ്യവസ്ഥകൾ എന്താണെന്ന് വ്യക്തമായിട്ടില്ല. 2014ലെ ശിക്ഷാവിധിയിൽ അദ്ദേഹത്തിന് ജയിൽവാസം കൂടാതെ 10 വർഷം യാത്രാ വിലക്കുമുണ്ട്. ഏതെങ്കിലും തരത്തിലുള്ള സോഷ്യൽ മീഡിയ ഉപയോഗിക്കാനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. 10 വർഷത്തേക്ക് രാജ്യം വിടുന്നതിന് വിലക്കുള്ളതിനാൽ ബദാവിയെ സൗദി അറേബ്യയിൽ ഇപ്പോഴും തടഞ്ഞിരിക്കുന്നുവെന്നാണ് ആംനസ്റ്റി ഇന്റർനാഷണൽ പ്രസ്താവനയിൽ പറഞ്ഞത്. അടുത്ത 10 വർഷത്തേക്ക് ഏതെങ്കിലും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ നിന്നും അദ്ദേഹത്തെ വിലക്കിയത് അദ്ദേഹത്തിന്റെ ശബ്ദം അടിച്ചമർത്താനാണെന്നും പ്രസ്താവനയിൽ പറയുന്നു.
സൗദിയിൽ നിന്ന് പുറത്തുകടന്നാൽ നിയമസഭാംഗങ്ങൾ ഏകകണ്ഠമായി വോട്ട് ചെയ്യുകയാണെങ്കിൽ ബദാവിക്ക് കനേഡിയൻ പൗരത്വം ലഭിക്കും. എന്നാൽ അത് എത്രത്തോളം സാധ്യമാകുമെന്ന് അറിയില്ല. 2018ൽ ജയിലിൽ കിടക്കുന്ന ആക്ടിവിസ്റ്റുകളെ മോചിപ്പിക്കണമെന്ന് കാനഡ ആവശ്യപ്പെട്ടിരുന്നു. അത് കാനഡയും സൗദിയും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു. റിയാദിലെ കനേഡിയൻ അംബാസഡറെ പുറത്താക്കുകയും കാനഡയുമായുള്ള വ്യാപാരം മരവിപ്പിക്കുകയും സൗദി സ്‌കോളർഷിപ്പ് വിദ്യാർത്ഥികളെ മറ്റു രാജ്യങ്ങളിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ആഗോളതലത്തിലുള്ള സമ്മർദ്ദം കാരണം കഴിഞ്ഞ വർഷം, 2021 ഫെബ്രുവരിയിൽ ലൗജൈൻ അൽ-ഹത്‌ലോലും, കഴിഞ്ഞ ജൂണിൽ റൈഫിന്റെ സഹോദരി സമർ ബദാവിയും നസ്സിമ അൽ-സദയും ഉൾപ്പെടെ രാജ്യം നിരവധി അവകാശ പ്രവർത്തകരെ മോചിപ്പിട്ടുണ്ട്. പക്ഷെ മോചിതരായ പ്രവർത്തകർ ഇപ്പോഴും നിയന്ത്രണങ്ങൾ നേരിടേണ്ടി വരുന്നു.
മറുനാടന് ഡെസ്ക്