കുമരകം: കുമരകത്തെ അവേദ റിസോർട്ടിലെ നീന്തൽക്കുളത്തിൽ സൗദി ബാലൻ മരിച്ചതിനെ ചൊല്ലിയുള്ള തർക്കം രൂക്ഷം. ഷോക്കേറ്റാണെന്നു പിതാവ് സൗദിക്കാരനായ ഇബ്രാഹിം ഹമീദാദ്. എന്നാൽ മുങ്ങി മരണമെന്ന് റിസോർട്ടുകാരും പറയുന്നു. ജിദ്ദയിലെ ഫാർമസി കമ്പനിയിൽ ജോലി ചെയ്യുന്ന ഇയാളുടെ മകൻ അലാദീൻ ഇബ്രാഹിം (നാലു വയസ്) വ്യാഴാഴ്ച വൈകിട്ട് 6.45നായിരുന്നു വേമ്പനാട്ടു കായൽത്തീരത്തുള്ള റിസോർട്ടിലെ കുട്ടികളുടെ നീന്തൽക്കുളത്തിൽ മരിച്ചത്. റിസോർട്ടുകാരുടെ അനാസ്ഥയാണ് മകന്റെ മരണത്തിന് കാരണമെന്നും നീതി ലഭിക്കാതെ രാജ്യം വിട്ടുപോകില്ലെന്നും ഇബ്രാഹിം വ്യക്തമാക്കി. പതിമൂന്നു ദിവസത്തെ സന്ദർശനത്തിനായാണ് ഏഴംഗ കുടുംബം സൗദിയിൽനിന്നെത്തിയത്.

മുതിർന്നവർ സമീപത്തെ വലിയ നീന്തൽക്കുളത്തിൽ കുളിച്ചുകൊണ്ടിരുന്നപ്പോൾ അൽ ആദീൻ കുട്ടികളുടെ കുളത്തിൽ മുങ്ങിത്താഴുകയായിരുന്നു. ഇതുകണ്ടു മലയാളി വിനോദസഞ്ചാരിയായ ഡോക്ടർ വെള്ളത്തിലേക്കിറങ്ങി കുട്ടിയെ എടുെത്തങ്കിലും തെറിച്ചു പോയതായി പിതാവു പറഞ്ഞു. സംഭവത്തിൽ സൗദി എംബസി അധികൃതരും ഇടപെട്ടിട്ടുണ്ട്. ഡോക്ടർ ശ്രമം ഉപേക്ഷിച്ചതിനെത്തുടർന്നു സമീപത്തെ റസ്റ്റോറന്റിലെ ജീവനക്കാരാണു കുട്ടിയെ കുളത്തിൽ നിന്നെടുത്തത്. നീന്തൽക്കുളത്തിലേക്കു ഫോക്കസ് ചെയ്തിട്ടില്ലെങ്കിലും കുട്ടിയെ എടുക്കുമ്പോൾ ഷോക്കേറ്റ് ഡോക്ടർ കാൽ കുടയുന്നതു ഹോട്ടലിലെ സിസി.ടിവിയിൽ കാണാമെന്നാണു വിവരം.

തൊട്ടടുത്തു കളിച്ചുകൊണ്ടിരുന്ന ആലാദിൻ മജിദ് കുളത്തിലേക്കിറങ്ങുമ്പോൾ ഷോക്കേറ്റ് വീണെന്നാണ് ആരോപണം. സംഭവത്തെക്കുറിച്ച് ചോദിച്ചറിയാൻ ശ്രമിച്ച തങ്ങളോട് റിസോർട്ട് ജീവനക്കാർ മോശമായി പെരുമാറിയെന്നും പിതാവ് പറഞ്ഞു. നീന്തൽക്കുളത്തിനു സമീപം പി.വി സി. പൈപ്പിലൂടെ വൈദ്യുതി കേബിൾ കടത്തിവിട്ടിരുന്നുവെന്നും ഇവിടെ നിന്നു ഷോക്കേറ്റതാണെന്നുമാണു കുടുംബത്തിന്റെ ആരോപണം. ഫൗണ്ടനിലേക്കും ലൈറ്റുകളിലേക്കുമാണ് ഇതുവഴി വൈദ്യുതി കേബിൾ വലിച്ചിരിക്കുന്നത്.

വൈദ്യുതാഘാതമേറ്റതിനെത്തുടർന്നു കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം ഡോക്ടർ ഉപേക്ഷിച്ചതായി പരിശോധനയ്ക്കെത്തിയ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഉദ്യോഗസഥർ മുമ്പാകെ റിസോർട്ട് ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്. അതേസമയം, വെള്ളത്തിൽ മുങ്ങിയാണു മരണമെന്നാണു പ്രാഥമിക പോസ്റ്റ്മോർട്ടം നിഗമനം. വെള്ളം വയറ്റിലുള്ളതായി കണ്ടെത്തിയിട്ടില്ല. വിശദമായ റിപ്പോർട്ട് ഇന്നു സമർപ്പിക്കും. ചെറിയ കുട്ടിയായതിനാൽ ചെറിയ ഷോക്ക് പോലും മരണത്തിലേക്കു നയിക്കുമെന്നാണു വിവരം. ഇതേത്തുടർന്നു കൂടുതൽ പഠനത്തിന്റെ ഫോറൻസിക് അധികൃതരെ സമീപിച്ചിട്ടുണ്ട്.

അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം തുടരുകയാണ്. കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹം എംബാം ചെയ്ത് ഇന്നു നാട്ടിലേക്ക് കൊണ്ടുപോകും. മൂന്ന് ദിവസത്തെ സന്ദർശനത്തിന് അഞ്ച് കുട്ടികളടക്കം ഏഴംഗ സൗദി കുടുംബം ബുധനാഴ്‌ച്ച രാവിലെയാണ് കുമരകത്തെത്തിയത്.