തബൂക്ക്: കാലാവസ്ഥ പ്രവചനങ്ങൾ ശരിവച്ച് തബൂക്കിൽ ശക്തമായ മഴ. മഴശക്തമായതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടയിലായി. പല ഭാഗങ്ങളിലും മഴ ഇപ്പോഴും തുടരുകയാണെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റോഡുകളിൽ പലയിടങ്ങളിലും കല്ലും മണ്ണും ഇടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ദുബയിലും ശക്തമായ മഴ തുടരുകയാണ്. താഴ്‌വരകൾ മിക്കതും വെള്ളത്തിനടിയിലായിട്ടുണ്ട്.

സ്ഥിതി ഗതികൾ വിലയിരുത്താൻ തബൂക്ക് സിവിൽ ഡിഫൻസ് മേധാവി കേണൽ മംദൂഹ് അൻസിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. റോഡിലും മറ്റും അടിഞ്ഞു കൂടിയ പാറക്കല്ലുകളും മണ്ണും നീക്കം ചെയ്യാൻ സിവിൽ ഡിഫൻസ് രംഗത്തുണ്ട്. അടിയന്തര സാഹചര്യമായതിനാൽ മറ്റു വകുപ്പുകളും സിവിൽ ഡിഫൻസുമായി ചേർന്ന് ദുരിതാശ്വാസത്തിന് നേതൃത്വം നൽകുന്നുണ്ട്. ജനങ്ങളോട് താഴ്‌വരകളിലേക്കും മറ്റും പോകരുതെന്നും റോഡുകളിൽ വെള്ളക്കെട്ടുള്ളതിനാൽ കാൽനടയാത്രക്കാർ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

റോഡിൽ കെട്ടി നിൽക്കുന്ന വെള്ളം നീക്കം ചെയ്യാൻ ജലവകുപ്പിന്റെയും സിവിൽ ഡിഫൻസിന്റെയും ജീവനക്കാർ രംഗത്തുണ്ട്. ഗതാഗത കുരുക്കുകൾ പരിഹരിക്കുന്നതിന് ട്രാഫിക് മേധാവി കേണൽ മുഹമ്മദ് അതീഖിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെ വിന്യസിച്ചതായി അധികൃതർ അറിയിച്ചു.പകർച്ചവ്യാധികൾ തടയുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് ആരോഗ്യ വകുപ്പ് ഉന്നത തല യോഗം വിളിച്ചു ചേർത്തു.

അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ആശുപത്രികൾ സജ്ജമാക്കിയിട്ടുണ്ട്. കാലാവസ്ഥ സംബന്ധിച്ച അറിയിപ്പുകൾ എസ്.എം.എസ് വഴി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അയക്കാൻ സംവിധാനം ഏർപ്പെടുത്തിയതായി വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു.
ശക്തമായ മഴയിൽ കിങ് ഫഹദ് ആശുപത്രിയിൽ ചോർച്ച അനുഭവപ്പെട്ടതിനാൽ അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം അവതാളത്തിലായതായി റിപ്പോർട്ടുണ്ട്.