റിയാദ്: രാജ്യത്ത് പടർന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് ബാധയ്‌ക്കെതിരെ ശക്തമായ നടപടികളുമായി സൗദി ആരോഗ്യ മന്ത്രാലയം രംഗത്തെത്തി. കൊറോണ ബാധയുമായി ബന്ധപ്പെട്ട വിവരങ്ങൾ മറച്ചുവെക്കുന്ന ആശുപത്രികളുടെ ലൈസൻസ് പിൻവലിക്കാനാണ് ആരോഗ്യ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.

വൈറസ് ഭീഷണി നേരിടാൻ ആശുപത്രികളിൽ പ്രത്യേക സംവിധാനം ഒരുക്കാനും സൗദിആരോഗ്യ മന്ത്രാലയ തീരുമാനിച്ചിട്ടുണ്ട്. ഒട്ടക ങ്ങളിൽ വ്യാപകമായി കൊറോണ രോഗം റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നടപടി. സൗദിയിൽ കൊറോണ വൈറസ് ബാധ വ്യാപിക്കുന്നത് തടയുന്നതിന്നായി ആരോഗ്യമന്ത്രായം പ്രത്യേക ഇലക്ട്രോണിക് സംവിധാനമാണ് ഒരുക്കുന്നത്. പൊതു സ്വകാര്യ മേഖലകളിലെ എല്ലാ ആശുപത്രികളിലും ഹിസ്വൻ എന്ന പേരിൽ ഓൺലൈൻ സംവിധാനം ഒരുക്കുവാനാണ് മന്ത്രാലയം ഉദ്ദേശിക്കുന്നത്. കൊറോണ വൈറസ് ബാധ ഉണ്ടായാൽ സ്വീകരികേണ്ട മുൻകരുതലുകൾ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ഈ സംവിധാനത്തിലൂടെ അറിയുവാനും രോഗബാധിതരുടെ രക്ത സാമ്പിളുകളിൽ നിന്നും പരിശോധനയുടെ പുരോഗതി അറിയുവാനും ഈ സംവിധാനത്തിലൂടെ സാധിക്കും. ഇതിനകം രാജ്യത്തെ നാലായിരത്തിലേറെ ആരോഗ്യ പ്രവർത്തകർക്ക് ഈ സംവിധാനത്തെ കുറിച്ചും ഉപയോഗിക്കേണ്ട രീതിയെ സംബന്ധിച്ചും പരിശിലനം നൽകിയിട്ടുണ്ട്.

ശക്തമായ നടപടികൾ കൈക്കൊള്ളുന്നതിന്റെ ഭാഗമായി കൊറോണ വ്യാപനം തടയുന്നതിനുള്ള നടപടികൾ കൈക്കൊള്ളുന്നതിൽ വീഴ്ച വരുത്തിയ റിയാദിലെ സ്വകാര്യ ആശുപത്രി ആരോഗ്യ മന്ത്രാലയം അടപ്പിച്ചു. ജീവന് ഭീഷണിയായ നിരവധി നിയമ ലംഘനങ്ങൾ പരിശോധനാ സംഘം കണ്ടെത്തിയ സാഹചര്യത്തിലാണ് ആശുപത്രി അടക്കാൻ ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടത്

കൂടാതെ സ്ഥാപനങ്ങൾക്ക് ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്താനും ശിപാർശയുണ്ട്. അണുബാധാ നിയന്ത്രണ നടപടികളിൽ വീഴ്ച വരുത്തുന്ന ആരോഗ്യ സ്ഥാപനങ്ങൾക്കും ആരോഗ്യ മേഖലാ ജീവനക്കാർക്കുമെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്നി യമം ലംഘിക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് പിൻവലിക്കുകയും സ്ഥാപനങ്ങൾ അടപ്പിക്കുകയും ചെയ്യും. ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയ ശേഷവും നിയമ ലംഘനം ആവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയാണ് ശക്തമായ ശിക്ഷാ നടപടികൾ സ്വീകരിക്കുക. വ്യത്യസ്തയിനം നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ ആരോഗ്യ മന്ത്രാലയം പരസ്യപ്പെടുത്തുമെന്നും ഡോ. അബ്ദുൽ അസീസ് ബിൻ സഈദ് പറഞ്ഞു.

2012 ൽ രാജ്യത്തുകൊറോണ പ്രത്യക്ഷപ്പെട്ട ശേഷം ഇതുവരെയായി 907 പേർക്ക് രോഗം ബാധിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലോകത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കൊറോണ കേസുകളിൽ ബഹുഭൂരിഭാഗവും സഊദി അറേബ്യയിലാണ്. കൊറോണ ബാധിച്ച് രാജ്യത്ത് ഇതുവരെ 388 പേർ മരണപ്പെട്ടതായാണ് ഏറ്റവും ഒടുവിലത്തെ വിവരം.