കൊച്ചി : ഇടനിലക്കാരെ ഇല്ലായ്മ ചെയ്യാനുള്ള കേന്ദ്ര സർക്കാരിന്റെ നടപടികൾ ഫലിച്ചു. വിദേശത്ത് ജോലി ആഗ്രഹിച്ച് കാത്തിരിക്കുന്ന നേഴ്‌സുമാരെ ചതിക്കുഴിയിലാക്കാൻ ഇനി തട്ടിപ്പുകാർക്ക്‌  കഴിയില്ലെന്ന് ഉറപ്പ്. ഇടനില ഏജൻസികളെ ഒഴിവാക്കി സൗദി അറേബ്യയും നേരിട്ട് കാര്യങ്ങൾ നീങ്ങുന്നു. നേഴ്‌സുമാരെ നേരിട്ട് റിക്രൂട്ട് ചെയ്യുകയാണ് സൗദി ആരോഗ്യമന്ത്രാലയം. ഇതോടെ കോഴപ്പണം നൽകാതെ നേഴ്‌സുമാർക്ക് വിദേശത്ത് ജോലി ചെയ്യാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്. ബയോഡാറ്റ അയയ്ക്കാൻ നേരിട്ട് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.

പത്താംക്ലാസിലും +2വിനും 70 ശതമാനം മാർക്ക് നിർബന്ധമാക്കിയാണ് റിക്രൂട്ട്‌മെന്റ്. ബിഎസ്സി നേഴ്‌സിംഗിന് 60 ശതമാനം മാർക്കിലും കുറയരുത്. രണ്ട് വർഷത്തെ പ്രവർത്തി പരിചയവും നിർബന്ധമാണ്. 32 വയസ്സാണ് പരമാവധി പ്രായപരിധി. ഇത്തരം യോഗ്യതകളുള്ളവർക്ക് ഒക്ടോബർ 20ന് മുമ്പ് ബയോഡാറ്റ് ഇമെയിൽ ചെയ്യാനാണ് സൗദി അരോഗ്യ മന്ത്രാലയം അവസരമൊരുക്കുന്നത്.ovemclsn@gmail.com എന്ന ഇമെയിലിലേക്കാണ് മെയിൽ അയയ്‌ക്കേണ്ടത്. സൗദി ആരോഗ്യവകുപ്പിലെ ഉന്നതർ തന്നെ റിക്രൂട്ട്‌മെന്റിനായി എത്തിയിട്ടുണ്ട്. ഏജൻസികൾ വഴിയല്ലാതേയും നേഴ്‌സുമാർക്ക് റിക്രൂട്ട്‌മെന്റിന് അവസരമൊരുക്കുന്നതാണ് ഈ തീരുമാനം.

സൗദി ആരോഗ്യ മന്ത്രാലയം 17 മുതൽ 27 വരെ ഡൽഹി, ഹൈദരാബാദ്, ബാംഗ്ലൂർ എന്നിവിടങ്ങളിലാണ് ഇന്റർവ്യൂ നടത്തുന്നത്. ഇതിന് സുപ്രീം കോടതി പ്രത്യേക അനുമതി നൽകിയിട്ടുണ്ടെന്ന് സർക്കാർ ഏജൻസികൾ അറിയിച്ചു. കഴിഞ്ഞമാസം ദുബായിൽ കുവൈത്ത് ആരോഗ്യമന്ത്രാലയം നേരിട്ട് ഇന്റർവ്യൂ നടത്തിയിരുന്നു. ഇതിൽ 1200 ഉദ്യോഗാർഥികൾ ജോലിക്കു യോഗ്യത നേടിയിരുന്നു. ഇതിന് പിന്നിൽ കളിച്ചത് തട്ടിപ്പ് വീരൻ ഉതുപ്പ് വർഗ്ഗീസായിരുന്നു. ദുബായിൽ ഉതുപ്പും എത്തിയിരുന്നു. ഇത് വലിയ വിവാദമായി. പാവം നേഴ്‌സുമാരെ ഗൾഫിൽ എത്തിച്ച് ലക്ഷങ്ങൾ തട്ടുന്ന പുതു തന്ത്രം ഉതുപ്പ് പയറ്റുകയായിരുന്നു. ഈ സാഹചര്യത്തിലാണ് വിവാദങ്ങളെല്ലാം ഒഴിവാക്കാനായി സൗദിയുടെ നീക്കം ശ്രദ്ധേയമാകുന്നത്. അവർ ഇന്ത്യൻ നിയമത്തെ അംഗീകരിച്ച് ഇവിടെ റിക്രൂട്ട്‌മെന്റ് നടത്തുന്നു.

സ്റ്റാഫ് നഴ്‌സുമാരെ തെരഞ്ഞെടുക്കാനുള്ള സെലക്ഷൻ കമ്മിറ്റി ഈ മാസം 17 മുതൽ 27വരെ മൂന്ന് പ്രധാന നഗരങ്ങളിൽ എത്തുമെന്ന് സൗദി എംബസി സർക്കാർ അറിയിച്ചു. 11 സ്വകാര്യ റിക്രൂട്ട്‌മെന്റ് ഏജൻസികൾക്ക് പുറമേ സർക്കാർ അംഗീകൃത ഏജൻസികൾക്കും നഴ്‌സുമാരെ എത്തിക്കാനുള്ള കത്തു ലഭിച്ചിട്ടുണ്ട്. സൗദി എംബസിയിലെ ഹെൽത്ത് എംപ്ലോയ്‌മെന്റ് അറ്റാഷെ എഹിയ മൊഫാറ ഫൈഫിയാണ് കത്ത് അയച്ചിരിക്കുന്നത്. സ്വകാര്യ ഏജൻസിക്കൊപ്പം സർക്കാർ ഏജൻസികളേയും ഇതുമായി സഹകരിപ്പിക്കുന്നതിനാൽ തട്ടിപ്പിൽപ്പെടാതെ നേഴ്‌സുമാർക്ക് രക്ഷപ്പെടാൻ അവസരമുണ്ട്.

അതിനിടെ ദുബായിൽ നടന്ന അഭിമുഖത്തിൽ നിയമനം നേടിയവരുടെ എമിഗ്രേഷൻ ക്ലിയറൻസ് അടക്കമുള്ള കാര്യങ്ങൾക്ക് സഹായം ആവശ്യപ്പെട്ട് കുവൈത്ത് ആരോഗ്യമന്ത്രാലയത്തിൽനിന്നുള്ള പ്രതിനിധികൾ ഡിസംബറിൽ ഇന്ത്യയിലെത്തുമെന്ന് അറിയിച്ചതായി നിലവിൽ റിക്രൂട്ട്‌മെന്റ് ചുമതലയുള്ള സർക്കാർ ഏജൻസികളെ കുവൈത്തിലെ ഇന്ത്യൻ എംബസി അറിയിച്ചു. കേരളത്തിലെ ഒഡെപെക്, നോർക്ക, ചെന്നൈയിലെ ഓവർസീസ് മാൻപവർ കോർപറേഷൻ തുടങ്ങിയ അംഗീകൃത ഏജൻസികൾ വഴി മാത്രമേ വിദേശത്തേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാവൂ എന്നാണ് കേന്ദ്ര സർക്കാർ തീരുമാനം. വിദേശത്തെ തൊഴിൽദാതാക്കൾ ഇമൈഗ്രേഷൻവഴി മുൻകൂർ രജിസ്റ്റർ ചെയ്തുവേണം റിക്രൂട്ട്‌മെന്റ് നടത്താൻ.

വിദേശത്തേക്കുള്ള ഇന്ത്യക്കാരുടെ റിക്രൂട്ട്‌മെന്റിന് ഇമൈഗ്രേറ്റ് സംവിധാനം ഏർപ്പെടുത്തിയതിനെത്തുടർന്നുള്ള ആശയക്കുഴപ്പങ്ങൾ പരിഹരിക്കാൻ കേന്ദ്ര വിദേശകാര്യ സെക്രട്ടറി എ.കെ. അഗർവാളിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം യു.എ.ഇ അധികൃതരുമായി ഇന്നലെ ചർച്ച നടത്തി. യു.എ.ഇ. സംസ്‌കാരിക, യുവജനക്ഷേമ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനുമായാണ് ഇന്ത്യൻ പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തിയത്. തൊഴിലാളികളുടെ ക്ഷേമത്തിനായി സ്വീകരിച്ച നടപടികൾ യു.എ.ഇ തൊഴിൽ മന്ത്രാലയം അസി. അണ്ടർ സെക്രട്ടറി ഇന്ത്യൻ സംഘത്തോടു വിശദീകരിച്ചു. ഇന്ത്യൻ സ്ഥാനപതി ടി.പി. സീതാറാം, വ്യവസായി എം.എ. യൂസഫലി എന്നിവരും ഇന്ത്യൻ സംഘത്തോടൊപ്പമുണ്ടായിരുന്നു.

ഈ ചർച്ചകളും ഫലപ്രദമാകുമെന്നാണ് പ്രതീക്ഷ. അവരോടും സൗദി അറേബ്യൻ മാതൃകയിൽ ഇന്ത്യയിലെത്തി റിക്രൂട്ട്‌മെന്റ് നടത്താൻ ഇന്ത്യ ആവശ്യപ്പെടുമെന്നാണ് സൂചന.