രാഴ്‌ച്ചയ്ക്ക് മുമ്പാണ് കുവൈറ്റിന് പിന്നാലെ സൗദിയിലെ വിദേശികൾക്ക് നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്താൻ സാധ്യതയെന്ന വാർത്ത പുറത്ത് വന്നത്. സൗദിയിലെത്തുന്ന തൊഴിലാളിക്ക് ആദ്യ വർഷത്തിൽ നാട്ടിലേക്കയക്കുന്ന പണത്തിന്റെ ആറ് ശതമാനം ടാക്സ് ഏർപ്പെടുത്തുകയും അഞ്ച് വർഷത്തിനകം ഇത് രണ്ട് ശതമാനമായി കുറക്കുകയും ചെയ്യുന്ന രീതിയാണ് ശൂറ കൗൺസിൽ പഠനം നടത്തുന്നതെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഈ വാർത്തകൾ നിഷേധിച്ച് സൗദി ധനമന്ത്രി ഇബ്രാഹിം അൽ അസ്സാഫ് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ.

ഇക്കാര്യത്തിൽ സർക്കാർ ഇത് വരെ തീരുമാനം എടുത്തിട്ടില്ലെന്ന് വാർത്താ ലേഖകരോട് സംസാരിക്കവേ കഴിഞ്ഞ ദിവസം അദ്ദേഹം വ്യക്തമാക്കി.സൗദി ഗവർമെന്റിന്റെ സാമ്പത്തിക പരിഷ്‌കാര പദ്ധതി കഴിഞ്ഞ തിങ്കളാഴ്ച അംഗീകരിക്കപ്പെട്ടുവെങ്കിലും ആ പദ്ധതിയിൽ രണ്ടു നികുതികൾ മാത്രമേ ഇത് വരെ അംഗീകരിച്ചിട്ടുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.വാറ്റ് (വാല്യൂ അഡഡ് ടാക്‌സ്) നികുതിയും പുകയിലക്കും മധുര പാനീയങ്ങൾക്കും ഏർപ്പെടുത്തുന്ന നികുതികളാണവ.

തിങ്കളാഴ്ച അംഗീകരിക്കപ്പെട്ട സാമ്പത്തിക പരിഷ്‌കാര പദ്ധതിയിൽ സ്വദേശികൾ ഒഴികെയുള്ള രാജ്യത്തെ താമസക്കാർക്ക് മേൽ വരുമാന നികുതി ഏർപ്പെടുത്തുന്ന പരാമർശം ഉണ്ടായിരുന്നു. 2020 മുതലാണ് ഇത് ശുപാർശ ചെയ്യപ്പെട്ടിരുന്നത്. അതിനു പിറകെ രാജ്യത്തെ വിദേശികൾക്ക് നാട്ടിലേക്ക് അയക്കുന്ന പണത്തിന്മേൽ വരുമാന നികുതി ഏർപ്പെടുത്തും എന്ന തരത്തിൽ
അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ ഇതൊരു നിർദ്ദേശം മാത്രമാണ് എന്നാണു മന്ത്രിയുടെ വിശദീകരണം. അവസാന തീരുമാനം ഇക്കാര്യത്തിൽ ഇത് വരെ ഉണ്ടായിട്ടില്ല. വിശദമായി പരിശോധിച്ചതിനു ശേഷം മാത്രമേ അവസാന തീരുമാനം കൈക്കൊള്ളുകയുള്ളൂ.

5% ആണ് അംഗീകരിക്കപ്പെട്ടിരിക്കുന്ന വാറ്റ് നികുതി നിരക്ക്. 2018 മുതലാണ് ഇത് നടപ്പിലാക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. എന്നാൽ ഈ നിരക്ക് ഉയർത്തുന്നതിനുള്ള സാധ്യതയും മന്ത്രി തള്ളിക്കളഞ്ഞില്ല. സ്വദേശികൾക്കും വരുമാന നികുതി ഏർപ്പെടുത്തുന്ന വാർത്തകളും മന്ത്രി നിഷേധിച്ചു.