ന്യൂഡൽഹി: വളർത്തു നായയുമായി പാർക്കിലെത്തിയതിന് സൗദി നയതന്ത്ര ഉദ്യോഗസ്ഥന് ഡൽഹിയിൽ കുറെ ചെറുപ്പക്കാരുടെ മർദനമേറ്റതായി റിപ്പോർട്ട്. ഡൽഹി സഫ്ദർഗഞ്ച് മേഖലയിലുള്ള പാർക്കിലാണ് സൗദി നയതന്ത്ര ഉദ്യോഗസ്ഥൻ വളർത്തുനായയുമായി പ്രവേശിച്ചത്.

ന്യൂഡൽഹി എംബസിയിൽ ജോലി ചെയ്യുന്ന അബ്ദുൾ റഹ്മാനാണ് ഈ ദുരനുഭവമുണ്ടായത്. വൈകുന്നേരം നടക്കാനിറങ്ങിയപ്പോഴാണ് അബ്ദുൾ റഹ്മാൻ വളർത്തുനായയുമായി പാർക്കിലെത്തുന്നത്. നായ്ക്കളെ പാർക്കിനുള്ളിൽ പ്രവേശിപ്പിക്കരുതെന്ന് പാർക്കിനു മുന്നിൽ ഹിന്ദിയിൽ എഴുതി വച്ചിട്ടുണ്ടെങ്കിലും ഹിന്ദി വായിക്കാൻ അറിയാത്ത ഡിപ്ലോമാറ്റ് നായയുമായി പാർക്കിൽ പ്രവേശിക്കുകയായിരുന്നു.
പാർക്കിലെത്തിയ ഉടൻ ഒരു ചെറുപ്പക്കാരൻ അബ്ദുൾ റഹ്മാന്റെ സമീപത്തെത്തി ഹിന്ദിയിൽ ഒച്ചവച്ചെന്നു പറയപ്പെടുന്നു. ഹിന്ദി മനസിലാവാത്തതിനാൽ ഇയാളോട് ഇംഗ്ലീഷിൽ സംസാരിക്കാൻ അബ്ദുൾ റഹ്മാൻ ആവശ്യപ്പെട്ടു. പിന്നീട് നായ്ക്കളെ പ്രവേശിപ്പിക്കരുതെന്ന മുന്നറിയിപ്പ് ബോർഡ് കാണിക്കുകയും പൊലീസിൽ ഇക്കാര്യം പരാതിപ്പെടുകയും ചെയ്യുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തുവത്രേ. എന്നാൽ താനൊരു നയതന്ത്ര ഉദ്യോഗസ്ഥനാണെന്നു പറഞ്ഞുവെങ്കിലും ഇയാൾ മറ്റു സുഹൃത്തുക്കളേയും കൂട്ടി എത്തുകയായിരുന്നുവെന്ന് അബ്ദുൾ റഹ്മാൻ പരാതിയിൽ പറയുന്നു.

പാർക്കിൽ നിന്ന് പോകാനൊരുങ്ങിയ ഡിപ്ലോമാറ്റിനെ ചെറുപ്പക്കാർ ആക്രമിക്കുകയായിരുന്നത്രേ. ചെറുക്കാൻ ശ്രമിച്ച നയതന്ത്രജ്ഞനെ ചെറുപ്പക്കാർ താഴെയിട്ട് മർദിക്കുകയും ഉടൻ രാജ്യം വിട്ടു പോകണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് അബ്ദുൽ റഹ്മാൻ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. സംഭവസ്ഥലത്ത് 40ഓളം പേർ നോക്കി നിൽപ്പുണ്ടായിരുന്നുവെന്നും ആരും തന്നെ രക്ഷിക്കാൻ എത്തിയില്ലെന്നും നയതന്ത്രജ്ഞൻ വ്യക്തമാക്കി. ഇവിടെ നിന്നു രക്ഷപ്പെട്ട അബ്ദുൾ റഹ്മാൻ തന്റെ പേഴ്‌സണൽ സ്റ്റാഫിനോട് ഇക്കാര്യം പറയുകുയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഡിപ്ലോമാറ്റിനെ പ്രാഥമിക ചികിത്സയ്ക്കു ശേഷം വിട്ടയച്ചു.