ദമ്മാം: കേരളത്തിൽ മയക്കുമരുന്നുമായി സിനിമാ നടൻ ഉൾപ്പെടെയുള്ളവർ അറസ്റ്റിലായ സംഭവത്തിന്റെ അന്വേഷണം എങ്ങുമെത്താതെ നില്ക്കുന്നതിനിടെ പ്രവാസി നാട്ടിലും മലയാളിയെ മയക്ക് മരുന്ന് കേസിൽ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. സൗദിയിലെ ദമ്മാം ഇന്ത്യൻ സ്‌കൂളിലെ വിദ്യാർത്ഥി കൂടിയായ മലയാളി വിദ്യാർത്ഥിയെയാണ് മയക്കുമരുന്നുമായി പൊലീസ് പിടികൂടിയിരിക്കുന്നത്.

വിദ്യാർത്ഥി വിസയിൽ ദമ്മാമിൽ കഴിയുന്ന 21കാരനായ ഇന്ത്യക്കാരനും 19 കാരനായ പാക് വിദ്യാർത്ഥിക്കുമൊപ്പമാണ് എറണാകുളം സ്വദേശിയ്‌ക്കൊപ്പം അറസ്റ്റിലായിരിക്കുന്നത്. ഏതാനും ദിവസം മുമ്പാണ് പ്‌ളസ്ടു വിദ്യാർത്ഥി മയക്കു മരുന്നുമായി കസ്റ്റഡിയിലായത്. നാർകോട്ടിക് വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്ന വിദ്യാർത്ഥിയെ രാത്രി 11ന് റോഡിൽ വച്ചാണ് പിടികൂടിയതെന്നാണ് റ്പ്പോർട്ട്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടു പേർ കൂടി പൊലീസ് വലയിലായത്.

ഇവരെ ചോദ്യം ചെയ്തു വരികയാണ്. വിദ്യാർത്ഥി വിസയിൽ രാജ്യത്ത് തങ്ങുന്ന മറ്റ് രണ്ട് പേരും ഏതെങ്കിലും സ്ഥാപനത്തിൽ പഠിക്കുന്നവര ല്ലെന്നാണ് അറിയുന്നത്. സൗദിയിൽ 24 വയസ്സുവരെ രക്ഷിതാക്കളുടെ സ്‌പോൺസർഷിപ്പിൽവിദ്യാർത്ഥികൾക്ക് തുടരാം.അതീവ ഗുരുതരമായ മയക്കു മരുന്നു കേസിൽ വിദ്യാർത്ഥി വിസയിലുള്ള മൂന്നുപേർ പിടിയിലായതോടെ അന്വേഷണം സ്‌കൂളുകൾ കേന്ദ്രീകരിച്ച് ശക്തമാക്കിയതായാണ് ലഭ്യമാകുന്ന വിവരം. മറ്റു രാജ്യങ്ങളിൽ നിന്ന് വരുന്ന ട്രക്ക് ഡ്രൈവർമാരാണ് പ്രധാനമായും മയക്കു മരുന്ന് കൊണ്ടുവരുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്. ഇവരെ വിദ്യാർത്ഥികളുമായി ബന്ധിപ്പിക്കുന്ന കണ്ണികളെ കണ്ടത്തെുന്നതിന്റെ ഭാഗമായി സ്‌കൂൾ പരിസരത്ത് നിരീക്ഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് മയക്കു മരുന്ന് മാഫിയ സജീവമാവുന്നതിന്റെ പശ്ചാത്തലത്തിൽ 17000ലധികം കുട്ടികൾ പഠിക്കുന്ന ഇന്ത്യൻ സ്‌കൂളിൽ അധികൃതർ ശക്തമായ സുരക്ഷനടപടികൾ സ്വീകരിച്ചിട്ടുണ്ട്.