റിയാദ്: സർക്കാർ പദ്ധതികളിലടക്കം വ്യാജ എഞ്ചിനീയർമാർ ജോലി ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് എഞ്ചിനീയറിങ് കൗൺസിൽ കർശന നിയമം കൊണ്ടുവരുന്നു. പുതിയതായി സൗദിയിലേക്ക് വരുന്ന എഞ്ചിനിയർമാർക്ക് കർശന നിബന്ധനകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ഇനി മുതൽ നാല് വർഷത്തെ മുൻ പരിചയമുള്ള എഞ്ചിനീയർമാർക്ക് മാത്രമെ വിസ സ്റ്റാമ്പ് ചെയ്ത് നല്കുകയുള്ളുവെന്നാണ് ഈ നിബന്ധനകളിൽ ഏറ്റവും പ്രധാനം. കൂടാതെ പുതിയ വിസയിലെത്തുന്ന എഞ്ചിനീയർമാർക്ക് മുന്നുമാസത്തിനു ശേഷം മാത്രമെ ഇഖാമ നല്കുകയുമുള്ളൂ. സൗദി എഞ്ചിനീയറിങ് കൗൺസിലാണ് ഇക്കാര്യമറിയിച്ചത്.

സൗദിയിലെത്തിയാൽ എഞ്ചിനീയർമാർക്ക് മൂന്നുമാസക്കാലം പ്രൊബേഷൻ നിർബന്ധമാണ്. മുന്ന് മാസത്തെ കാലാവധിക്കുശേഷം യോഗ്യരെന്ന് തെളിഞ്ഞ ശേഷം എഞ്ചിനീയറിങ് കൗൺസിലിൽ രജിസ്‌ട്രേഷൻ നടത്തും. രജിസ്‌ട്രേഷൻ നടപടി പൂർത്തിയാക്കിയ ശേഷം വർക്ക് പെർമിറ്റും ഇഖാമയും അനുവദിക്കുന്നതിന് അപേക്ഷ നല്കാവുന്നതാണെന്ന് എഞ്ചിനീയറിങ് കൗൺസിൽ വക്താവ് എഞ്ചിനീയർ അബ്ദുന്നാസിർ ബിൻ സൈഫ് അബ്ദുൽ ലത്തിഫ് പറഞ്ഞു.

രജിസ്‌ട്രേഷൻ നടപടി പൂർത്തിയായാലാണ് തൊഴിൽ മന്ത്രാലയത്തെയും ജവാസാത്തിനെയും കൗൺസിലിനെ ഓൺ ലൈൻ മുഖേന അറിയിക്കേണ്ടത്. അതിനുശേഷമായിരിക്കും തൊഴിൽ പെർമിറ്റ് കാർഡും ഇഖാമയും നൽകുക. ഇഖാമ ലഭിച്ചശേഷം മാത്രമായിരിക്കും യോഗൃതാ സർട്ടിഫിക്കറ്റുകൾ പരിശോധിക്കുക എന്നും എഞ്ചിനീയറിങ് കൗൺസിൽ വക്താവ് എഞ്ചിനീയർ അബ്ദുന്നാസിർ ബിൻ സൈഫ് അബ്ദുൽ ലത്തിഫ് വ്യക്തമാക്കി.