വിവിധ കേസുകളിൽ അകപ്പെട്ട് സൗദിയിൽ ജയിലിൽ കഴിയുന്ന മലയാളികൾ ഉൾപ്പെട്ട തടവുകാർക്ക് സ്വന്തം നാട്ടിലേ ജയലിലേക്ക് വരാൻ അവസരം ഒരുങ്ങുന്നു. വിദേശ കുറ്റവാളികളെ കഴിയുന്നത്ര വേഗം അവരുടെ രാജ്യങ്ങളിലേക്ക് കയറ്റി വിടണമെന്ന് സൗദി ശൂറാ കൗൺസിൽ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നല്കിയതാണ് വിദേശി തടവുകാർക്ക് ആശ്വാസമാകുന്നത്.

കുറ്റവാളികളെ പരസ്പരം കൈമാറാൻ ധാരണയിലെത്തിയ രാജ്യങ്ങളിലെ പൗരന്മാർക്കാണ് ഇത് ബാധകമാകുക. കുറ്റവാളികളെ പരസ്‍പരം കൈമാറാൻ വിവിധ രാജ്യങ്ങളുമായി നേരത്തെ സൗദി ധാരണയിലെത്തിയിരുന്നു. ഇന്ത്യയുമായും സൗദി കരാർ ഉറപ്പാക്കിയിരുന്നെങ്കിലും സാങ്കേതിക പ്രശ്‌നങ്ങളുടെ പേരിൽ ഈ രാജ്യങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് കുറ്റവാളികൾ ഇപ്പോഴും രാജ്യത്തെ ജയിലുകളിൽ കഴിയുന്നുണ്ട്.

ജയിലിൽ കഴിയുന്ന ഓരോ കുറ്റവാളിക്കും പ്രതിമാസം നാലായിരം റിയാൽ വീതം ഗവൺമെന്റ് ചെലവഴിക്കുന്നുണ്ട്. 31,000 വിദേശ കുറ്റവാളികൾ രാജ്യത്തെ ജയിലുകളിൽ കഴിയുന്നതായാണ് റിപ്പോർട്ട്. അതായത് ഈ കുറ്റവാളികളെ അവരുടെ നാട്ടിലേക്ക് കയറ്റി വിട്ടാൽ വർഷത്തിൽ 148 കോടിയോളം റിയാൽ ലാഭിക്കാൻ സാധിക്കും.ഇങ്ങനെ കയറ്റി വിടപ്പെടുന്ന കുറ്റവാളികൾക്ക് ജയിൽ ശിക്ഷയുടെ ബാക്കി സ്വന്തം രാജ്യത്ത് അനുഭവിച്ചാൽ മതിയാകും.