റിയാദ്: സൗദി യുവതിയുമായി പ്രണയത്തിലായ ഇന്ത്യൻ യുവാവിനെ നാടുകടത്താൻ ശ്രമം. ഇരുപതുകാരിയായ സൗദി പെൺകുട്ടിയുമായി പ്രണയത്തിലായ ഷോപ്പിങ് മാൾ ജീവനക്കാരനെയാണ് നാടു കടത്താൻ ശ്രമം നടക്കുന്നത്. പെൺകുട്ടിയുടെ പിതാവിന്റെ നേതൃത്വത്തിലാണ് നാടുകടത്തൽ ശ്രമം.

ഇന്ത്യൻ യുവാവിനെ വിവാഹം കഴിക്കണമെന്ന് പെൺകുട്ടി നിർബന്ധം പിടിച്ചതാണ് വീട്ടുകാരെ ചൊടിപ്പിച്ചത്. തൊഴിലുടമയെ സ്വാധീനിച്ച് യുവാവിനെ നാടുകടത്താനായിരുന്നു ശ്രമം. എന്നാൽ പെൺകുട്ടിയുടെ വീട്ടുകാരുടെ ഈ നീക്കം പരാജയപ്പെട്ടതായി പ്രാദേശിക പത്രമായ സദ റിപ്പോർട്ട് ചെയ്യുന്നു. പക്ഷേ ഇപ്പോഴും പെൺകുട്ടിയുടെ വീട്ടുകാർ സമ്മർദ്ദം തുടരുകയാണെന്നാണ് സൂചന.

റിയാദിലെ ഒരു ഷോപ്പിങ് മാളിൽ ഡെലിവെറി ബോയ് ആയി ജോലിനോക്കുന്ന ഇന്ത്യക്കാരനുമായിട്ടാണ് യുവതി പ്രണയത്തിലായത്. ഇയാൾ ജോലിചെയ്യുന്ന കടയിൽ യുവതി എത്തിയത് മുതലാണ് പ്രണയം തുടങ്ങുന്നത്. ഏറെ നാളായി ഇവർ പ്രണയത്തിലുമാണ്. വിവാഹത്തെപ്പറ്റി വീട്ടുകാർ ആലോചന തുടങ്ങിയതോടെയാണ് പെൺകുട്ടി തന്റെ പ്രണയം വീട്ടുകാരോട് പറഞ്ഞത്. ഇതോടെ അച്ഛൻ കഥയിൽ വില്ലനായി. കാമുകനായ ഇന്ത്യക്കാരനെ എങ്ങനേയും സൗദിയിൽ നിന്ന് തുരത്താനുള്ള ശ്രമം ഇയാൾ ആരംഭിച്ചു. ഇതിനായി യുവാവിന്റെ സ്‌പോൺസറെ കാണുകയും ചെയ്തു.

യുവാവിനെ നാട് കടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ നാടുകടത്താനുള്ള ശ്രമങ്ങളെല്ലാം പാഴായി. യുവതിയാകട്ടേ വിവാഹം കഴിക്കുന്നെങ്കിൽ അത് കാമുകനായ ഇന്ത്യക്കാരനെ ആയിരിക്കും എന്ന ഉറച്ച തീരുമാനത്തിലാണ്. തങ്ങളുടെ പാരമ്പര്യത്തിനും സംസ്‌ക്കാരത്തിനും വിദേശികളെ വിവാഹം കഴിക്കുന്നത് ചേർന്നതല്ലെന്ന് പറഞ്ഞാണ് പെൺകുട്ടിയുടെ പിതാവും ബന്ധുക്കളും വിവാഹത്തെ എതിർക്കുന്നത്. തന്റെ നിലപാടിൽ നിന്നും അൽപ്പം പോലും പിന്നോട്ടില്ലെന്നാണ് പെൺകുട്ടി പറയുന്നത്.