റിയാദ്: സൗദിയിൽ ഗാർഹിക ജോലിക്കാരുടെ അവകാശങ്ങൾ നിഷേധിക്കുന്നവരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ സൗദി സർക്കാർ നീക്കം നടത്തുന്നതായി സൂചന. ഗാർഹിക തൊഴിലാളികൾക്ക് ശമ്പളം നൽകുന്നത് വൈകിപ്പിക്കുന്നത് ഉൾപ്പെടെയുള്ള അവകാശ ലംഘനങ്ങൾ നടത്തുന്ന സ്‌പോൺസർമാരെയാണ് കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ ഗവൺമെന്റ് നീക്കം നടത്തുന്നത്.

ഗാർഹിക തൊഴിലാളികൾക്കു കൃത്യമായി ശമ്പളം നൽകാതെയും കൃത്യമായ കാലയളവിൽ അവധി നൽകാതെയും അന്യായമായി യാത്ര തടഞ്ഞുവച്ചും മറ്റും പ്രയാസപ്പെടുത്തുകയോ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയോ ചെയ്യുന്ന സ്‌പോൺസർമാരെ കരമ്പട്ടികയിൽ ഉൾപ്പെടുത്തും.

വൈകാതെ തന്നെ ആഭ്യന്തര മന്ത്രലായം, വിദേശ മന്ത്രാലയം, നീതിന്യായ മന്ത്രാലയം, സാമൂഹികക്ഷേമ മന്ത്രാലയം, സൗദി മോണിറ്ററിങ് ഏജൻസി (സാമ) തുടങ്ങിയ വകുപ്പുകളേയും തൊഴിൽ മന്ത്രാലയവുമായി ബന്ധപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്

കരിമ്പട്ടികയിൽ ഉൾപ്പെട്ടവർക്ക് പിന്നീട് റിക്രൂട്ടിങ്ങ് നടത്താനാവില്ല എന്നതിനുപരി തൊഴിൽ മന്ത്രാലയത്തിന് കീഴിലെ പ്രശ്‌നപരിഹാര കോടതിയിൽ ഹാജരായി വിചാരണ നേരിടേണ്ടി വരികയും ചെയ്യും. വ്യക്തികൾക്ക് പുറമെ തൊഴിലാളികളുടെ അവകാശം നിഷേധിക്കുന്ന റിക്രൂട്ടിങ്ങ് ഏജൻസികളെയും കമ്പനികളെയും ഇത്തരത്തിൽ കരിമ്പട്ടികയിൽ ഉൾപ്പെടുത്തും.