ജിദ്ദ: അനധികൃത പണംപിരിവുകർക്കെതിരെ കർശന നടപടി വ്യവസ്ഥ ചെയ്യുന്ന നിയമഭേദഗതി ശുറാ കൗൺസിൽ നാളെ ചർച്ച ചെയ്യും. അനധികൃതമായി സംഭാവനകൾ ശേഖരിക്കുന്നവർ ക്കെതിരെയുള്ള ശിക്ഷാനടപടി കൂടുതൽ കർക്കശനമാക്കുന്ന തരത്തിലാണ് പുതിയ നിയമഭേദഗതി. നിയമലംഘകർക്ക് തടവും, പിഴയും, നാടുകടത്തലും ആയിരിക്കും ശിക്ഷ.

ഭേതഗതി ഇപ്പോൾ സൗദി ശൂറാ കൗൺസിലിന്റെ പരിഗണനയിലാണ്. ലൈസൻസുള്ള സന്നദ്ധ സംഘടനകൾക്ക് മാത്രമേ സംഭാവന പിരിക്കാൻപാടുള്ളൂ. ഓരോ തവണയും സംഭാവന പിരിക്കുന്നതിനും നോട്ടീസുകൾഇറക്കുന്നതിനും മുമ്പ് ഈ സംഘടനകൾ ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി വാങ്ങണം. ഇത് ലംഘിച്ചാൽ ഈ സംഘടനകളുടെ അക്കൗണ്ട് മരവിപ്പിക്കാൻ മോണിട്ടറി ഏജൻസിക്ക് അധികാരമുണ്ടാകും. കൂടാതെ ഈ സംഘടനകളിലെ ഉന്നതോദ്യോഗസ്ഥർക്ക് എതിരെയും നടപടിയുണ്ടാകും.

സംഭാവന ശേഖരിക്കുന്നതിനും വിതരണത്തിനും ശേഖരിക്കാൻ ആഹ്വാനം ചെയ്യുന്നതിനും സൗദികൾക്ക് മാത്രമേ അനുമതി നലകുകയുള്ളൂ. അനുമതി ഇല്ലാതെ പണപ്പിരിവ് നടത്തിയാൽ രണ്ടു വർഷം വരെ തടവും രണ്ടു ലക്ഷം റിയാൽപിഴയും ശിക്ഷ ലഭിക്കും. ശേഷം വിദേശികളെ നാടു കടത്തും. അനധികൃതമായി സംഭാവനകൾ ശേഖരിക്കുന്ന സ്ഥാപനങ്ങൾക്ക് അഞ്ച് ലക്ഷം റിയാൽ വരെ പിഴ ചുമത്തും.

സംഭാവന പിരിക്കുന്ന സംഘടനകൾ അത് എന്തിനു വേണ്ടി എങ്ങിനെ ചെലവഴിക്കുമെന്ന് നേരത്തെ വ്യക്തമാക്കണം. വകമാറ്റി ചെലവഴിച്ചാലും നടപടി സ്വീകരിക്കാൻ നിയമം വ്യവസ്ഥ ചെയ്യുന്നു.