സൗദിയിൽ പുതിയ അധ്യയന വർഷത്തിൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾക്ക് മൂന്ന് മാസത്തോളം തുടരുന്ന വേനൽക്കാല അവധി ലഭിക്കും. റിയാദ്, ദമ്മാം ഇന്റർനാഷണൽ സ്‌കൂളുകൾ ഉൾപ്പെടെ നിരവധി വിദ്യഭ്യാസ സ്ഥാപനങ്ങൾ വേനലവധിക്കൊപ്പം രണ്ട് പെരുന്നാളുകളുടെ അവധികൾ കൂട്ടിച്ചേർത്തുകൊണ്ടുള്ള അവധിക്കാല ഷെഡ്യുൾ പ്രഖ്യാപിച്ചു.

പ്രവാസി വിദ്യാർത്ഥികൾക്ക് ഇത്തവണ രണ്ടര മാസത്തിലധികം നീണ്ടു നിൽക്കുന്നതായിരിക്കും വേനൽക്കാല അവധി. പുതിയ അധ്യയന വർഷത്തിൽ ചെറിയ പെരുന്നാളിന്റെ ഒരാഴ്‌ച്ച മുൻപ് അടക്കുന്ന സ്‌കൂളുകളിൽ ബലിപ്പെരുന്നാളിന് ശേഷം ഒരാഴ്‌ച്ച പിന്നിട്ടാണ് പ്രവൃത്തി ദിനം ആരംഭിക്കുക. രണ്ട് പെരുന്നാളുകളുടെ അവധിയും വേനൽക്കാല അവധിയും ചേർത്താണ് ഇന്ത്യൻ സ്‌കൂളുകൾ രണ്ടരമാസത്തിലധികം ദൈർഘ്യമുള്ള  അവധിക്കാലം ക്രമീകരിച്ചത്. വേനൽക്കാല അവധി കഴിഞ്ഞ് സ്‌കൂളുകൾ തുറന്ന് രണ്ടാഴ്‌ച്ച പിന്നിടുന്നതോടെ ബലി പെരുന്നാളിന്റെ അവധി ആരംഭിക്കുന്ന സാഹചര്യത്തിലാണ് അവധി ദിനങ്ങൾ പുനക്രമീകരിച്ചു കൊണ്ട് പുതിയ തീരുമാനം കൈക്കൊണ്ടത്.

രണ്ട് ഘട്ടങ്ങളിലായി അവധി ക്രമീകരിച്ച് പുറത്തിറക്കിയ സർക്കുലർ പിൻവലിച്ചാണ് റിയാദ് ഇന്റർനാഷൽ ഇന്ത്യൻ സ്‌കൂൾ പുതിയ അറിയിപ്പ് പുറത്തിറക്കിയത്. ദമ്മാം ഇൻർനാഷണൽ ഇന്ത്യൻ സ്‌കൂളും സമാനമായ ക്രമീകരണം നടത്തിയിട്ടുണ്ട്.

ഇത് പ്രകാരം 2016 ജൂൺ 23ന് ആരംഭിക്കുന്ന അവധി സപ്തംബർ 18നാണ് അവസാനിക്കുക. നിലവിലെ കലണ്ടറുകൾ പ്രകാരം ജൂലൈ ആറിന് ചെറിയ പെരുന്നാളും സപ്തംബർ 11ന് ബലിപ്പെരുന്നാളും ഉണ്ടാകും. ഇന്ത്യൻ എംബസിയുടെ നിയന്ത്രണത്തിലുള്ള സ്‌കൂളുകൾക്ക് പുറമെ റിയാദ് മിഡിൽ ഈസ്റ്റ് ഇന്റർനാഷണൽ സ്‌കൂൾ ഉൾപ്പെടെ ചില സ്വകാര്യ സ്‌കൂളുളും ഇതേ മാനദണഡമാണ് പിന്തുടരുന്നത്. അതേസമയം ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ ഉൾപ്പെടെ ചില സ്‌കൂളുകൾഇതുവരെയും അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.