റിയാദ്: രാജ്യത്തെ വിദേശികൾ ഉൾപ്പെടെയുള്ളവർക്ക് ഏർപ്പെടുത്തിയ അന്യായമായ വാഹന, ആരോഗ്യ ഇൻഷൂറൻസ് നിരക്ക് വർധനക്കെതിരെ ശൂറ കൗൺസിലും രംഗത്ത്. സാമ്പത്തിക, ഊർജ സമിതിയാണ് വിലവർദ്ധനവിനെതിരെ വിമർശം ഉന്നയിച്ചത്. സൗദി വിപണി മത്സര സഭയുടെ ദ്വിവർഷ റിപ്പോർട്ട് അവലോകനം ചെയ്യവെയാണ് ശൂറ കൗൺസിൽ അംഗങ്ങൾ ഇൻഷൂറൻസ് നിരക്ക് വർധനവിനെതിരെ വിമർശനം ഉയർത്തിയത്. ശൂറയിലെ സാമ്പത്തിക, ഊർജ്ജ സമിതി മേധാവി അബ്ദുറഹ്മാൻ അർറാശിദാണ് റിപ്പോർട്ട് ശൂറയിൽ അവതരിപ്പിച്ചത്.

സൗദി ട്രാഫിക് നിയമമനുസരിച്ചുള്ള വാഹന ഇൻഷൂറൻസ്, ഇഖാമ നിമമനുസരിച്ചുള്ള ആരോഗ്യ ഇൻഷൂറൻസ് എന്നിവക്ക് അന്യായമായ വർദ്ധനവാണ് കഴിഞ്ഞ വർഷം അനുഭവപ്പെട്ടത്. ഇത് രാജ്യത്തെ ജനങ്ങൾക്ക് പ്രയാസം സൃഷ്ടിച്ചിട്ടുണ്ടെന്നും ശൂറ കൗൺസിൽ അംഗം ഡോ. അബ്ദുറഹ്മാൻ അൽഅതവി അഭിപ്രായപ്പെട്ടു.

വാഹനങ്ങളുടെ പെർമിറ്റ് (ഇസ്തിമാറ) പുതുക്കുന്നതിനും കൈമാറ്റത്തിനും അനിവാര്യമായ മോട്ടോർ വെഹിക്കിൾ പിരിയോഡിക്കൽ ഇൻസ്‌പെക്ഷൻ (എം വിപി.ഐ) നടത്താൻ ഒരു സ്വകാര്യ കമ്പനിക്ക് മാത്രം അനുമതി നൽകിയത് കുത്തകവത്കരണത്തിനും നിരക്ക് വർധനവിനും കാരണമായിട്ടുണ്ടെന്ന് ഡോ. മുഹമ്മദ് ആൽ നാജി പറഞ്ഞു. സൗദി മോണിറ്ററി ഏജൻസി (സാമ) ഇടപെട്ട് ഇത്തരം കുത്തക അവസാനിപ്പിക്കണമെന്നും നിരക്ക് നിയന്ത്രണം ഏർപ്പെടുത്തി ആരോഗ്യകരമായ വിപണിമത്സരത്തിന് അവസര മൊരുക്കണമെന്നും ശൂറ അഭിപ്രായപ്പെട്ടു. ഏജൻസികളുടെ എണ്ണം വർധിപ്പിക്കൽ മാത്രമാണ് വിപണി മത്സരം നിലനിർത്താനുള്ള മാർഗമെന്ന് ഡോ. ഖാലിദ് അസ്സൈഫ് കൂട്ടിച്ചേർത്തു.