റിയാദ്: ഉത്തര കൊറിയയിലെ സ്വേഛാധിപതി കിം ജോങ് ഉന്നിന്റെ നീക്കങ്ങളാകും ലോകത്തെ മൂന്നാം ലോകമഹായുദ്ധത്തിലേക്ക് തള്ളിവിടുകയെന്നാണ് അടുത്തകാലം വരെ കരുതിയിരുന്നത്. എന്നാൽ, യഥാർഥ ഭീഷണി പശ്ചിമേഷ്യയിൽനിന്നാണെന്നാണ് പുതിയ വിലയിരുത്തൽ. സൗദി അറേബ്യയുടെ കടുംപിടിത്തവും സമീപകാല ഇടപെടലുകളും ലോകത്തെ മൂന്നാം ലോകയുദ്ധത്തിലേക്ക് തള്ളിവിട്ടാലും അതിശയിക്കേണ്ടതില്ല.

സൗദിയിൽ അഴിമതിക്കെതിരായ പോരാട്ടമെന്ന നിലയ്ക്ക് കഴിഞ്ഞയാഴ്ച നടന്ന നടപടികൾ അത്തരത്തിലൊരു സൂചനകൂടി തരുന്നുണ്ട്. കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഭരണത്തിലേറുന്നതിന് മുന്നോടിയായി നടത്തിയ ശക്തിപ്രകടനമായും ഇത് വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. ഇതിന് പിന്നാലെയാണ് ലെബനൻ പ്രധാനമന്ത്രി സാദ് ഹരീരിയുടെ സൗദിയിലേക്കുള്ള വരവും പ്രധാനമന്ത്രി പദത്തിൽനിന്നുള്ള രാജി പ്രഖ്യാപനവും.

ഹരീരിയെക്കുറിച്ച് ഒരാഴ്ചയായി വിവരമൊന്നുമില്ല. ഹരീരിയെ സൗദി തടവിലാക്കിയിരിക്കുകയാണെന്ന് ലെബനൻ ആരോപിച്ചിട്ടുണ്ട്. ഹരീരിയെ തടവിലാക്കിയത് ലെബനനോടുള്ള യുദ്ധപ്രഖ്യാപനത്തിന് സമാനമാണെന്ന് ഹിസ്ബുള്ള നേതാവ് നസ്‌റള്ളയും പ്രഖ്യാപിച്ചു. ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ളയുടെ പ്രവർത്തനങ്ങൾ അമർച്ച ചെയ്യുന്നതിൽ പരാജയപ്പെട്ടതാണ് ഹരീരി സൗദിക്ക് അനനഭിമതനാകാൻ കാരണമെന്നാണ് വിലയിരുത്തൽ.

ലെബനനെ അസ്ഥിരപ്പെടുത്തുന്നത് ഇറാനാണെന്ന് ഹരീരി സൗദി ടെലിവിഷനിലൂടെ നടത്തിയ രാജി പ്രഖ്യാപനത്തിൽ ആരോപിച്ചിരുന്നു. ഇറാനെതിരെ ലോകരാജ്യങ്ങളെ തിരിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണിതെന്ന് ഇറാൻ വിലയിരുത്തുന്നു. സൗദിയും ഇറാനുമായുള്ള ശത്രുത വർധിക്കുന്നതിനിടെ, ലെബനൻ സംഭവം സംഘർഷം മൂർഛിക്കുന്നതിനും ഇടയാക്കിയിട്ടുണ്ട്. യെമനിനിലെ വിമതർക്കും ഇറാൻ പിന്തുണയുണ്ട്. ഹരീരി രാജി പ്രഖ്യാപിച്ച ദിവസം യെമനിൽനിന്ന് റിയാദ് ലക്ഷ്യമിട്ടുവന്ന മിസൈൽ സൗദി മിസൈൻ പ്രതിരോധ സംവിധാനം പരാജയപ്പെടുത്തിയിരുന്നു.

ഹിസ്ബുള്ളയെയും യെമനിലെ വിമതരെയും ഉപയോഗിച്ച് സൗദിക്കെതിരെ യുദ്ധം നടത്തുകയാണ് ഇറാനെന്ന് മുഹമ്മദ് രാജകുമാരൻ ആരോപിച്ചിരുന്നു. യെമനിലെ ഹൂത്തി വിമതരാണ് മിസൈൽ തൊടുത്തതെങ്കിലും അതിനവരെ കരുത്തരാക്കുന്നത് ഇറാനാണെന്നാണ് സൗദിയുടെ ആരോപണം. ഹിസ്ബുള്ളയ്ക്കും വിമതർക്കും ആയുധങ്ങൾ നൽകുന്നത് ഇറാനാണെന്നും സൗദി ഭരണകൂടം ആരോപിക്കുന്നു. പശ്ചിമേഷ്യയിലെ പ്രബലർ തമ്മിലുള്ള തർക്കം മൂന്നാം ലോകയുദ്ധത്തെ കൊറിയൻ ഉൾക്കടലിൽനിന്നും പശ്ചിമേഷ്യയിലേക്ക് കൊണ്ടുവന്നിരിക്കുകയാണെന്ന് ലോകം വിലയിരുത്തുന്നു.