മ്പത്തിന്റെ നടുവിലാണ് സൗദി രാജാവ് സൽമാന്റെ ജീവിതം. അദ്ദേഹം എവിടെപ്പോയാലും ആ സമ്പത്തിന്റെ ചിഹ്നങ്ങൾ ഉയർന്നുതന്നെ നിൽക്കും. ഇന്തോനേഷ്യ സന്ദർശിക്കാനായി സൽമാൻ രാജാവ് എത്തിയത് സ്വർണവർണത്തിലുള്ള വിമാനത്തിൽ. ജക്കാർത്തയിലെത്തിയ അദ്ദേഹം വിമാനത്തിൽനിന്ന് പുറത്തിറങ്ങിയത് സ്വർണത്തിൽതീർത്ത എസ്‌കലേറ്ററിലൂടെ. ആയിരത്തോളം സഹായികളുമായാണ് സൽമാൻ രാജാവ് ഇന്തോനേഷ്യയിലെത്തിയിട്ടുള്ളത്.

50 വർഷത്തിനിടെ ഇന്തോനേഷ്യ സന്ദർശിക്കുന്ന ആദ്യ സൗദി രാജാവാണ് സൽമാൻ. 81-കാരനായ രാജാവിന്റെ സന്ദർശനം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ഇന്തോനേഷ്യയും. തന്റെ ഒമ്പതു ദിവസത്തെ സന്ദർശനത്തിനിടെ ഉപയോഗിക്കുന്നതിന് ജക്കാർത്ത മോസ്‌കിനോട് ചേർന്ന് തനിക്ക് മാത്രമായി പ്രത്യേകം റെസ്റ്റ് റൂം വേണമെന്ന് രാജാവ് നിഷ്‌കർഷിച്ചിരുന്നു. രണ്ട് എസ്‌കലേറ്ററും രണ്ട് മെഴ്‌സിഡസ് ബെൻസ് ലിമോസിനുമടക്കം 506 ടൺ ലഗേജാണ് സൽമാൻ രാജാവിനൊപ്പം എത്തിയിട്ടുള്ളത്.

ജക്കാർത്ത വിമാനത്താവളത്തിലെത്തിയ സൽമാൻ രാജാവിനെ പ്രസിഡന്റ് ജോക്കോ വിഡോഡോയും ജക്കാർത്ത ഗവർണർ ബാസുകി ത്യാഹജ പുർണമയും ചേർന്ന് സ്വീകരിച്ചു. സ്‌കൂൾ കുട്ടികളടക്കം ആയിരക്കണക്കിനാളുകൾ സൗദി പതാക വീശി അദ്ദേഹത്തെ സ്വീകരിച്ചു. ചന്നം പിന്നം പെയ്യുന്ന മഴയിലേക്കാണ് സൽമാൻ രാജാവ് വന്നിറങ്ങിയത്. അദ്ദേഹത്തെയും വഹിച്ചുകൊണ്ടുള്ള വാഹന വ്യൂഹം കടന്നുപോകുമ്പോൾ റോഡിനിരുപുറവും ഒട്ടേറെപ്പേർ കാത്തുനിന്നിരുന്നു.

ഇന്തോനേഷ്യയുമായുള്ള സൗദിയുടെ സാമ്പത്തിക സഹകരണം ശക്തമാക്കുന്നതിന് ഈ സന്ദർശനം വഴിയൊരുക്കുമെന്ന് പ്രസിഡന്റ് വിഡോഡോ പ്രത്യാശ പ്രകടിപ്പിച്ചു. വെസ്റ്റ് ജാവയിലെ ബോഗോറിൽ കൊട്ടാരസദൃശ്യമായ താമസസൗകര്യമാണ് രാജാവിനായി ഇന്തോനേഷ്യ ഒരുക്കിയിരിക്കുന്നത്. ഏഴ് വിമാനങ്ങളിലായി എത്തിയ അദ്ദേഹത്തിന്റെ അനുചര വൃന്ദത്തിനും ഇവിടെത്തന്നെയാണ് താമസം. മന്ത്രിമാരും 25-ഓളം രാജകുമാരന്മാരും സംഘത്തിലുണ്ട്.

ബാലിയിലെ ആഡംബര ഹോട്ടലുകളെല്ലാം സൗദി സംഘത്തിനായി മാറ്റിവച്ചിരിക്കുകയാണ്. ബോഗോർ കൊട്ടാരത്തിൽ സൗദി രാജാവിനായി ഭക്ഷണമുണ്ടാക്കുന്നതിനുമാത്രം 150-ഓളം ഷെഫുമാരെയാണ് നിയോഗിച്ചിട്ടുള്ളത്. രാജാവിന് ചുറ്റും നൂറോളം സുരക്ഷാഭടന്മാരുണ്ട്. 10,000 പൊലീസുകാർക്കാണ് സന്ദർശനത്തിലുടനീളം സുരക്ഷാച്ചുമതലയ്ക്കായി വിന്യസിച്ചിരിക്കുന്നത്.