റിയാദ്: മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചു ചിലവുചുരുക്കൽ നടപടികളുമായി സൽമാൻ രാജാവ്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ചിലവുചുരുക്കൽ നടപടിക്ക് സൗദി സർക്കാർ ഒരുങ്ങുന്നത്. തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിനുശേഷം പുറത്തിറക്കിയ രാജകല്പനയിലാണ് ചിലവുചുരുക്കൽ നടപടികൾ വിശദീകരിക്കുന്നത്. മന്ത്രിമാരുടെ ശമ്പളം 20% വെട്ടിക്കുറച്ചു.

ശമ്പളം വെട്ടിക്കുറച്ചവരിൽ കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ് ബിൻ നൈഫ്, ഉപകീരിടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ എന്നിവരുൾപ്പെടുന്നു. ശൂറ കൗൺസിൽ അംഗങ്ങളുടെ ആനുകൂല്യവും വെട്ടിക്കുറച്ചിട്ടുണ്ട്. ശൂറ കൗൺസിൽ അംഗങ്ങൾക്കു ലഭിക്കുന്ന കാർ, ഹൗസിങ്, ഫർണിഷിങ് ആനുകൂല്യങ്ങളിൽ 15% കുറവു വരുത്തിയിട്ടുണ്ട്.

ഒക്ടോബർ രണ്ടിന് ആരംഭിക്കുന്ന അടുത്ത ഹിജ്റ വർഷം മുതലാണ് പുതിയ തീരുമാനം നടപ്പിൽവരിക. പൊതുമേഖലയിൽ ജോലി ചെയ്യുന്നവർക്ക് വർഷം തോറുമുള്ള അവധി എടുക്കാത്ത പക്ഷം ഇനി മുതൽ അത് നഷ്ടമാകും. അവധിക്കാലത്ത് ട്രാൻസ്പോർട്ട് അലവൻസും കിട്ടില്ല. സൗദി സ്വദേശികൾക്കും വിദേശികൾക്കും ഇത് ബാധകമായിരിക്കുമെന്നും രാജകല്പനയിൽ പറയുന്നു.

സർക്കാർ അനുവദിക്കുന്ന ലാന്റ്ഫോൺ, മൊബൈൽ ഫോൺ ബില്ലുകൾ മന്ത്രിമാർ സ്വയം വഹിക്കണം. സർക്കാർ മേഖലയിൽ പുതിയ നിയമനങ്ങളും നിർത്തിവെക്കും. ഓവർടൈം അലവൻസും കുറച്ചിട്ടുണ്ട്. ഓവർടൈം തുക അടിസ്ഥാന ശമ്പളത്തിന്റെ പകുതിയിൽ കൂടുതൽ ആകാൻ പാടില്ലെന്നും നിഷ്‌കർഷിച്ചിട്ടുണ്ട്. ഇതുവരെ ഓവർടൈം ജോലി ചെയ്താൽ 25% അധികതുക കിട്ടുമായിരുന്നു. അവധിദിവസങ്ങളിൽ ജോലി ചെയ്താൽ 50% അധിക ശമ്പളവും കിട്ടുമായിരുന്നു. ഈ ആനുകൂല്യങ്ങളെല്ലാമാണ് എടുത്തുകളയുന്നത്. വാർഷിക അവധി പരമാവധി 30 ദിവസമായി നിജപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

പൊതുമേഖലയിൽ ജോലി ചെയ്യുന്നവർക്ക് വർഷം തോറുമുള്ള അവധി എടുക്കാത്ത പക്ഷം ഇനി മുതൽ അത് നഷ്ടമാകും. അവധിക്കാലത്ത് ട്രാൻസ്പോർട്ട് അലവൻസും കിട്ടില്ല. സൗദി സ്വദേശികൾക്കും വിദേശികൾക്കും ഇത് ബാധകമായിരിക്കുമെന്നും രാജകല്പനയിൽ പറയുന്നു.