റിയാദ്: തൊഴിൽ നഷ്ടപ്പെട്ടു ശമ്പളകുടിശിക പോലും ലഭിക്കാതെ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള നീക്കങ്ങൾ നടക്കുമ്പോഴും ബഹുഭൂരിപക്ഷത്തിനും മടങ്ങാൻ മനസുവരുന്നില്ല. കേന്ദ്രസർക്കാർ പ്രതിനിധിയായി മന്ത്രി വി കെ സിങ് തന്നെ പ്രവാസികൾക്ക് അരികിൽ എത്തിയെങ്കിലും ഭാവിയെക്കുറിച്ചുള്ള ആശങ്കയാണു മടങ്ങുന്നതിൽ നിന്ന് ഇവരെ പിന്തിരിപ്പിക്കുന്നത്.

മറ്റു പണി വല്ലതും കിട്ടുമോ എന്നും ശമ്പള കുടിശിക കൃത്യമായി ലഭിക്കുമോ എന്നതുമാണ് ഇവരുടെ ചോദ്യം. മുന്നോട്ടുള്ള ജീവിതം എങ്ങനെ എന്നറിയാതെ ഉഴലുകയാണ് ഈ പാവങ്ങൾ.

സൗദി അറേബ്യയിലും ഒമാനിലും ജോലി നഷ്ടപ്പെട്ട് ദുരിതത്തിലായ നൂറുകണക്കിന് മലയാളികളാണുള്ളത്. ഇവരുടെ ശമ്പളക്കുടിശ്ശികയിലും സേവനാനന്തര ആനുകൂല്യങ്ങളിലുമുള്ള അവ്യക്തത തുടരന്നതിനാലാണ് മടങ്ങിവരവു പ്രതിസന്ധിയിലായത്. ഗൾഫിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാൻ എക്സിറ്റ് വിസ സംഘടിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ഇപ്പോൾ ശ്രമിക്കുന്നത്. എന്നാൽ കുടിശ്ശികയായ ശമ്പളവും ആനുകൂല്യങ്ങളും കിട്ടാതെ മടങ്ങില്ലെന്ന നിലപാടിലാണ് ഭൂരിഭാഗം. ശമ്പളവും ആനുകൂല്യങ്ങളും കിട്ടാതെ മടങ്ങേണ്ടി വരുന്നവർക്ക് അത് നാട്ടിലെത്തിക്കാൻ കഴിയുമോയെന്ന സാധ്യത ആരായുന്നുണ്ട്. അങ്ങനെയൊരു ഉറപ്പ് ലഭിച്ചാലേ അടുത്ത ദിവസം മുതൽ എക്സിറ്റ് വിസ സ്വീകരിച്ച് മലയാളികൾ നാട്ടിലേക്ക് മടങ്ങിയെത്തൂ എന്നാണു ലഭിക്കുന്ന വിവരം.

മലയാളികളടക്കമുള്ള തൊഴിലാളികളുടെ വിവര ശേഖരണം ഇന്ത്യൻ എംബസിയും ജിദ്ദ കോൺസുലേറ്റും തുടങ്ങിയിട്ടുണ്ട്. ജിദ്ദയിലെ അൽ ഖുംറ, ശുമൈസി, റിയാദിലെ ഖാദിസിയ തുടങ്ങിയ ക്യാമ്പുകളിലുള്ളവരുടെ വിവരങ്ങളാണ് ആദ്യ ഘട്ടത്തിൽ ശേഖരിച്ചത്. ഇവരിൽ നിന്ന് ഇഖാമ, പാസ്പോർട്ട് എന്നിവയുടെ വിവരങ്ങൾക്കൊപ്പം ശമ്പളക്കുടിശ്ശികയുടെ വിശദാംശങ്ങളും ശേഖരിക്കുന്നുണ്ട്. എന്നാൽ പലരുടെയും ഇഖാമയുടെ കാലാവധി അവസാനിച്ചിരിക്കുകയാണ്. മിക്കവരുടെയും പാസ്പോർട്ട് കമ്പനിയുടെ കൈവശമാണുള്ളത്. ഇങ്ങനെയുള്ളവരുടെ കാര്യത്തിൽ എന്തു ചെയ്യണമെന്നതിൽ ഇനിയും തീരുമാനമായിട്ടില്ല. പാസ്പോർട്ട് കൈവശമുള്ളവരെയാണ് ആദ്യ ഘട്ടത്തിൽ എക്സിറ്റ് വിസയിലൂടെ നാട്ടിലെത്തിക്കാൻ ശ്രമിക്കുന്നത്.

ഒമാനിൽ പിരിച്ചുവിടാൻ നോട്ടീസ് നൽകിയ മലയാളി നഴ്സുമാരുടെ അവസ്ഥയും ദയനീയമാണ്. പിരിഞ്ഞുപോകുമ്പോഴുള്ള ആനുകൂല്യങ്ങളുടെ കാര്യത്തിൽ പലരോടും വിവേചനം കാണിക്കുന്നതായാണ് പരാതി. ഗ്രാറ്റുവിറ്റിയായി ലഭിക്കേണ്ട തുക മുഴുവൻ ഒരാൾക്കും നൽകിയിട്ടില്ല. ഒരു പ്രത്യേക കരാറിന്റെ അടിസ്ഥാനത്തിൽ പലർക്കും 12 വർഷം കണക്കാക്കിയുള്ള ആനുകൂല്യം മാത്രം നൽകി ഒഴിവാക്കുകയാണ്. ആനുകൂല്യത്തിന്റെ കാര്യത്തിൽ തീരുമാനമാകുന്നതുവരെ നാട്ടിലേക്ക് മടങ്ങേണ്ടതില്ലെന്നാണ് ഇവർ തീരുമാനിച്ചിരിക്കുന്നത്. ഒരായുസ്സ് മുഴുവൻ മരുഭൂമിയിൽ വിയർപ്പൊഴുക്കി നേടിയ സമ്പാദ്യം നഷ്ടപ്പെടുത്തി മടങ്ങുന്നതിൽ അർത്ഥമില്ലെന്നാണ് സൗദിയിൽ കുടുങ്ങിയ മലയാളികളിൽ പലരും പറയുന്നത്. ഓജർ കമ്പനിയിലെ മലയാളി തൊഴിലാളികളിൽ ചിലർക്ക് എട്ട് മാസത്തെ ശമ്പളമാണു കുടിശിക.

ചിട്ടി അടക്കമുള്ള പലവിധ സമ്പാദ്യ പദ്ധതികളിലും തൊഴിലാളികളിൽ ബഹു ഭൂരിപക്ഷവും അംഗങ്ങളാണ്. ഈ തുകകളൊന്നും തിരിച്ചുകിട്ടാതെ നാട്ടിലേക്ക് മടങ്ങാൻ കഴിയില്ലെന്നാണു പലരും പറയുന്നത്. തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെട്ടതറിഞ്ഞ് ചില ചിട്ടി കമ്പനിക്കാർ പണം തിരിച്ചുനൽകാതിരിക്കാൻ സ്ഥലത്ത് നിന്ന് മാറി നിൽക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്.