- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വദേശി നിയമനത്തിൽ വീഴ്ചവരുത്തുന്ന സ്ഥാപനത്തിലെ വിദേശ തൊഴിലാളികളുടെ ഇഖാമ പുതുക്കി നൽകില്ല; നാല് ആഴ്ച്ച വരെ ശമ്പളത്തോടെ പ്രസവാവധി; സൗദി തൊഴിൽ നിയമത്തിലെ പുതിയ പരിഷ്കാരങ്ങൾ ഇങ്ങനെ; പുതിയ നിയമം ആറ് മാസത്തിന് ശേഷം
സൗദി തൊഴിൽ നിയമത്തിൽ അടിമുടി അഴിച്ചുപണിയാൻ സർക്കാർ തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി നിയമത്തിലെ 38 വ്യവസ്ഥകൾ ഭേദഗതി ചെയ്തതായി തൊഴിൽ മന്ത്രി ആദിൽ ഫഖീഹ് അറിയിച്ചു. ഭേദഗതി ആറു മാസത്തിനു ശേഷം പ്രാബല്യത്തിൽ വരും. സ്വദേശിവൽക്കരണത്തിൽ വീഴ്ച വരുത്തുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ വർക് പെർമിറ്റ് പുതുക്കുന്നതിന് വിലക്ക് ഏർപ്
സൗദി തൊഴിൽ നിയമത്തിൽ അടിമുടി അഴിച്ചുപണിയാൻ സർക്കാർ തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി നിയമത്തിലെ 38 വ്യവസ്ഥകൾ ഭേദഗതി ചെയ്തതായി തൊഴിൽ മന്ത്രി ആദിൽ ഫഖീഹ് അറിയിച്ചു. ഭേദഗതി ആറു മാസത്തിനു ശേഷം പ്രാബല്യത്തിൽ വരും.
സ്വദേശിവൽക്കരണത്തിൽ വീഴ്ച വരുത്തുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ വർക് പെർമിറ്റ് പുതുക്കുന്നതിന് വിലക്ക് ഏർപ്പെടുത്തുന്ന നിയമമാണ് ഇതിൽ ഏറ്റവും പ്രധാനം. സ്വദേശിവത്കരണത്തിൽ തൊഴിലുടമ വീഴ്ചവരുത്തിയാൽ അതിന്റെ പ്രത്യാഘാതം തൊഴിലാളികൾ കൂടി അനുഭവിക്കേണ്ടിവരും. ഇഖാമ പുതുക്കാൻ വർക് പെർമിറ്റ് അനിവാര്യമാണെന്നതിനാൽ വിദേശികളുടെ ഇഖാമ പുതുക്കലിനെ നിയമം നേരിട്ട് ബാധിക്കും.
സ്വദേശികൾക്ക് തൊഴിൽ പരിശീലനം നൽകുന്നതിന്റെ അനുപാതവും പുതിയ നിയമത്തിൽ വർധിപ്പിച്ചിട്ടുണ്ട്. അമ്പതും അതിൽ കൂടുതലും ജീവനക്കാരുള്ള സ്ഥാപനം വർഷത്തിൽ ചുരുങ്ങിയത് പഠനം പൂർത്തിയായി പുറത്തിറങ്ങുന്ന 12 സ്വദേശികൾക്കു പരിശീലനം നൽകിയിരിക്കണം. നേരത്തെ ഇത് ആറ് സ്വദേശികൾക്കു മതിയായിരുന്നു. തൊഴിലുടമ പണം ചെലവഴിച്ച് പരിശീലനം നൽകിയ ശേഷം സ്വദേശി ജീവനക്കാരൻ സ്ഥാപനത്തിൽ ജോലിചെയ്യാൻ വിസമ്മതിക്കുകയാണെങ്കിൽ പരിശീലത്തിനു ചെലവായ തിരികെ നൽകണം.
പുതിയ തൊഴിലാളിയുടെ പരിശീലന കാലയളവ് (പ്രബേഷൻ കാലം) 180 ദിവസത്തിൽ കൂടാത്ത വിധം നീട്ടാമെന്നും ഭേദഗതി നിയമം വ്യവസ്ഥ ചെയ്യുന്നു. ഇത്തരത്തിൽ ഒരു തവണ കൂടി പരിശീലനം നീട്ടുന്നതിന് തൊഴിലുടമക്ക് അധികാരമുണ്ടായിരിക്കും. എന്നാൽ തൊഴിലാളി മറ്റൊരു സ്ഥാപനത്തിൽ ചുരുങ്ങിയത് ആറുമാസം പരിശീലനം നേടിയിരിക്കണം.
തൊഴിൽ കരാർ കാലപരിധി മൂന്ന് വർഷത്തിൽ നിന്നും നാലാക്കി ഭേദഗതി ചെയ്തു. കൃത്യമായി കാലപരിധി നിശ്ചയിക്കാത്ത തൊഴിൽ കരാറുകളിൽ തുടർച്ചയായി മൂന്ന് പ്രാവശ്യം കരാർ പുതുക്കിയാൽ ആ കാലം കരാറിന്റെ കാലപരിധിയായി കണക്കാക്കും. യഥാർത്ഥ തൊഴിൽ കരാർ കാലവും പുതുക്കിയ കാലവും ചേർന്ന് നാലു വർഷമായാൽ യഥാർത്ഥ തൊഴിൽ കരാർ, പുതുക്കിയ തൊഴിൽ കരാർ എന്നിവയിൽ കുറഞ്ഞ കാലയളവായിരിക്കും പരിഗണിക്കുക.
ജീവനക്കാരനെ മോശമാക്കി ചിത്രീകരിക്കുന്ന വിധത്തിലോ ഭാവിയിലെ ജോലിയെ ബാധിക്കുന്ന വിധമോ സേവന സർട്ടിഫിക്കറ്റുകൾ തൊഴിലുടമ നൽകാൻ പാടില്ല. ഓരോ സ്ഥാപനത്തിലും തൊഴിലാളികളുടെ പ്രത്യേക സമിതികൾ രൂപീകരിക്കാവുന്നതാണ്. തൊഴിലാളി കളുടെ മേൽ ചുമത്തുന്ന പിഴകൾ ഈ സമിതിയുടെ പരിഗണനയുടെ അടിസ്ഥാനത്തിലായിരിക്കണം. ഇത്തരം സമിതികളില്ലാത്ത
സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കു പിഴയിടുകയാണെങ്കിൽ അതിന് തൊഴിൽ മന്ത്രാലയത്തിന്റെ അംഗീകാരമുണ്ടായിരിക്കണം.
സ്ഥാപനം അടച്ചുപൂട്ടുകയോ മറ്റൊരു ഗണത്തിലേക്കു മാറ്റുകയോ (ഉദാഹരണം-ഹോട്ടൽ ബഖാലയാക്കൽ) അല്ലെങ്കിൽ മറ്റൊരു നിയമ വ്യവസ്ഥയുടെ കീഴിലുള്ള വിഭാഗമാക്കി സ്ഥാപനത്തെ മാറ്റുകയോ ചെയ്യുന്ന ഘട്ടങ്ങളിൽ തൊഴിലാളിയുടെ തൊഴിൽ കാരാർ അവസാനിക്കുന്നതാണ്.
കൃത്യമായ തൊഴിൽ കരാറില്ലാതെ പ്രവർത്തിക്കുന്ന വേളയിൽ തൊഴിലാളി സേവനം അവസാനിപ്പിക്കുകയാണെങ്കിൽ 60 ദിവസം മുമ്പ് രേഖാമൂലം തൊഴിലുടമയെ അറിയിച്ചിരിക്കണം. തൊഴിലുമട സ്ഥാപനം സ്ഥാപനം അടച്ചുപൂട്ടുകയോ മറ്റൊരു ഗണത്തിലേക്കു മാറ്റുകയോ ചെയ്യുമ്പോൾ അക്കാര്യം തൊഴിലാളിയെ 60 ദിവസം മുമ്പ് രേഖാമൂലം തൊഴിലുടമ അറിയിക്കൽ നിർബന്ധമാണ്.
മാസ വേതന വ്യവസ്ഥ പ്രകാരമാണ് ജോലിയെങ്കിൽ 60 ദിവസം മുമ്പും അല്ലാത്ത സാഹചര്യത്തിൽ 30 ദിവസം മുമ്പുമാണ് നോട്ടീസ് നൽകേണ്ടത്. കരാർ കാലപരിധിക്കു ശേഷം ജോലി ചെയ്യുന്ന വേളയിൽ പ്രത്യേക ആനുകുല്യം തേടാൻ തൊഴിലാളിക്ക് അവകാശ മുണ്ടായിരിക്കും.തൊഴിൽ കരാറിന്റെ കാലപരിധിയിൽ പല പ്രാവശ്യങ്ങളിലായി 30 ദിവസം തൊഴിലാളിക്ക് അവധി നൽകണം. എന്നാൽ തുടർച്ചയായി 15 ദിവസത്തിൽ കൂടുതൽ ഹാജരാവാതിരിക്കാൻ തൊഴിലാളിക്ക് അവകാശമുണ്ടാവില്ല. കാരാർ റദ്ദുചെയ്ത് തൊഴിലാളിയെ പിരിച്ചുവിടുകയാണെങ്കിൽ തൊഴിലാളിയുടെ
അവകാശങ്ങളും സേവനാന്തര ആനുകൂല്യവും നൽകിയിരിക്കണം. സ്ഥാപനത്തിന്റെ പ്രവർത്തനത്തിന് വിഘാതമുണ്ടാക്കുകയോ സ്ഥാപന രഹസ്യങ്ങൾ പുറത്തുവിടുകയോ ചെയ്യുന്ന വേളയിൽ തൊഴിലാളിയെ ആനുകൂല്യം നൽകാതെ പിരിച്ചുവിടാം.തൊഴിലാളിയുടെ വേതനം ബാങ്ക് വഴി മാത്രമേ നൽകാവൂയെന്നു വ്യവസ്ഥയിൽ പറയുന്നു. തൊഴിലാളി തൊഴിൽ സ്ഥലത്ത് പരമാവധി 12 മണിക്കൂർ വരെ മാത്രമേ ഒരു ദിവസത്തിൽ ഉണ്ടാവേണ്ടതുള്ളൂ. നരത്തെ ഇത് 11 മണിക്കൂർ വരെയായിരുന്നു. തൊഴിലാളിയുടെ ഭാര്യ, ഭർത്താവ്, മക്കൾ, പേരമക്കൾ, പിതാവ്, മാതാവ്, മുത്തച്ഛൻ, മുത്തശ്ശി തുടങ്ങിയവർ മരണപ്പെടുകയാണെങ്കിൽ അഞ്ചു ദിവസം അവധി (നേരത്തെ മൂന്ന് ദിവസം) നൽകണം. ഭാര്യയുടെ പ്രസവത്തിന് മൂന്നു ദിവസം (നേരത്തെ ഒരു ദിവസം) അവധിക്കു ജീവനക്കാരന് അവകാശമുണ്ടായിരിക്കും.
പഠനാവശ്യത്തിനുള്ള അവധിക്കു തൊഴിലുടമയുടെ അനുമതി വേണം. അനുമതിയില്ലെങ്കിൽ വാർഷികാവധിയിൽ നിന്നും എടുക്കാവുന്നതാണ്. ഈ അവധി തീർന്നാൽ പ്രതിഫലം ഒഴിവാക്കി ജോലിയുടെ ഭാഗമായുള്ള പഠനം നടത്താം. തൊഴിലിനിടെ അപകടങ്ങളിൽ പരിക്കേറ്റാൽ 30 മുതൽ 60 ദിവസം വരെ തൊഴിലെടുക്കാതെ വേതനം നൽകാൻ തൊഴിലുടമ ബാധ്യസ്ഥനാണ്. ജീവനക്കാരികൾക്ക് പ്രസവാവധി നാല് ആഴ്ചയാണ്. ആവശ്യമെങ്കിൽ പ്രതിഫലമില്ലാതെ ഒരു മാസം കൂടി അവധിയെടുക്കാം. ഇതിനു പകരമായി വാർഷിക അവധി വെട്ടിച്ചുരുക്കാൻ പാടില്ല. ഭർത്താവ് മരണപ്പെട്ടതിന് ഇദ്ദ ഇരിക്കുന്ന സ്ത്രീകൾക്ക് നാലു മാസവും 10 ദിവസവും അവധി നൽകണം.
തൊഴിൽ നിയമ ലംഘനങ്ങളിൽ പരമാവധി ഒരു ലക്ഷം റിയാൽ വരെയായിരിക്കും പിഴ. നിയമലംഘനങ്ങളുടെ പേരിൽ 30 ദിവസം വരേയോ എന്നെന്നേക്കുമായോ സ്ഥാപനം അടച്ചിടാൻ മന്ത്രാലയത്തിന് അവകാശമുണ്ടായിരിക്കും. പരിശോധനാ ഉദ്യോഗസ്ഥർക്കും അവരെ സഹായിക്കുന്നവർക്കും പിഴസംഖ്യയുടെ 25% പ്രത്യേക ആനുകൂല്യമായി നൽകാൻ തൊഴിൽ മന്ത്രാലയത്തിന് അവകാശമുണ്ടായിരിക്കും. കൃഷി തൊഴിലാളികളേയും 500 ടണ്ണിൽ താഴെ ഭാരം വരുന്ന കപ്പലിലെ വിദേശികളായ തൊഴിലാളികളേയും ഗാർഹിക തൊഴിലാളികളുടെ പരിധിയിൽ ഉൾപ്പെടുത്തും.