റിയാദ്: തൊഴിൽ നഷ്ടപ്പെട്ട രാജ്യത്ത് കുടുങ്ങിയവർക്ക് ഇഖാമ സൗജന്യമായി പുതുക്കി നൽകുമെന്ന് സൗദി. തൊഴിൽ മന്ത്രാലയമാണ് ഇതു സംബന്ധിച്ച കാര്യം വ്യക്തമാക്കിയത്. സൗജന്യ ഫൈനൽ എക്സിറ്റ് വിസ നൽകുമെന്നും മന്ത്രാലയം ഉറപ്പു നൽകിയിട്ടുണ്ട്. സൗദി തൊഴിൽ മന്ത്രാലയത്തിന്റെ മക്കാ മേഖലാ ഡയറക്ടറുമായി ഭാരത കോസുലേറ്റ് ജനറൽ നടത്തിയ ചർച്ചയിലാണ് ഉറപ്പു ലഭിച്ചത്.

ഹജ്ജ് വിമാനങ്ങൾ തിരിച്ചു പോകുമ്പോൾ ഒപ്പം മടങ്ങാനും അനുമതി നൽകുമെന്നാണ് സൂചനകൾ. ഇന്ത്യക്കാരായ തൊഴിലാളികളുടെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കുമെന്നും മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു.

ഫൈനൽ എക്സിറ്റിൽ പോകുന്നവരുടെ ശമ്പള കുടിശ്ശികയും മറ്റു ആനുകൂല്യങ്ങളും കോൺസുലേറ്റ് ഏറ്റെടുക്കുമെന്നും കോൺസുൽ ജനറൽ അറിയിച്ചു. തൊഴിലാളികൾ കോൺസുലേറ്റിനെ രേഖാമൂലം ചുമതല ഏൽപ്പിച്ചാൽ കമ്പനിയിൽ നിന്നും ലഭിക്കുന്ന തുക നാട്ടിലേക്ക് എത്തിക്കും. നാട്ടിലേക്ക് പോകുന്നവർക്ക് സൗജന്യമായി അന്തിമ എക്സിറ്റ് വിസ നൽകും. വേറെ ജോലി കണ്ടെത്തുന്നവർക്ക് പുതിയ കമ്പനിയിലേക്ക് സ്പോൺസർഷിപ് മാറാൻ ഫീസ് ഈടാക്കില്ലെന്നും മന്ത്രാലയം മക്ക പ്രവിശ്യ ഡയറക്ടർ ജനറൽ അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഒലയാൻ ഉറപ്പ് നൽകി.

സൗദിയിലെ ഏറ്റവും വലിയ കോൺട്രാക്ടിങ് കമ്പനിയായ സൗദി ഓജർ കഴിഞ്ഞയാഴ്ച പൂർണമായും പ്രവർത്തനം നിർത്തിയതോടെയാണ് നിരവധി തൊഴിലാളികൾ ദുരിതത്തിലായത്. 2500 ഇന്ത്യൻ തൊഴിലാളികൾ ഇത്തരത്തിൽ പ്രതിസന്ധിയിലായിട്ടു ണ്ടെന്നാണ് റിപ്പോർട്ട്. ഏഴുമാസത്തോളം കമ്പനി തൊഴിലാളികൾക്കു വേതനം നൽകിയിരുന്നില്ല. 10 ദിവസം മുമ്പ് ക്യാമ്പിലെ മെസും നിർത്തിയതോടെ തൊഴിലാളികൾ പട്ടിണിയിലാവുകയായിരുന്നു.

സൗദി ഓജർ കമ്പനിയിലെ ആയിരക്കണക്കിന് തൊഴിലാളികൾക്ക് ജോലി നൽകാൻ സൗദിയിലെ തന്നെ ചില കമ്പനികൾ മുന്നോട്ടു വന്നിട്ടുണ്ട്. ജിദ്ദയിലും മക്കയിലും ത്വായിഫിലുമായി ആറ് ലേബർ ക്യാമ്പുകളിലായി 2,450 ഇന്ത്യക്കാരാണ് ദുരിതമനുഭവിക്കുന്നത്. കൂടാതെ റിയാദിലും ദമാമിലുമായി 4,600 ഇന്ത്യക്കാരും ലേബർ ക്യാമ്പുകളിലുണ്ട്.