മാസങ്ങളായി ശമ്പളം മുടങ്ങിയതുകാരണം പ്രയാസമനുഭവിക്കുന്ന സൗദി ഓജർ, ബിൻ ലാദിൻ തുടങ്ങിയ കമ്പനികളിലെ മുഴുവൻ ജീവനക്കാർക്കും സർക്കാർ ആശുപത്രികളിൽ സൗജന്യമായി ചികിൽസ നൽകുമെന്ന് സൗദി അധികൃതർ അറിയിച്ചു. സൗദി തൊഴിൽ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതോടെ ഈ കമ്പനികളിൽ ജോലി ചെയ്യുന്ന മുഴുവൻ ജീവനക്കാർക്കും ആനുകൂല്യം ലഭിക്കും.

കരാറിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ മെഡിക്കൽ സിറ്റികളിലൊഴികെയുള്ള മുഴുവൻ സർക്കാർ ആശുപത്രികളിലും എമർജൻസിയല്ലാതെതന്നെ സാധാരണ രീതിയിൽ ജീവനക്കാർക്ക് ചികിൽസ തേടാനാവും. എന്നാൽ അത്യാവശ്യമെന്നുകണ്ടാൽ മെഡിക്കൽ സിറ്റികളിലേക്കും ചികിൽസ നൽകുന്ന ആശുപത്രികൾക്ക് രോഗിയെ റഫർ ചെയ്യാം. സർക്കാർ ആശുപത്രികൾ രോഗിയുടെ ചികിൽസ ചിലവുകളുടെ ബില്ലുകൾ തൊഴിൽ മന്ത്രാലയത്തിന് കൈമാറും.

വേതനം താമസിച്ചതുകാരണം പ്രയാസപ്പെടുന്ന മുഴുവൻ ജീവനക്കാരുടെയും പ്രശ്‌നങ്ങൾ ഉടനെ പരിഹരിക്കണമെന്ന സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ നിർദ്ദേശം കണക്കിലെടു ത്താണ് ചികിൽസ പദ്ധതി നടപ്പാക്കുന്നതെന്ന് ഡാ. മുഫ്രിജ് അൽഹഖ്ബാനി പറഞ്ഞു. ഇത്തരം ജീവനക്കാർക്ക് സൗജന്യമായി നിയമ സഹായം ലഭ്യമാക്കാനും ഫൈനൽ എക്‌സിറ്റിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് ദേശീയ വിമാനക്കമ്പനിയായ 'സൗദിയ' വഴി സൗജന്യ ടിക്കറ്റ് ലഭ്യമാക്കാനും സൽമാൻ രാജാവ് ഉത്തരവിട്ടിരുന്നു.